death

ഇടുക്കി: അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ മരണപ്പെട്ടു. മുട്ടം എഞ്ചിനീയറിംഗ് കോളേജില്‍ പഠിച്ചിരുന്ന അക്‌സാ റെജി, ഡോണല്‍ എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ശനിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. ഇരുവരും എങ്ങനെയാണ് വെള്ളച്ചാട്ടത്തില്‍ വീണതെന്ന് വ്യക്തമല്ല.

മുട്ടം എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് അഞ്ച് കിലോമീറ്ററോളം അകലെയാണ് അരുവിക്കുത്ത് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. പത്തനംതിട്ട സ്വദേശിയായ അക്‌സാ റെജി (18 ) ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ഡോണല്‍ ഷാജി (22 ) ഇടുക്കി ജില്ലയിലെ മുരിക്കാശേരി സ്വദേശിയാണ്.

മൃതദേഹങ്ങള്‍ മറ്റ് നടപടികള്‍ക്ക് ശേഷം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. തൊടുപുഴയില്‍ നിന്നുള്ള അഗ്‌നിരക്ഷാ സംഘമെത്തിയാണ് രണ്ട് മൃതദേഹങ്ങളും പുറത്തെടുത്തത്.

ഡോണലിന്റെ മാതാവ് ലിസ്സി. സഹോദരന്‍: സോണച്ചന്‍. ജോപ്പി റെജിയാണ് മരിച്ച അക്‌സയുടെ അമ്മ. സഹോദരങ്ങള്‍: അസ്‌ന റെജി, അദീന റെജി.