
കേരളത്തിലെ അതിപുരാതനവും ഒറ്റക്കല്ലിൽ കൊത്തിയെടുത്തതുമായ ക്ഷേത്രമാണ് കോട്ടുക്കൽ ഗുഹാക്ഷേത്രം. ഈ ക്ഷേത്രത്തിന് പ്രത്യേകതകളേറെയാണ്. ഗജവീരൻ കിടക്കുന്നതുപോലെ തോന്നിപ്പിക്കുന്ന ഈ ഗുഹാക്ഷേത്രത്തിന്റെ ഐതീഹ്യവും പ്രത്യേകതകളും അറിയാം. കൊല്ലം ജില്ലയിലെ കടയ്ക്കലിനടുത്തുളള ഇട്ടിവ ഗ്രാമപഞ്ചായത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കേരളസർക്കാരിന്റെ പുരാവസ്തു വകുപ്പിന്റെ സംരക്ഷണനയിലാണ് കോട്ടുക്കൽ ഗുഹാക്ഷേത്രം. ഈ ക്ഷേത്രം നിർമിച്ച കൃത്യമായ കാലഘട്ടമോ ആരാണ് രൂപകൽപ്പന ചെയ്തതെന്നോയുളള വ്യക്തമായ അറിവ് ലഭ്യമല്ല. എന്നാലും പാണ്ഡ്യരാജാക്കൻമാരുടെ കാലത്താണ് നിർമിച്ചതെന്ന് കരുതുന്നു. പല ചരിത്രഗവേഷകരും കോട്ടുക്കൽ ഗുഹാക്ഷേത്രത്തെക്കുറിച്ചുളള അന്വേഷണം നടത്തിയതിന്റെ തെളിവുകൾ ചരിത്രരേഖകൾ പരിശോധിച്ചാൽ ബോദ്ധ്യപ്പെടും. ഇത് കുറ്റിക്കൽ ക്ഷേത്രം എന്നും അറിയപ്പെടുന്നുണ്ട്.
ഐതീഹ്യങ്ങൾ
ഏകശിലയിൽ കൊത്തിയെടുത്തതാണ് ഈ ഗുഹാക്ഷേത്രം. ശിവന്റെ ഭൂതഗണങ്ങൾ ചുമന്നുകൊണ്ട് വന്ന ഒരു പാറയെക്കുറിച്ച് ശിവഭക്തനായ സന്ന്യാസിക്ക് സ്വപ്നദർശനം ലഭിക്കുകയും അദ്ദേഹം ഈ പാറയിൽ ശിവക്ഷേത്രം കൊത്തിയെടുത്തുവെന്നാണ് ഒരു കഥ. മറ്റൊന്ന് ശിവഭക്തരായ രണ്ട് ദേവതകൾ ബ്രാഹ്മ മൂഹൂർത്തത്തിൽ ക്ഷേത്രസ്ഥാപനം നടത്തുകയെന്ന ഉദ്ദേശത്തിൽ ആകാശമാർഗത്തിൽ സഞ്ചരിക്കുകയും ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തെത്തിയപ്പോൾ കോഴികൂവുകയും ചെയ്തു. അപ്പോഴത് സൂര്യോദയമാണെന്ന് കരുതി കൊണ്ടുവന്ന ശില ഇവിടെ സ്ഥാപിച്ചു.

എഡി ഏഴാം നൂറ്റാണ്ടിനും പതിനൊന്നാം നൂറ്റാണ്ടിനുമിടയ്ക്ക് ക്ഷേത്രം നിർമിച്ചതായി കരുതപ്പെടുന്നു. 11 സെന്റ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേൽനോട്ടത്തിലാണ് പൂജയും മറ്റുളള കാര്യങ്ങളും നടക്കുന്നത്. കുംഭമാസത്തിലെ ശിവരാത്രിയിലാണ് ഉത്സവം നടക്കുന്നത്. യന്ത്രങ്ങളുടെ സഹായമൊന്നും ലഭ്യമല്ലാത്ത ആ കാലത്ത് കൊത്തിയെടുത്ത ഗുഹാക്ഷേത്രത്തിൽ ശിവപ്രതിഷ്ഠയാണുളളത്. ശിവന് കാവലായി ഭൂതഗണം ശൂലധാരിയായ കാവൽക്കാരനുമുണ്ട്.
ഗജവീരൻ കിടക്കുന്നതുപോലെ
ശിലാരൂപങ്ങളാൽ സമ്പന്നമാണ് കോട്ടുക്കൽ ക്ഷേത്രം.നന്ദിയുൾപ്പടെയുളള ശിവഭഗവാന്റെ ഭൂതഗണങ്ങൾ പാറ ചുമന്ന് ഇവിടെയെത്തിയപ്പോൾ ഇവിടെ ഉണ്ടായിരുന്ന ചുമ്മാട് പാറയിൽ ചാരിവച്ചെന്നും അങ്ങനെയാണ് കിടക്കുന്ന ആനയുടെ രൂപത്തിലുളള പാറ രൂപപ്പെട്ടതുമെന്നുമാണ് ഐതീഹ്യം. ക്ഷേത്രമുറ്റത്തെ വറ്റാത്ത കിണറും സവിശേഷതയാണ്.
