marias-natural

കൈപ്പുണ്യത്തിന്റെ പാരമ്പര്യവുമായി ആലപ്പുഴക്കാരി മരിയ സാജൻ ആവിഷ്‌ക്കരിച്ച മരിയാസ് നാച്ചുറൽസ്, ഇന്ന് കോടികൾ വിറ്റുവരവുള്ള ലോകപ്രശസ്ത ഹോംമെയ്ഡ് ബ്രാൻഡാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഹെയർ ഓയിൽ മുതൽ ബേബി ഫുഡ് വരെയുള്ള മരിയാസിന്റെ തനത് പ്രകൃതിദത്ത ഉത്പന്നങ്ങൾ എട്ട് ലക്ഷത്തിലധികം ഉപഭോക്താക്കളുടെ കരങ്ങളിലെത്തിക്കഴിഞ്ഞു. ഒരിക്കൽ ഉപയോഗിച്ചവർ പിന്മാറാൻ ചിന്തിക്കാത്ത മാജിക്കാണ് കേരളത്തിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മരിയാസ് നാച്ചുറൽസിന്റെ ഉത്പന്നങ്ങൾ. അഞ്ച് മക്കളെയും നോക്കി വീടിന്റെ ചുമരുകൾക്കുള്ളിൽ ഒതുങ്ങിപ്പോകാൻ സാദ്ധ്യതയുണ്ടായിരുന്ന ജീവിതത്തെ സംരംഭകയെന്ന നിലയിലേക്ക് ഉയർത്തിയതിന് പിന്നിൽ തോറ്റുകൊടുക്കാൻ മനസില്ലാത്ത പെണ്ണിന്റെ നിശ്ചയദാർഢ്യവും, മനസറിഞ്ഞ് ഒപ്പം നിന്ന ഭർത്താവിന്റെ പിന്തുണയുമുണ്ട്. അഞ്ചാമത്തെ പ്രസവത്തിന് വേണ്ടി വിദേശത്ത് നിന്ന് നാട്ടിലെത്തിയ മരിയ അപ്രതീക്ഷിതമായിട്ടാണ് സംരംഭകയായി മാറിയത്.

കൊവിഡ് കാലത്ത് തുടക്കം

ആലപ്പുഴ മാമൂട് കൃപാഭവനിൽ മരിയയുടെ അമ്മ പ്രസന്നകുമാരിയും, മുത്തശ്ശി കമലാക്ഷിയമ്മയും അറുപത് വർഷത്തിലധികമായി പ്രസവരക്ഷാ മരുന്നുകൾ തയാറാക്കുന്നതിൽ പ്രശസ്തരായിരുന്നു. കേട്ടറിഞ്ഞെത്തുന്ന ധാരാളം ഉപഭോക്താക്കളാണ് അമ്മമാർ തയാറാക്കുന്ന ഉരുക്കുവെളിച്ചണ്ണ, കൺമഷി, നവജാത ശിശുക്കൾക്കുള്ള മസാജ് ഓയിൽ, ഹെയർ ഓയിൽ തുടങ്ങിയവയ്ക്കുണ്ടായിരുന്നത്. കൊവിഡ് കാലത്ത് ആവശ്യക്കാർക്ക് വീട്ടിലെത്താൻ മാർഗമില്ലാതായി. അക്കലാത്താണ് വിദേശത്തായിരുന്ന മരിയയും സാജനും നാല് മക്കളും നാട്ടിലെത്തുന്നത്. അന്ന മരിയ അഞ്ച് മാസം ഗർഭിണിയായിരുന്നു. അമ്മമാരുടെ ഉത്പന്നങ്ങൾ എങ്ങനെയെങ്കിലും എത്തിച്ചുകൊടുക്കണമെന്നാവശ്യപ്പെട്ട് സ്ഥിരം ഉപഭോക്താക്കളുടെ ഫോൺ കോളുകൾ കൂടിയപ്പോൾ പാക്ക് ചെയ്ത് പോസ്റ്റൽ മാർഗ്ഗം അയച്ചുകൊടുത്തു. താമസിയാതെ ആവശ്യക്കാർ കൂടി. പ്രതിദിനം നൂറിലധികം കൊറിയറിലേക്കും, ആയിരത്തിലധികം ഓർഡറിലേക്കും ഉയർന്നു. വീട്ടിൽ ആവശ്യത്തിനനുസരിച്ച് ഉത്പന്നങ്ങൾ നിർമ്മിക്കാൻ പരിമിതി നേരിട്ടു. ആദ്യം അഞ്ചുലിറ്റർ, പിന്നെ പത്ത്, അമ്പത്, നൂറ് അങ്ങനെ ഓരോ മാസവും ഹെയർ ഓയിലിനുള്ള ആവശ്യക്കാരുടെ എണ്ണം കൂടി വന്നു. ആവശ്യക്കാരുണ്ടെന്ന ധൈര്യത്തിൽ സംരംഭം വിപുലപ്പെടുത്താൻ മരിയ തീരുമാനിച്ചു. സർക്കാരിന്റെ ഡ്രഗ് ലൈസൻസ് നേടി. ഡോക്ടർ, കെമിസ്റ്റ്, ബോട്ടണിസ്റ്റ് തുടങ്ങി വിവിധ പോസ്റ്റുകളിൽ വിദഗ്ദ്ധരെ നിയമിച്ചു. ഇന്ന് ഹെയർ കെയർ ഓയിലടക്കം 60 ലധികം ഉത്പന്നങ്ങളാണ് മരിയാസ് നാച്ചുറൽസ് ബ്രാൻഡിൽ പുറത്തിറങ്ങുന്നത്. ഇന്ത്യൻ സർക്കാരിന് പുറമേ, യു.കെ, യു.എ.ഇ സർട്ടിഫിക്കേഷൻ കൂടി സ്വന്തമാക്കിയ കേരളത്തിലെ ആദ്യ ഹോം മെയ്ഡ് ബ്രാൻഡാണ് മരിയാസ് നാച്ചുറൽസ്.


