gst

കൊച്ചി: ഉപയോഗിച്ച വാഹനങ്ങൾ വിൽക്കുമ്പോൾ കമ്പനികളിൽ നിന്ന് 18 ശതമാനം നികുതി ഈടാക്കാൻ ജി.എസ്.ടി കൗൺസിൽ തീരുമാനം. അതേ സമയം ആരോഗ്യ, ലൈഫ് ഇൻഷ്വറൻസ് പോളിസി തുകയിലെ നികുതി ഘടനയെ കുറിച്ച് പിന്നീട് ആലോചിക്കാമെന്നും ഇന്നലെ രാജസ്ഥാനിലെ ജയ്സാൽമീറിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ അദ്ധ്യക്ഷതയിൽ ചേർന്ന 55-ാമത് ജി.എസ്.ടി കൗൺസിൽ യോഗം തീരുമാനിച്ചു.


ഇൻഷ്വറൻസ് ഉത്പന്നങ്ങളുടെ നികുതിയിലെ മാറ്റങ്ങൾ നിശ്ചയിക്കാൻ മന്ത്രിതല സമിതിക്ക് കൂടുതൽ സമയം വേണമെന്ന് ബീഹാർ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി ആവശ്യപ്പെട്ടതായി നിർമ്മല സീതാരാമൻ പറഞ്ഞു. വിമാന ഇന്ധനത്തെ ചരക്കുസേവന നികുതിയുടെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന നിർദ്ദേശത്തിലും തീരുമാനമായില്ല. വിഷയത്തിൽ സംസ്ഥാന സർക്കാരുകൾക്ക് അനുകൂല നിലപാടല്ലെന്നും ധനമന്ത്രി അറിയിച്ചു. ഓൺലൈൻ ഭക്ഷ്യ ഡെലിവറി സ്ഥാപനങ്ങളുടെ നികുതിയിലും തീരുമാനം മാറ്റി.

 പ്രധാന തീരുമാനങ്ങൾ

1. പോഷക സമ്പുഷ്‌ടമായ (ഫോർട്ടിഫൈഡ്) അരിയുടെ നികുതി അഞ്ചു ശതമാനമായി കുറയ്ക്കും

2. ജീൻ തെറാപ്പിക്ക് ജി.എസ്.ടി ഒഴിവാകും

3. പ്രീ പാക്കേജ്‌ഡ്, ലേബൽഡ് ഉത്പന്നങ്ങളുടെ നിർവചനത്തിൽ മാറ്റം വരുത്താൻ ഭേദഗതി വേണം

4. തിരിച്ചടവ് മുടങ്ങുന്നതിന് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്ന പിഴത്തുകയ്ക്ക് മേൽ ജി.എസ്.ടി ഈടാക്കരുത്

5. എ.സി.സി ബ്ളോക്കുകളിൽ 50 ശതമാനത്തിലധികം ഫ്ളൈ ആഷ് ചേർത്താൽ 12 ശതമാനം ജി.എസ്.ടി ഈടാക്കും

6. കർഷകർ കുരുമുളക് കച്ചവടക്കാർക്ക് നൽകുമ്പോൾ ജി.എസ്.ടി ബാധകമാകില്ല

 പോപ്പ്കോണിന് 12 % നികുതി

പായ്ക്ക് ചെയ്യാത്തതും റെഡി ടു ഈറ്റുമായ പോപ്പ്കോണുകൾക്ക് 12 ശതമാനം നികുതി ഈടാക്കും. കാരമലൈസ് ചെയ്ത പോപ്പ്കോണിന് ജി.എസ്.ടി 18 ശതമാനമായിരിക്കും.