suresh-gopi

ആലപ്പുഴ: വിവാദ പ്രസംഗവും അശ്ലീല ആംഗ്യവുമായി കേന്ദ്രമന്ത്രിയും തൃശൂര്‍ എംപിയുമായ സുരേഷ് ഗോപി. തനിക്ക് നേരെയുണ്ടാകുന്ന പരിഹാസങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചില കളിയാക്കലുകളും ആക്കലുകളും അതുപോലുള്ള കലും ഒക്കെ വരുമെന്നും എന്നാല്‍ അതെല്ലാം വെറും എന്ന് പറഞ്ഞ ശേഷം തലമുടിയില്‍ കൈകള്‍ തലോടിയുള്ള ആംഗ്യം കാണിച്ച ശേഷം അത്രയേ ഉള്ളൂ എന്നാണ് സുരേഷ് ഗോപി പ്രസംഗിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സുരേഷ് ഗോപിയുടെ വാക്കുകളിലേക്ക്

ഞാന്‍ ഇഷ്ടപ്പെടുന്ന ഒരുപിടി നേതാക്കളുണ്ട് അവിടെ. അവരെ പിന്തുണയ്ക്കാനും അവരുടെ പാതയില്‍ ധീരഭേരി മുഴക്കി അവര്‍ മുന്നോട്ട് പോകുമ്പോള്‍ അവരെ പിന്തുണയ്ക്കാന്‍ വന്നവന്‍ മാത്രമാണ് ഞാന്‍. ഹൃദയത്തില്‍ നിന്നാണ് ഇത് പറയുന്നത്. അത് അങ്ങനെ തന്നെ പോകും. അതിന് ചില കളിയാക്കലുകളും ചില ആക്കലുകളും മറ്റ് ചില കലും ഒക്കെയുണ്ടാകും. അതിനെ നമ്മള്‍ വെറും (ആംഗ്യം കാണിച്ച ശേഷം) അത്രേയുള്ളൂ എന്നമട്ടിലേ കാണുന്നള്ളൂ. അങ്ങനെ കാണാനേ സാധിക്കുകയുള്ളൂ. കാരണം നമ്മുടെ ഉദ്ദേശം വലുതാണ്, ഉദ്ദേശം സത്യസന്ധമാണ്. ഇതേ ഉദ്ദേശം പേറിവന്നവര്‍ സത്യസന്ധമായിരുന്നില്ലെന്ന് തെളിയിക്കുന്ന ഒരു പഴയകാല രേഖയും നമ്മുടെ മുന്നില്‍ നല്ല വെടിപ്പായി ഒരുക്കി വെച്ചിട്ടുണ്ട്. അതിന്റെ ചര്‍ച്ചയാണ് കഴിഞ്ഞ രണ്ട് ദിവസം വെള്ളിയും ശനിയുമായി ലോക്‌സഭയിലും തിങ്കള്‍ ചൊവ്വ ദിവസങ്ങളിലായി രാജ്യസഭയിലും നടന്നത്.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ വ്യാപകമായ വിമര്‍ശനമാണ് സമൂഹമാദ്ധ്യമങ്ങളിലുണ്ടാകുന്നത്. ഒരു ജനപ്രതിനിധിയും കേന്ദ്രമന്ത്രിയുമായ വ്യക്തിയില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത സംഭവമാണ് ഇതെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്. അതേസമയം, സുരേഷ് ഗോപിയെ പിന്തുണച്ചും നിരവധിപേര്‍ രംഗത്ത് വരുന്നുണ്ട്.