ഉയരങ്ങൾ കീഴടക്കാൻ
ഉറച്ച മനസ്

എൽ.എൽ.ബി വിദ്യാർത്ഥിയായിരിക്കെയാണ് മരിയയെ സാജൻ മിന്നുകെട്ടിയത്. വിദേശത്ത് സർക്കാർ സർവീസിലുള്ള സാജന് കൂട്ടായി വർഷങ്ങൾ നീണ്ട പ്രവാസ ജീവിതം. അമ്മമാർ നാട്ടിൽ നിന്നയക്കുന്ന ഹെയർ ഓയിലും, മരുന്നുകളുമാണ് ഉപയോഗിച്ചു പോന്നത്. അറബി വനിതകൾ ഉൾപ്പടെ നേരിൽ വന്ന് ഇടതൂർന്ന മുടിയുടെ രഹസ്യം ചോദിക്കുമായിരുന്നു. അവർക്ക് വേണ്ടി അവിടെ ലഭ്യമാകുന്ന ആയുർവേദ ഉത്പ്പന്നങ്ങൾ ഏതെല്ലാമെന്ന് പറഞ്ഞുകൊടുക്കുമായിരുന്നെങ്കിലും, നാട്ടിലെ സംരംഭത്തിന് വിദേശത്ത് മാർക്കറ്റുണ്ടാക്കണമെന്ന് അന്ന് ചിന്തിച്ചിരുന്നില്ല. ചെറുപ്പം മുതൽ കാണുന്നതാണെങ്കിലും, നാട്ടിൽ തിരിച്ചെത്തിയതോടെയാണ് അമ്മയ്‌ക്കൊപ്പം ചേർന്ന് എണ്ണ തയാറാക്കാൻ ശാസ്ത്രീയമായി പഠിച്ചത്. കൊവിഡിന്റെ രണ്ടുവർഷം കൊണ്ട് തന്നെ ആയിരത്തിലധികം ഉപഭോക്താക്കളിലേക്ക് ഉത്പന്നം വളർന്നു. ഇപ്പോൾ പ്രതിമാസം മൂന്ന് ടൺ ഹെയർ ഓയിലാണ് മരിയാസ് നാച്ചുറൽസിന്റെ ഫാക്ടറിയിൽ തയാറാക്കുന്നത്. കുങ്കുമപ്പൂവിന്റെ ഫെയ്സ് ക്രീം, ഫൈവ് ഫ്ളവർ ബോഡി ക്രീം, അംല ഇൻഡിഗോ ഷാമ്പൂ തുടങ്ങി ഒട്ടേറെ പുതിയ ഉത്പന്നങ്ങൾ റിസർച്ച് ചെയ്ത് തയാറാക്കുന്നുണ്ട്.

