pushpa

ഹൈദരാബാദ്: തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്റെ ഏറ്റവും പുതിയ ചിത്രമായ പുഷ്പ - 2വുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നു. നടനെതിരെ ഗുരുതരമായ ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് എഐഎംഐഎം എംഎല്‍എയും അസദുദ്ദീന്‍ ഉവൈസിയുടെ സഹോദരനുമായ അക്ബറുദ്ദീന്‍ ഉവൈസി. ഹൈദരാബാദിലെ തിയറ്ററില്‍ 'പുഷ്പ 2' പ്രദര്‍ശനത്തിന് നടന്‍ എത്തിയതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചതിനെക്കുറിച്ചാണ് അക്ബറുദ്ദീന്റെ ആരോപണം.

ഉത്തരവാദിത്തമില്ലാത്ത പ്രവര്‍ത്തിയാണ് അല്ലു അര്‍ജുന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നാണ് എംഎല്‍എ ആരോപിക്കുന്നത്. യുവതിയുടെ മരണശേഷവും അല്ലു അര്‍ജുന്‍ സിനിമ കാണുന്നത് തുടരുകയും തന്റെ ആരാധകര്‍ക്കുനേരെ കൈവീശി കാണിച്ച ശേഷമാണ് അദ്ദേഹം തിയേറ്റര്‍ വിട്ടതെന്നും അക്ബറുദ്ദീന്‍ ചൂണ്ടിക്കാണിക്കുന്നു. തെലങ്കാന നിയമസഭയില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ. തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവം അല്ലു അര്‍ജുനെ അറിയിച്ചപ്പോള്‍ 'ഇനി ഏതായാലും സിനിമ ഹിറ്റായിക്കോളും' എന്നായിരുന്നു നടന്റെ പ്രതികരണമെന്നും അദ്ദേഹം ആരോപിച്ചു.

ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന പൊതുസമ്മേളനങ്ങളില്‍ പങ്കെടുക്കുന്നയാളാണ് താനെന്നും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കാറുണ്ടെന്നും അക്ബറുദ്ദീന്‍ പറഞ്ഞു. പക്ഷേ അല്ലു അര്‍ജുന്‍ യുവതിയേയോ മകനേയോ തിരിഞ്ഞ് നോക്കിയില്ല. സിനിമ കണ്ട ശേഷം ആരാധകരെ കാറിലിരുന്ന് കൈവീശി കാണിക്കാന്‍ നടന്‍ മറന്നില്ലെന്നും എംഎല്‍എ ആരോപിക്കുന്നു. ഡിസംബര്‍ നാലിന് സന്ധ്യാ തിയേറ്ററിലാണ് സംഭവമുണ്ടായത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും തിയേറ്ററിലെത്തിയതോടെ ആളുകള്‍ തടിച്ചുകൂടുകയും തിക്കിലും തിരക്കിലുംപെട്ട് 39-കാരി മരിക്കുകയുമായിരുന്നു.