
എത്ര പാലക്കാട്ടുകാർക്ക്, അല്ലെൽ എത്ര മലയാളികൾക്ക് , ഗണിത ശാസ്ത്രജ്ഞനായ ശേഷു അയ്യരെ കുറിച്ച് അറിയാം എന്ന് ചോദിച്ചാൽ 99% പേർക്കും അറിയില്ലാ എന്ന് തന്നെ ആകും ഉത്തരം. ആധുനിക ഭാരതം കണ്ട ഏറ്റവും മികച്ച പ്രതിഭാശാലിയായ ഗണിത ശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജൻ എന്ന ഇതിഹാസത്തിന്റെ ഗുരുവും വഴികാട്ടിയും ആണ് മഹാനായ ഗണിതശാസ്തജ്ഞൻ കൂടിയായ ശ്രീ ശേഷു അയ്യർ . രാമാനുജന്റെ കഥ ഒരിക്കലും ശേഷു അയ്യർ ഇല്ലാതെ പൂർത്തിയാകില്ലാ. എല്ലാ മലയാളികളും , പ്രത്യേകിച്ച് അദ്ധ്യാപകന്മാർ ഈ എഴുത്ത് മുഴുവൻ ആയി വായിക്കണം.കാരണം ഒരു അദ്ധ്യാപകൻ എങ്ങനെ ആകണം എന്ന് ഇദ്ദേഹത്തെ കണ്ട് പഠിക്കണം.
പെരുവെമ്പ് വെങ്കടേശ്വര ശേഷു അയ്യർ പാലക്കാട് പെരുവെമ്പ് കിഴക്കേ ഗ്രാമത്ത് 1872 ജനുവരി മാസം ജനിച്ചു . കുട്ടിക്കാലം മുതൽക്കെ ഗണിത വിഷയത്തിൽ അസാമാന്യ പ്രതിഭാശാലിയായിരുന്ന ശേഷു അയ്യർ 1891ഇൽ മദ്രാസ് കൃസ്ത്യൻ കേളേജിൽ നിന്ന് ബിരുദം നേടുകയും , പിന്നീട് ബിരുദാനന്തര ബിരുദം നേടി 1893 ഇൽ പാലക്കാട്ടേക്ക് തിരിച്ച് വരികയും ഇവിടെ ഒരു ഹൈസ്കൂളിൽ ഹെഡ് മാഷായി ജോലി ചെയ്യുകയും ചെയ്തു.കുറച്ച് കാലത്തിന് ശേഷം കുംഭകോണം ഗവൺമന്റ് കോളേജിൽ ലക്ചറർ ആയി ജോലിയിൽ പ്രവേശിച്ചു.അവിടെ കുറച്ച് കാലം സേവനമനുഷ്ഠിച്ചതിന് ശേഷം ശേഷു അയ്യർ മദ്രാസ് പ്രസിഡൻസി കോളേജിൽ 15 കൊല്ലം ഗണിതശാസ്ത്ര വിഭാഗത്തിൽ ലക്ച്ചറർ ആയി സേവനമനുഷ്ഠിക്കുകയും , പിന്നീട് അതെ കോളേജിൽ തന്നെ പ്രായോഗിക ഗണിത ശാസ്ത്ര വിഭാഗത്തിൽ പ്രൊഫസ്സർ ആയി ചുമതലയേൽക്കുകയും ചെയ്തു. ആ പദവിയിൽ ഇരുന്ന് കുറച്ച് കാലത്തിന് ശേഷം തിരിച്ച കുംഭകോണം ഗവൺമന്റ് കോളേജിലേക്ക് തിരിച്ച് വന്ന് അദ്ദേഹം തന്നെ കാത്തിരിക്കുന്ന കോളേജ് പ്രിൻസിപ്പാൾ പദവി സ്വീകരിച്ചു. അവിടെ നിന്ന് തന്നെ അദ്ദേഹം ഔദ്യോഗിക ജീവിതത്തിൽ വിരമിച്ചു എന്നു കരുതുന്നു. ഗണിതശാസ്ത്രജ്ഞൻ ആയ ശ്രീ ശേഷു അയ്യർ തന്റെ ഒരുപാട് പ്രബന്ധങ്ങളും മറ്റും ഇന്ത്യൻ മാത്തമാറ്റിക്കൽ സൊസൈറ്റിയിൽ സമർപ്പിച്ചിട്ടുണ്ട് . ആദ്യ കാല ഇന്ത്യൻ മാത്തമാറ്റിക്കൽ സൊസൈറ്റിയിൽ അംഗത്വവും പിന്നീട് അവിടെ സെക്രട്ടറി , പ്രസിഡണ്ട് ( (1932-34) എന്നീ പദവികൾ അദ്ദേഹം അലങ്കരിക്കുകയും ചെയ്തു . ഇദ്ദേഹത്തിന്റെ കഴിവിനെ മാനിച്ച് ബ്രിട്ടീഷ് സർക്കാർ റാവു ബഹദൂർ എന്ന ടൈറ്റിൽ നൽകി ആദരിച്ചു.ജീ എച്ച് ഹാർഡിയെ പോലെയുള്ള ഇതിഹാസങ്ങൾ ആയി അടുത്ത ബന്ധവും ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. ഈ ഇതിഹാസം 1935ൽ ഭൂമിയിൽ നിന്ന് വിട പറഞ്ഞു.