പരമ്പരാഗത ശൈലി

വലിയ അളവിൽ ഉത്പാദനം തുടങ്ങിയപ്പോഴും പരമ്പരാഗതമായ രീതിയിൽ തന്നെ എല്ലാം ചെയ്യാൻ മരിയ ശ്രദ്ധിക്കുന്നുണ്ട്. ഓട്ടുരുളിയിൽ, വിറകടുപ്പിൽ അങ്ങാടി മരുന്നുകളും പച്ചമരുന്നുകളും ചേർത്താണ് ഓരോ ഉത്പന്നവും തയാറാക്കുന്നത്. ഗുണമേന്മ പരിശോധിക്കാൻ ആയുർവേദ ഡോക്ടറുടെ സാന്നിദ്ധ്യവും നിർമ്മാണവേളയിൽ ഉറപ്പുവരുത്തും. നിലവിൽ മൂന്ന് ഡോക്ടർമാർ, കെമിസ്റ്റ്, ബോട്ടണിസ്റ്റ് അടക്കം 16 ജീവനക്കാരുണ്ട്. ലാബ് ടെസ്റ്റിംഗ് അടക്കം പൂർത്തിയാക്കിയാണ് ഓരോ ഉത്പന്നവും വിപണിയിലെത്തിക്കുന്നത്. ഗുണമേന്മയിൽ ഒരുവിധ വിട്ടുവീഴ്ചയുമില്ല. പാക്കിംഗ് അടക്കമുള്ള കാര്യങ്ങൾക്ക് അത്യാധുനിക യന്ത്രസംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ഡോക്ടറുടെ സൗജന്യസേവനവും ലഭ്യമാണ്. ഉത്പന്നങ്ങൾ നിർമ്മിക്കാനാവശ്യമായ ആയുർവേദ മരുന്നുകളും ചെടികളുമെല്ലാം കഴിവതും സ്വയം കൃഷി ചെയ്‌തെടുക്കുന്നതാണ് മരിയയുടെ രീതി. കൂടാതെ മറ്റ് ഉൽപന്നങ്ങൾ ഫാമുകളിൽ നിന്ന് നേരിട്ട് വാങ്ങും. കാട്ടിൽ ലഭ്യമാകുന്ന ചെടികളടക്കം എത്തിക്കാൻ കൂട്ടായ്മയുണ്ട്.
ഞങ്ങൾ നിർമിക്കുന്ന ഉൽപന്നങ്ങൾ ഉപയോഗിച്ചവർക്ക് കിട്ടുന്ന ഫലം തന്നെയാണ് ഞങ്ങൾക്കുള്ള അംഗീകാരം. മൗത്ത് പബ്ലസിറ്റിയിലൂടെയാണ് മരിയാസ് ഇന്ന് കാണുന്ന രീതിയിലേക്ക് വളർന്നത്. അഞ്ചുലിറ്ററിൽ ഹെയർകെയർ ഓയിൽ ഉത്പാദിപ്പിച്ച് തുടങ്ങിയ ഞങ്ങൾ ഇന്ന് പ്രതിമാസം മൂന്ന് ടൺ എന്ന തോതിലേക്ക് വളർന്നു. ഒന്നിൽ നിന്ന് 60 ഉത്പന്നങ്ങളിലേക്ക് മാറിക്കഴിഞ്ഞതായും മരിയ സാജൻ പറയുന്നു.

ഒന്നിൽ നിന്ന് 60 ലേക്ക്
തലമുടിയുടെ വളർച്ചയ്ക്ക് 68 ലധികം പച്ചമരുന്നുകൾ ചേർത്തു പരമ്പരാഗതമായ രീതിയിൽ തയ്യാറാക്കുന്ന ഹെയർ കെയർ ഓയിലാണ് തുടക്കം. ഇതിന് കിട്ടിയ വലിയ സ്വീകാര്യതയാണ് മറ്റ് ഉൽപന്നങ്ങൾ ആരംഭിക്കാൻ പ്രചോദനമായത്. മരിയയുടെ മക്കളുടെ ശരീര സംരക്ഷണത്തിനും മറ്റുമായി അമ്മ പലവിധ ഓയിലുകളും മരുന്നുകളും ഉണ്ടാക്കി നൽകിയിരുന്നു. ഹെയർ കെയർ ഓയിൽ വിജയമായതോടെ അമ്മ വീട്ടിൽ നിർമ്മിച്ചിരുന്ന ബേബി കെയർ ഉൽപന്നങ്ങളും മരിയാസിന്റെ ബ്രാൻഡിൽ നിർമ്മാണം ആരംഭിച്ചു. അതിവേഗം ആ ഉത്പന്നങ്ങളും ജനങ്ങൾ ഏറ്റെടുത്തു. നവജാത ശിശുക്കൾ മുതൽ എല്ലാപ്രായക്കാർക്കും വരെ ഉപയോഗിക്കാവുന്ന ഹെയർ കെയർ, സ്‌കിൻ കെയർ, ബേബി കെയർ വിഭാഗങ്ങളിലായി 60 ഉൽപന്നങ്ങൾ മരിയാസിൽ ഇപ്പോൾ നിർമ്മിക്കുന്നുണ്ട്. മുപ്പതോളം സ്ത്രീകൾക്ക് പ്രത്യക്ഷമായും നൂറോളം പേർക്ക് പരോക്ഷമായും ജോലി നൽകുന്നുണ്ട്.


സ്വപ്നമായി ആതുരാലയം
എൽ.എൽ.ബിയാണ് പഠിച്ചതെങ്കിലും സാമൂഹ്യസേവനത്തോടായിരുന്നു മരിയക്ക് താത്പര്യം. സംരംഭം തുടങ്ങിയതോടെ സ്ത്രീ എന്ന നിലയിൽ സാമ്പത്തിക സ്വാതന്ത്യം നേടാനും കുറച്ച് സ്ത്രീകൾക്ക് ജോലി നൽകാനും സാധിച്ചു. അവർ ഓരോരുത്തരും കഷ്ടതകൾ നേരിടുന്നവരാണ്. സ്വന്തമായി ജോലി ചെയ്ത് സമ്പാദിച്ച് അഭിമാനത്തോടെ ജീവിക്കാൻ ആ സ്ത്രീകൾക്ക് സാധിക്കുന്നു. ജീവനക്കാരെ നിയമിക്കുമ്പോൾ അതിൽ വലിയ ശതമാനം സ്ത്രീകളായിരിക്കണം എന്ന തീരുമാനം മരിയ ആദ്യമേ എടുത്തിരുന്നു. മക്കൾ അൽപ്പം കൂടി വളർന്നശേഷം എൽ.എൽ.ബി പൂർത്തിയാക്കണം. മരിയാസ് നാച്ചുറൽസിനെ വളർത്തി ഒരു ക്ലിനിക്കായും ഹോസ്പിറ്റലായും വളർത്തുകയാണ് മരിയയുടെ സ്വപ്നം. നിലവിൽ മരിയാസ് നാച്ചുറൽസിന്റെ സ്വന്തം വെബ്‌സൈറ്റ്, ഫ്ളിപ്ക്കാർട്ട്, ആമസോൺ, മീഷോ തുടങ്ങിയ ഓൺലൈൻ സൈറ്റുകൾ വഴിയാണ് പ്രധാന വിൽപ്പന. ഒരുവർഷത്തിനകം ഓഫ് ലൈനായി എല്ലാ കടകളിലും ഉത്പന്നങ്ങൾ എത്തിക്കും. സംരംഭം വളർന്നതോടെ സാജൻ വിദേശത്തെ ജോലി ഉപേക്ഷിച്ചു. ഇപ്പോൾ മരിയാസിന്റെ മാർക്കറ്റിംഗ്, പരസ്യം തുടങ്ങിയ വിഭാഗങ്ങളുടെ ചുമതല വഹിക്കുന്നു. ഒമ്പതാം ക്ലാസുകാരി കൃപ മരിയ ജോസഫ്, അഞ്ചാം ക്ലാസുകാരി അമല മരിയ ജോസഫ്, മൂന്നാം ക്ലാസുകാരൻ സാംസൺ പി.മാത്യു, ഒന്നാം ക്ലാസുകാരൻ സാവിയോ പി.മാത്യു, യു.കെ.ജി വിദ്യാർത്ഥി സാന്റോ പി.മാത്യു എന്നിവരാണ് മക്കൾ. അമ്മ പ്രസന്നകുമാരിയും സഹോദരൻ പൈലറ്റ് ട്രെയിനി രാഹുൽ മാർട്ടിനും പിന്തുണയുമായി ഒപ്പമുണ്ട്.

കസ്റ്റമർ കെയർ
81118 40400, 62354 47004, 90488 88395

www.mariasnaturals.com