
ബെർലിൻ: ജർമ്മനിയിലെ മഗ്‌ഡബർഗ് നഗരത്തിൽ തിരക്കേറിയ ക്രിസ്‌മസ് മാർക്കറ്റിലേക്ക് കാർ ഇടിച്ചുകയറ്റിയുണ്ടായ അപകടത്തിൽ ഒരു കുട്ടി അടക്കം 5 പേർ കൊല്ലപ്പെട്ടു. 200ലേറെ പേർക്ക് പരിക്കേറ്റു. 41 പേരുടെ നില ഗുരുതരമാണ്. പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. ആൾക്കൂട്ടത്തിലേക്ക് അമിത വേഗത്തിൽ ബി.എം.ഡബ്ല്യു കാറോടിച്ചു കയറ്റിയ സൈക്യാട്രിസ്റ്റായ തലീബിനെ (50) പൊലീസ് അറസ്റ്റ് ചെയ്തു. 2006ൽ അഭയാർത്ഥിയായി ജർമ്മനിയിലെത്തിയ ഇയാൾ സൗദി പൗരനാണ്. ബോധപൂർവമാണ് ആക്രമണം നടത്തിയതെന്ന് കരുതുന്നു. ആക്രമണത്തിന്റെ ലക്ഷ്യം വ്യക്തമല്ല. പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇയാൾക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് കണ്ടെത്താനായിട്ടില്ല. സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിന്നും ഇയാൾ തീവ്രവലതുപക്ഷ വാദിയാണെന്നും ഇസ്ലാം മത വിമർശകനാണെന്നും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ആക്രമണത്തെ ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് അപലപിച്ചു. ഇതിന് മുമ്പും ജർമ്മനിയിലെ ക്രിസ്മസ് മാർക്കറ്റുകൾക്ക് നേരെ ആക്രമണമുണ്ടായിട്ടുണ്ട്. 2016ൽ, രാജ്യത്ത് അഭയം നേടുന്നതിൽ പരാജയപ്പെട്ട ട്യൂണീഷ്യൻ സ്വദേശി ബെർലിനിലെ ക്രിസ്മസ് മാർക്കറ്റിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയതിലൂടെ 12 പേർ കൊല്ലപ്പെട്ടിരുന്നു. ഇയാൾക്ക് ഐസിസുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി.