modi-

കുവൈത്ത് : രണ്ടു ദിവസത്തെ സന്ദർശനത്തിന് കുവൈറ്റിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വൻ സ്വീകരണം. ശനി രാവിലെ 9.30ഓടെ കുവൈറ്റ് വിമാനത്താവളത്തിൽ എത്തിയ നരേന്ദ്രമോദിയെ കുവൈറ്റ് പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ,​ ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽസബാഹ്,​ വിദേശകാര്യ മന്ത്രി അബ്ദുള്ള അൽ യഹിയ എന്നിവർ‌ ചേർന്ന് സ്വീകരിച്ചു. കുവൈറ്റ് അമീർ ഷെയ്ഖ് മിഷൽ അൽ അഹ്മദ് അൽ ജാബിർ അൽ സബാഹിന്റെ ക്ഷണം സ്വീകരിച്ചാണ് മോദി കുവൈറ്റിലെത്തിയത്.

നാളെ ബയാൻപാലസിൽ പ്രധാനമന്ത്രിക്ക് ഔദ്യോഗിക സ്വീകരണം നൽകും. കുവൈറ്റ് അമീർ ഷെ മിഷൽ അൽ അഹമ്മദ് അൽ ജാബിർ അൽസബാഹ്, കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അൽസബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽസബാഹ് എന്നിവരുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. ഇന്ത്യ- കുവെറ്റ് സഹകരണ കരാറിൽ ഒപ്പുവെക്കുകയും ചെയ്യും. ഉച്ചകഴിഞ്ഞ് 3.30ന് മോദി തിരികെ ഇന്ത്യയിലേക്ക് മടങ്ങും. 1981ന് ശേഷം കുവൈറ്റിലെത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. 43 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈറ്റ് സന്ദർശിക്കുന്നത്.