
തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ല സമ്മേളനത്തിൽ പൊലീസിനും സർക്കാരിനുമെതിരെ രൂക്ഷ വിമർശനം. ജില്ല സെക്രട്ടറി വി.ജോയി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയിലാണ് സംസ്ഥാന ഭരണത്തെയും ആഭ്യന്തര വകുപ്പിനെയും രൂക്ഷമായ ഭാഷയിൽ പ്രതിനിധികൾ വിമർശിച്ചത്. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിലായിരുന്നു വിമർശനം.
പൊലീസ് സ്റ്റേഷനുകളിൽ കോൺഗ്രസ്, ബി.ജെ.പി നേതാക്കന്മാർക്ക് ലഭിക്കുന്ന പരിഗണനപോലും സി.പി.എം നേതാക്കൾക്ക് ലഭിക്കുന്നില്ലെന്ന് ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികൾ ആരോപിച്ചു. ഇതുകാരണം പാർട്ടി അണികൾക്കുപോലും പൊലീസിന്റെ സഹായം ലഭിക്കുന്നില്ല. ബ്രാഞ്ച് സെക്രട്ടറിമാർ കടുത്ത നിരാശയിലാണ്.
എ.ഡി.ജി.പി അജിത്കുമാറിന് ഡി.ജി.പി പദവി നൽകാനുള്ള തീരുമാനത്തിനെതിരെയും വിമർശനമുണ്ടായി. ഡി.ജി.പി പദവിക്ക് അജിത്കുമാർ അർഹനാണെങ്കിൽ കോടതിയിൽ പോയാണ് അയാൾ നേടേണ്ടിയിരുന്നതെന്നും പ്രതിനിധികൾ വിമർശിച്ചു.
രണ്ടാം ഇടതു സർക്കാർ വൻ പരാജയമാണ്. ഒന്നാം സർക്കാർ മെച്ചപ്പെട്ട ഭരണം നടത്തിയതുകൊണ്ടാണ് തുടർസർക്കാർ വന്നത്. എന്നാൽ, നിലവിലെ സ്ഥിതി അനുസരിച്ച് മൂന്നാം സർക്കാർ അധികാരത്തിലെത്തുമെന്ന പ്രതീക്ഷ വച്ചുപുലർത്തേണ്ടതില്ലെന്നും ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു. റവന്യു വകുപ്പിനെതിരെയും പ്രതിനിധികൾ വിമർശനമുന്നയിച്ചു.വില്ലേജ് ഓഫീസുകൾ ജനസൗഹൃദമല്ലെന്നായിരുന്നു വിമർശനം .
യൂണിവേഴ്സിറ്റി കോളജിലെ എസ് .എഫ്.ഐ യൂണിറ്റിന്റെ പ്രവർത്തനം പാർട്ടിക്ക് അപമാനമാണ്. പാർട്ടിയുടെ പിടിയിൽ നിന്ന് എസ്.എഫ്.ഐ വഴുതിപ്പോകുന്നത് ജില്ലാക്കമ്മിറ്റി തിരിച്ചറിഞ്ഞ് നടപടിയെടുക്കണം. ഡി.വൈ.എഫ്.ഐക്കെതിരെയും വിമർശനമുണ്ടായി. നിലവിലെ പ്രവർത്തനം നിർജീവമാണ്. യുവാക്കളെ സംഘടനയിലേക്ക് അടുപ്പിക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ക്ഷേമപെൻഷൻ യഥാസമയം കൊടുത്തുതീർക്കാതെ കുടിശികയിടുന്നത് സർക്കാരിനും പാർട്ടിക്കും ദോഷമുണ്ടാക്കും.തദ്ദേശ തിരഞ്ഞെടുപ്പിനു മുമ്പു കുടിശിക പൂർണമായും കൊടുത്തുതീർക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.
റിപ്പോർട്ടിൽ കോർപറേഷൻ മേയർ ആര്യ രാജേന്ദ്രനെയും ജില്ല പഞ്ചായത്ത് പ്രസിഡന്റ് സുരേഷ്കുമാറിനെയും വിമർശിച്ചില്ല. എന്നാൽ, മേയർ കൂടുതൽ പക്വതയോടെ പെരുമാറണമെന്ന് റിപ്പോർട്ടിലുണ്ട്. ആറു വർഷം ഏരിയ സെക്രട്ടറിയായിരുന്ന മധുവിന്റെ ദോഷങ്ങൾ അറിയാമായിരുന്നിട്ടും എന്തുകൊണ്ട് പുറത്താക്കാൻ വൈകിയെന്ന് റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ പ്രതിനിധികൾ ചോദിച്ചു. നിരവധി അവാർഡുകൾ വാങ്ങിയ മേയർ ആര്യ രാജേന്ദ്രനെ കോൺഗ്രസും ബി.ജെ.പി യും ചേർന്ന് ആക്രമിക്കുകയാണെന്നും ചില പ്രതിനിധികൾ പറഞ്ഞു. 10 പ്രതിനിധികളാണ് ചർച്ചയിൽ പങ്കെടുത്തത്.