
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാൻ എന്റെ മുത്തച്ഛൻ അതിയായി ആഗ്രഹിക്കുന്നെന്ന് ശ്രേയ ജുനേജ സമൂഹ മാദ്ധ്യമത്തിലൂടെ അറിയിച്ചത് വെള്ളിയാഴ്ച. ഇന്നലെ ആ ആഗ്രഹം സാദ്ധ്യമാക്കി മോദി. കുവൈത്ത് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി 101 കാരനായ മുൻ ഇന്ത്യൻ ഫോറിൻ സർവീസ് (ഐ.എഫ്.എസ്) ഉദ്യോഗസ്ഥൻ മംഗൾ സൈൻ ഹാൻഡയെ കണ്ടത് ആഘോഷത്തോടെയാണ് ജനം ഏറ്റെടുത്തത്. പ്രധാനമന്ത്രിയുടെ വലിയ ആരാധകനാണ് എന്റെ മുത്തച്ഛനെന്നും മോദിയെ കാണാൻ ആഗ്രഹിക്കുന്നെന്നുമായിരുന്നു ജുനേജയുടെ പോസ്റ്റ്. മാത്രമല്ല, വിവരങ്ങൾ ഉൾപ്പെടുത്തി ജുനേജ ഇ-മെയിൽ അയയ്ക്കുകയും ചെയ്തു. ഇത് ശ്രദ്ധയിൽപ്പെട്ട പ്രധാനമന്ത്രി അദ്ദേഹത്തെ കാണാൻ താനും ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് എക്സിൽ കുറിച്ചു.
മംഗൾ സൈൻ ഹന്ദയുടെ നൂറാം ജന്മദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ഒരു ആശംസാ സന്ദേശമയച്ചിരുന്നു. ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും സങ്കീർണ്ണമായ ആഗോള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അദ്ദേഹം നൽകിയ സംഭാവനകളെ പരാമർശിച്ചുകൊണ്ടായിരുന്നു സന്ദേശം. ഈ സന്ദേശം മംഗൾ സൈൻ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ചിരുന്നു.
' ഇത് ജീവിതത്തിലെ വലിയ അനുഭവമാണ്. അച്ഛനെ കാണാനുംകൂടിയായി ഇവിടെ വരുന്നുവെന്ന് മോദി അറിയിച്ചിരുന്നു.
അദ്ദേഹത്തോട് ഒരുപാട് നന്ദിയുണ്ട്". -
ദിലീപ് ഹാൻഡ
മംഗളിന്റെ മകൻ