rahul-gandhi

ന്യൂഡല്‍ഹി: അംബേദ്കറിനെതിരായ പരാമര്‍ശത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപിയും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ ജനത ഒരിക്കലും ഈ തെറ്റ് പൊറുക്കില്ലെന്നും അമിത് ഷാ മാപ്പ് പറയണമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. അമിത് ഷായുടെ പരാമര്‍ശത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിച്ചിരുന്നു.

അംബേദ്കറെ അപമാനിക്കുന്നതിലൂടെ ബിജെപിയും പ്രധാനമന്ത്രി മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഗുരുതരമായ തെറ്റാണ് ചെയ്തിരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഇപ്പോള്‍ നടക്കുന്നത് മനുസ്മൃതിയും ഭരണഘടനയും തമ്മിലുള്ള പോരാട്ടമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ജാതി, മതം, വംശം, ജന്മസ്ഥലം എന്നിവയുടെ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കരുതെന്ന് ഭരണഘടനയില്‍ എഴുതിവച്ചിരിക്കുന്നു. ഒരു കൂട്ടര്‍ ഇത് സംരക്ഷിക്കാന്‍ പോരാടുന്നു. മറുവശത്തുളളവര്‍ ഭരണഘടനയിലെ ആശയങ്ങളെ എതിര്‍ക്കുന്നവരാണെന്നും പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

നേരത്തെ, പാര്‍ലമെന്റിന് പുറത്തു നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തിരുന്നു. രാഹുല്‍ ഗാന്ധി ഒരു ഗുണ്ടയപ്പോലെ പെരുമാറിയെന്നും എംപിമാരെ ആക്രമിച്ചുവെന്നും ആരോപിച്ച് വധശ്രമത്തിന് കേസെടുക്കണം എന്നായിരുന്നു ബിജെപിയുടെ പരാതിയില്‍ ആവശ്യപ്പെട്ടത്. വനിതാ അംഗത്തിനോടും രാഹുല്‍ മോശമായി പെരുമാറിയെന്ന് ബിജെപി ആരോപിച്ചിരുന്നു.