ശ്രീനിവാസ രാമാനുജൻ ആയി ശേഷു അയ്യർക്കുള്ള ബന്ധം എടുത്ത് പറയേണ്ട ഒന്നാണ് . യഥാർത്ഥ ഗുരു ശിഷ്യ ബന്ധം എന്താണെന്ന് ചോദിച്ചാൽ ഇതാണെന്ന് നമുക്ക് പറയാൻ കഴിയും . ശേഷു അയ്യർ കുംഭകോണം ഗവൺമന്റ് കോളേജിൽ പഠിപ്പിക്കുന്ന കാലത്ത് രാമാനുജൻ അവിടെ എഫ് .എ ( first arts examination )പ്രോഗ്രാമിന് സ്കോളർഷിപ്പോട് കൂടി പഠിക്കുന്നുണ്ടായിരുന്നു . ശേഷു അയ്യർ അവിടെ രാമാനുജനെ പഠിപ്പിച്ചിരുന്നു ( 1904-05) .ശിഷ്യന്റെ ഗണിത ശാസ്ത്രത്തിലെ കഴിവിനെ അദ്ദേഹം മനസിലാക്കുകയും നന്നായി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഗണിത ശാസ്ത്രം ജീവൻ ആയി കൊണ്ടു നടക്കുന്ന രാമാനുജൻ മറ്റ് വിഷയങ്ങളിൽ വളരെ മോശമായതിനാൽ ആദ്യ വർഷ പരീക്ഷയിൽ കണക്ക് ഒഴികെ ഉള്ള വിഷയങ്ങൾ തോൽക്കുകയും, സ്കോളർഷിപ്പ് നഷ്ടപ്പെട്ട് കോളേജിൽ നിന്ന് പോകേണ്ടി വരികയും ചെയ്തു. അന്നും ശേഷു അയ്യർ ശിഷ്യനോട് പറഞ്ഞിരുന്നു ഒരിക്കലും തളരുത് എന്നും ,ഗണിതശാസ്ത്രത്തിൽ നിനക്ക് ഭാവി ഉണ്ടെന്നും . അവിടെ നിന്ന് കുറച്ച് കാലം രണ്ട് പേരും പരസ്പരം കണ്ടിട്ടില്ലാ എന്ന് തന്നെ പറയാം . 1907 മദ്രാസ് പച്ചയപ്പ കോളേജിൽ രാമാനുജൻ എഫ്. എ. പോഗ്രാം ന് ചേരുകയും അവിടെയും പരീക്ഷയിൽ കണക്കിന് ഒഴികെ ബാക്കി എല്ലാവിഷയത്തിലും തോൽക്കുകയും ചെയ്ത് പഠനം നിർത്തി. പിന്നീട് ചെറിയ ജോലികൾ ചെയ്ത് കൂടെ കണക്കിൽ പ്രബന്ധങ്ങളും സൂത്രങ്ങളും എഴുതി ജീവിച്ച് പോന്നു.1912 താൻ തയ്യാറാക്കിയ ഒരു ഗണിത സിദ്ധാന്തം പ്രസിഡൻസി കോളേജിൽ ലക്ച്ചറർ ആയി സേവനമനുഷ്ഠിക്കുന്ന ശേഷു അയ്യരുടെ മുന്നിൽ സമർപ്പിക്കാൻ ആയി രാമാനുജൻ വരികയും അവിടെ വച്ച് വീണ്ടും ഗുരുശിഷ്യ സമാഗമം നടക്കുകയും ഉണ്ടായി. ശിഷ്യന്റെ ഗണിത സിദ്ധാന്തങ്ങളും , സൂത്രങ്ങളും പ്രബന്ധങ്ങളും, ഗുരുവിനെ അദ്ഭുതപ്പെടുത്തി. ശേഷു അയ്യരുടെയും പ്രൊഫസർ ഇ.ഡബ്ല്യൂ മിഡിൽ മാസ്റ്റിന്റെയും സഹായത്തോടെ പ്രൊഫസർ ജീ എച്ച് ഹാർഡിയുടെ ഏകവിഷയക പ്രബന്ധമായ ഓർഡേഴ്സ് ഇൻഫിനിറ്റിയിലെ പല ബുദ്ധിമുട്ടുള്ള കണക്കിലെ പ്രശ്നങ്ങളും രാമാനുജൻ കൈകാര്യം ചെയ്യുകയും അതെല്ലാം കൂടി ഒരു പ്രബന്ധ രൂപത്തിലാക്കി ലോക പ്രശസ്ത ഗണിത ശാസ്ത്രജ്ഞനായ കേംബ്രിഡ്ജിലെ പ്രൊഫസ്സർ ഹാർഡിയ്ക്ക് ലണ്ടനിലേക്ക് അയയ്ച്ച് കൊടുക്കുകയും ചെയ്തു. ഹാർഡിയുമായി നല്ല ബന്ധം ഉണ്ടാക്കി കൊടുക്കാനും ഒരു നിമിത്തമായത് ശ്രീ ശേഷു അയ്യർ ആണെന്ന് പറയാം . തന്നെ ഉയരത്തിലേക്ക് എത്തിക്കാൻ സഹായിച്ച പലരെയും രാമാനുജൻ പരിചയപ്പെട്ടത് ഈ കാലത്താണ്.ശേഷു അയ്യർ ആണ് ഇതിനെല്ലാം മുൻ കൈ എടുത്തത്. അതിന് ശേഷം നടന്നത് ചരിത്രമല്ലെ .
ഹാർഡി രാമാനുജനിലെ പ്രതിഭയെ മനസിലാക്കുകയും ലണ്ടനിലേക്ക് ക്ഷണിക്കുകയും , ഹാർഡി തന്നെ രാമാനുജന്റെ ഗുരുവായും വഴികാട്ടിയായും മാറുകയും ചെയ്തു.അടിസ്ഥാന വിദ്യാഭ്യാസം ഇല്ലാതിരുന്നിട്ടും രാമാനുജന് കേംബ്രിഡ്ജ് സർവ്വകലാശാലയിൽ പ്രവേശന ചട്ടങ്ങളിൽ ഇളവ് നൽകുകയും 1916 മാർച്ച് 16 ന് കേംബ്രിഡ്ജ് സർവ്വകലാശാല രാമാനുജന് ഡോക്ടറേറ്റിന് തുല്യമായ ബാച്ചിലർ ഓഫ് സയൻസ് ബൈ റിസർച്ച് ബിരുദം നൽകുകയും ചെയ്തു.1918 ഫെബ്രുവരി എട്ടിന് രാമാനുജന് റോയൽ സൊസൈറ്റി ഫെല്ലോഷിപ്പ് ലഭിച്ചു.
