kb-ganesh-kumar-

കാസർകോട്: അപകടത്തിൽ പെടുന്ന സ്വകാര്യബസുകളുടെ പെർമിറ്റ് റദ്ദാക്കുമെന്ന ഗതാഗതവകുപ്പ് മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേർസ് ഫെഡറേഷൻ കാസർകോട് ജില്ലാ കമ്മിറ്റി ഭാരവാഹികൾ രംഗത്ത്. സ്വകാര്യ ബസുകളുടെ നശീകരണം ഉന്നംവച്ചുള്ള മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാർഹമാണെന്ന് അപകടം സംബന്ധിച്ച കണക്കുകൾ ഉദ്ധരിച്ച് ഫെഡറേഷൻ ഭാരവാഹികൾ വിശദീകരിച്ചു.

സംസ്ഥാനത്ത് ഈയിടെ നടന്ന റോഡപകടങ്ങളിൽ ഇരുപതോളം പേരാണ് മരിച്ചത്. ഇതിൽ ഒന്നിലും സ്വകാര്യ ബസുകൾ കാരണമായിട്ടില്ലെന്ന് ഫെഡറേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി നിർമ്മിച്ച സർവ്വീസ് റോഡുകൾ അപകടത്തിന്റെ പ്രധാന കാരണമാണ്.പലയിടത്തും റോഡ് ഇല്ലാത്ത അവസ്ഥയാണ്.

നഷ്ടം സഹിച്ച് സർവ്വീസ് നടത്തുന്ന സ്വകാര്യബസുകൾക്കെതിരെ ഗതാഗത വകുപ്പ് മന്ത്രിയുടെ പ്രസ്താവന വളരെ നിരുത്തരവാദപരമാണെന്ന് ജില്ലാ പ്രസിഡന്റ് കെ.ഗിരീഷ്, സെക്രട്ടറി ടി.ലക്ഷ്മണൻ, സെൻട്രൽ കമ്മിറ്റി അംഗം സി എ.മുഹമ്മദ് കുഞ്ഞി, ട്രഷറർ രാജേഷ്, ജോയിന്റ് സെക്രട്ടറിമാരായ ശങ്കര നായക്, പി.വി പത്മനാഭൻ, വൈസ് പ്രസിഡന്റ് പി.എ.മുഹമ്മദ് കുഞ്ഞി എന്നിവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.


സ്വകാര്യബസുകൾ അഞ്ച് ശതമാനം മാത്രം

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അപകടത്തിൽ പെടുന്നത് ഇരുചക്രവാഹനങ്ങളും, കാറുകളും,ടിപ്പർ, ട്രക്ക്, കെ.എസ്.ആർ.ടി.സിബസുകളുമാണെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേർസ് ഫെഡറേഷൻ കണക്കുകളുദ്ധരിച്ച് പറയുന്നു സംസ്ഥാനത്ത് അഞ്ചുശതമാനം അപകടം മാത്രമാണ് സ്വകാര്യബസുകൾ മൂലമുണ്ടാകുന്നത്.

സ്വകാര്യകാറുകളും ഇരുചക്ര വാഹനങ്ങളും ഉൾപ്പെട്ടിട്ടുള്ള അപകടങ്ങളുടെ തോത് 29 ശതമാനത്തോളം വരും. ഈ വർഷം മാത്രം ഇരുചക്രവാഹനങ്ങൾ, കാറുകൾ, ടിപ്പർ, ട്രക്ക്, മറ്റു വാഹനങ്ങൾ എന്നിവ വഴിയുണ്ടായ അപകടങ്ങളിൽ 3600 ഓളം പേർ മരിച്ച സാഹചര്യത്തിൽ മന്ത്രിയുടെ പ്രസ്താവന അവാസ്തവമാണെന്നും ഫെഡറേഷൻ നേതാക്കൾ കുറ്റപ്പെടുത്തി.