
ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിലുണ്ടായ ഗ്യാസ് ടാങ്കർ സ്‌ഫോടനത്തിൽ മരണം 14 ആയി. നിരവധി പേർ ഇപ്പോഴും ഗുരുതരാവസ്ഥയിലാണെന്ന് അധികൃതർ അറിയിച്ചു. ജയ്പൂർ അജ്മീർ ഹൈവേയിൽ കഴിഞ്ഞ ദിവസം രാവിലെയാണ് അപകടമുണ്ടായത്. എൽ.പി.ജി സിലിണ്ടർ കയറ്റിയ ടാങ്കറിൽ രാസവസ്തുക്കൾ നിറച്ച ട്രക്ക് കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
തീപ്പന്തമായി യുവാവ്; സഹായം
തേടി നടന്നത് 600 മീറ്റർ
വിവരിക്കാവുന്നതിനപ്പുറം വലിയ ദുരന്തമാണ് ജയ്പൂരിലുണ്ടായത്. ദുരന്തത്തിന്റെ ഭീകരത വ്യക്തമാക്കുന്ന രാധേശ്യാം ചൗധരി എന്ന 32കാരന്റെ വീഡിയോ സമൂഹ മാദ്ധ്യമത്തിൽ പ്രചരിക്കുകയാണ്. കഴിഞ്ഞദിവസം ജയ്പൂർ- അജ്മീർ ദേശീയപാതയിലുണ്ടായ സ്‌ഫോടനത്തിൽ രാധേശ്യാം ഉൾപ്പെടെ 11 പേർക്കാണ് ജീവൻ നഷ്ടമായത്.
ജയ്പൂർ നാഷണൽ ബെയറിംഗ്സ് കമ്പനിയിൽ മോട്ടോർ മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു രാധേശ്യാം.
പുലർച്ചെ ബൈക്കിൽ ജോലിക്കായി പുറപ്പെട്ട രാധേശ്യാം അപകടത്തിൽ നിന്ന് രക്ഷപ്പെടാൻ പരമാവധി നോക്കിയെങ്കിലും സാധിച്ചില്ല.
സഹോദരൻ അപകടത്തിലാണെന്ന് ഒരു ഫോൺ കാൾ വന്നതിനെത്തുടർന്നാണ് അപകടസ്ഥലത്തെത്തിയതെന്ന്
രാധേശ്യാമിന്റെ സഹോദരൻ അഖേറാം പറയുന്നു. 'അവിടെയെത്തുമ്പോൾ സഹോദരൻ റോഡിൽ കിടക്കുകയായിരുന്നു. അപകട സ്ഥലത്തുനിന്ന് 600 മീറ്ററോളം അവൻ സഹായം അഭ്യർത്ഥിച്ച് നടന്നുവെന്ന് ആളുകൾ പറഞ്ഞു. നടക്കുമ്പോൾ അവൻ സഹായത്തിനായി കരഞ്ഞു. എന്നാൽ കണ്ടുനിന്നവരിൽ ഭൂരിഭാഗവും വീഡിയോ പകർത്തുകയായിരുന്നു- അഖേറാമിന്റെ വാക്കുകൾ ഇടറി.
ഗതാഗതകുരുക്ക് കാരണം ആംബുലൻസ് കാത്തുനിന്നിട്ട് കാര്യമില്ലെന്ന് മനസിലാക്കിയ അഖേറാമും അയൽക്കാരും കാറിൽ കയറ്റി രാധേശ്യാമിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു".- അഖേറാം കരഞ്ഞുകൊണ്ട് പറഞ്ഞു.
ആശുപത്രിയിലേക്ക് പോകുമ്പോൾ രാധേശ്യാമിന് ബോധമുണ്ടായിരുന്നു. സംഭവങ്ങൾ വിവരിച്ചു. തീ പടരുന്നതുകണ്ട്
ബൈക്കിൽ നിന്ന് ചാടി എതിർദിശയിലേക്ക് ഓടി. എന്നാൽ നിമിഷ നേരം കൊണ്ട് തീപടർന്നു.
സഹോദരൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും 85 ശതമാനത്തിലധികം പൊള്ളലേറ്റ രാധേശ്യാമിനെ രക്ഷിക്കാനായില്ല.