പ്രതിഷ്ഠ
ക്ഷേത്രത്തിന് പ്രധാനമായും സമചതുരാകൃതിയിലുളള രണ്ട് മുറികളാണ് ഉളളത്. ഒരു മുറിയുടെ മദ്ധ്യഭാഗത്ത് ശിവപ്രതിഷ്ഠയും രണ്ട് മുറികൾക്കും മുൻപിലായി നന്ദിയുടെ പ്രതിഷ്ഠയുമുണ്ട്. വലത്തേ മുറിയുടെ മുൻ ഭിത്തിയിൽ ഹനുമാന്റെ രൂപം കൊത്തിവച്ചിരിക്കുന്നു. ഇടതുഭിത്തിയിൽ ഗണപതിരൂപവും കാണാം. കൽതൃക്കോവിൽ ക്ഷേത്രവും പാറയിലാണ്. അഷ്ടകോണിൽ നിർമിച്ചിരിക്കുന്ന മണ്ഡപം ഭക്തരെ ആകർഷിക്കുന്ന വിധത്തിലാണ്. ശിവക്ഷേത്രത്തിന് മുന്നിൽ ദ്വാരപാലകന്റെയും ഹനുമാന്റെയും നിൽക്കുന്ന രീതിയിലുള്ള ശില്പം പല്ലവ കാലഘട്ടത്തെ ഓർമിപ്പിക്കുന്ന തരത്തിലാണ്. സാധാരണ ശിവക്ഷേത്രങ്ങളിൽ പൂർണ പ്രദക്ഷണം നടത്താൻ പാടില്ലെന്നാണ്. അതിനാൽത്തന്നെ പല ശിവക്ഷേത്രങ്ങളിലും അതിനായി പ്രത്യേക സജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. എന്നാൽ കോട്ടുക്കൽ ഗുഹാക്ഷേത്രത്തിൽ എത്തിന്ന ഭക്തർക്ക് പ്രദക്ഷണം പൂർത്തിയാക്കാവുന്നതാണ്.

ചരിത്രവിദ്യാർത്ഥികൾ എത്തുന്നു
ചരിത്രിവിദ്യാർത്ഥികൾ ഒരു സമയത്ത് കൂടുതലായി കോട്ടുക്കൽ ഗുഹാക്ഷേത്രം കാണാനും പഠിക്കുവാനും എത്തിയിരുന്നു. ഇപ്പോഴും നിരവധി ആളുകൾ ഇവിടെ എത്തുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. കുംഭമാസത്തിലെ ശിവരാത്രിയിലാണ് ഇവിടെ ഉത്സവം നടക്കാറുളളത്. ക്ഷേത്രത്തിന്റെ പുനർനിർമാണവും സർക്കാരിന്റെ മേൽനോട്ടത്തിലാണ് നടന്നത്. ക്ഷേത്രത്തിന് സ്ഥതിചെയ്യുവാൻ സ്ഥലപരിമിതിയുളളതിനാൽ ഭക്തജനങ്ങളുടെ പങ്കാളിത്തത്തോടെ 65 സെന്റ് സ്ഥലം വിലയ്ക്കുവാങ്ങി ദേവസ്വം ബോർഡിന് നൽകുകയായിരുന്നു. അടുത്തിടെ 38 ലക്ഷം രൂപ ചെലവഴിച്ച് പുരാവസ്തു വകുപ്പ് ഇളമതിൽ നിർമിച്ചിരുന്നു.
കേരളചരിത്രപഠനത്തെ സഹായിക്കുന്നതാണ് ഗുഹാക്ഷേത്രമെന്ന് പ്രശസ്ത ചരിത്രകാരൻ പ്രൊഫസർ എ ശ്രീധരമേനോൻ സാംസ്‌കാരികചരിത്രമെന്ന പുസ്തകത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വിദേശികളടക്കം നിരവധിയാളുകളും ഈ ക്ഷേത്രം സന്ദർശിക്കാനായി എത്തുന്നുണ്ട്. അതിനാൽത്തന്നെ കോട്ടുക്കൽ ഗുഹാക്ഷേത്രം വിനോദസഞ്ചാരത്തിനും പുതിയൊരു സാദ്ധ്യത കൂടി തുറന്നുനൽകുകയാണ്. കൊല്ലം ജില്ലയിലെ തന്നെ ജഡായുപ്പാറ സന്ദർശിക്കാൻ എത്തുന്നവരും ഇവിടേക്ക് വരുന്നുണ്ട്.