രാമാനുജന്റെ പല പ്രധാനപ്പെട്ട പ്രബന്ധങ്ങളും സൂത്രങ്ങളും ഇന്ത്യൻ മാത്തമാറ്റിക്കൽ സൊസൈറ്റിയിൽ എത്തിച്ചത് ശേഷു അയ്യർ ആണ് . രാമാനുജന്റെ മരണ ശേഷം അദ്ദേഹത്തിന്റെ എല്ലാ പ്രബന്ധങ്ങളും ക്രോഡീകരിച്ച് ഹാർഡിയ്ക്ക് അയയ്ച്ച് കൊടുത്തതും ശേഷു അയ്യർ ആണ് . 1927 ഇൽ അത് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ് പബ്ലിഷ് ചെയ്തു. നോക്കൂ മരിച്ചതിന് ശേഷവും ഗുരുവിന് ശിഷ്യനോട് ഉള്ള സ്നേഹം . ആ മനസ്സ് ഒരുപാട് ഉരുകി കാണും , കണ്ണുകൾ ഇടറി കാണും , തന്റെ പ്രിയ ശിഷ്യന്റെ പ്രബന്ധങ്ങളും സൂത്രങ്ങളും സിദ്ധാന്തങ്ങളും ക്രോഡീകരിക്കുമ്പോൾ . പരീക്ഷകളിൽ തോറ്റ് പോയ വ്യക്തിയായ ശ്രീനിവാസ രാമാനുജൻ എന്ന ഇതിഹാസം എവിടെ എത്തി എന്ന് നോക്കൂ . തന്റെ ഇഷ്ടപ്പെട്ട വിഷയത്തിൽ ഉറച്ച് നിൽക്കാൻ പറഞ്ഞ , ആ ഗുരു കൂടിയല്ലെ രാമാനുജന് കിട്ടിയ അംഗീകാരങ്ങൾക്ക് ഒരു കാരണം . നമുക്ക് അറിയാം നമ്മുടെ നാട്ടിൽ തോറ്റ വിദ്യാർത്ഥികളെ അദ്ധ്യാപകൻ എങ്ങനെ കാണുന്നു എന്ന്. ശേഷു അയ്യരെ പോലെ ഉള്ള ഗുരുക്കന്മാർ നിരുത്സാഹപ്പെടുത്തിയിരുന്നു എങ്കിൽ എന്താകും ആയിരുന്നു രാമാനുജന്റെ അവസ്ഥ എന്നാലോച്ചിച്ച് നോക്കൂ . ഒരു ഗുരു എങ്ങനെ ആകണം എന്നതിന് ശേഷു അയ്യരും ഒരു വിദ്യാർത്ഥി/ പ്രതിഭ എങ്ങനെ ആകണം എന്നതിന് രാമാനുജനും ഉത്തമ ഉദാഹരണം ആണ് . തോൽവിയിൽ നിന്ന് ശിഷ്യനെ കൈ പിടിച്ച് ഉയർത്തുന്നവരാണ് യഥാർത്ഥ ഗുരുനാഥൻ എന്ന് ശേഷു അയ്യർ നമ്മെ പഠിപ്പിച്ചു . ശിഷ്യന്റെ വിജയമാണ് , പ്രശസ്തിയാണ് ഒരു ഗുരു കാംക്ഷിക്കേണ്ടത് എന്നു കൂടി അദ്ദേഹം നമ്മെ മനസിലാക്കി തന്നു. രാമാനുജന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത വ്യക്തിയാണ് ശേഷു അയ്യർ എന്ന് പറഞ്ഞത് എന്ത് കൊണ്ടാണെന്ന് മനസിലായില്ലെ.
പാലക്കാട്ടുകാരൻ ആയ , മലയാളിയായ ഗണിതശാസ്ത്രജ്ഞനായ ശേഷു അയ്യരെ നമ്മൾ എന്നും ഓർത്തെ മതിയാകൂ. ഗണിത വിഷയത്തിൽ ഇത് പോലെ ഒരു പ്രതിഭ നവ കേരളത്തിൽ നിന്ന് ഉണ്ടായിട്ടില്ലാ . ഗണിതത്തിൽ നല്ല മാർക്ക് മേടിക്കുന്ന കുട്ടികൾക്ക് ഇദ്ദേഹത്തിന്റെ പേരിൽ എന്റോവ്മെന്റോ, സ്കോളർഷിപ്പോ സർക്കാർ മുൻ കൈ എടുത്ത് തുടങ്ങണം എന്നാണ് എന്റെ ആഗ്രഹം. പ്രിയപ്പെട്ട മലയാളികളെ ഒരിക്കലും ഇദ്ദേഹത്തെ മറക്കാതിരിക്കുക.ഇദ്ദേഹം നമ്മുടെ നാടിന്റെ അഭിമാനം .പ്രണാമം മഹാനുഭാവ.