
തിരുവനന്തപുരം: പുതിയ വ്യവസായങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും വലിയ പിന്തുണ കിട്ടാത്ത നാട്, കേരളത്തെക്കുറിച്ച് പൊതുവേയുള്ള കാഴ്ചപ്പാടാണിത്. ഈ പേരുദോഷം മാറ്റിയെടുക്കാനുള്ള ശ്രമങ്ങളാണ് സംസ്ഥാനത്ത് ഇപ്പോള്‍ പുരോഗമിക്കുന്നത്. നിരവധി വ്യത്യസ്ത ബിസിനസ് രീതികളും ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും സര്‍ക്കാര്‍ തലത്തില്‍ തന്നെ വ്യാപകവുമാണ്. ഇതിന്റെ ഭാഗമായി കേരളത്തില്‍ അടുത്തകാലത്തായി പുതിയ ചില സംരംഭങ്ങളുടെ മോഡലുകള്‍ ശുഭപ്രതീക്ഷ നല്‍കുന്നതുമാണ്.
അത്തരത്തില്‍ അടുത്തരാലത്തായി സംസ്ഥാനത്ത് വ്യാപകമാകുന്ന ഒന്നാണ് ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ്. പ്രതിവര്‍ഷം 2000 കോടിയിലേറെ രൂപയുടെ ബിസിനസാണ് ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് ഉള്‍പ്പെടെയുള്ളവയില്‍ നിന്ന് ലഭിക്കുന്നത്. കേരളത്തില്‍ ഈ ബിസിനസ് അതിവേഗം വളരുകയാണ്. വിദേശികള്‍ അടക്കമുള്ളവര്‍ എത്തുന്ന വമ്പന്‍ കോണ്‍ഫറന്‍സുകള്‍ക്കും കോടികള്‍ പൊടിക്കുന്ന വിവാഹങ്ങള്‍ക്കും കേരളത്തെ തിരഞ്ഞെടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നത് ശുഭ സൂചനയാണ്.
ടൂറിസം മേഖലയില്‍ കേരളം അതിന്റെ സാദ്ധ്യതകളെ വേണ്ടപോലെ ഉപയോഗിച്ചാല്‍ ഇത്തരം ബിസിനസ് സംരംഭങ്ങള്‍ ഇനിയും വളരും. പ്രകൃതി ഭംഗിയും അനുബന്ധ സൗകര്യങ്ങളും ഉള്ളത് കേരളത്തിന് അനുകൂലമായ ഘടകങ്ങളാണ്. ഒരുവര്‍ഷം 18,000ലധികം ഇവന്റുകളിലൂടെ 2,000 കോടിയിലേറെ രൂപ ഇവന്റ് മാനേജ്മെന്റ് സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, കണ്‍വെന്‍ഷന്‍ സെന്റര്‍ തുടങ്ങിയവക്ക് വരുമാനം ലഭിക്കുന്നുവെന്നാണ് കണക്കാക്കുന്നത്.
സെപ്റ്റംബര്‍ മുതല്‍ മേയ് മാസം വരെയെങ്കിലും നീണ്ടുനില്‍ക്കുന്നതാണ് കേരളത്തിലെ വിവാഹസീസണ്‍. ഓഡിറ്റോറിയങ്ങളും വീടുകളും വിട്ട് വിവാഹ ചടങ്ങുകളില്‍ പുതുമ തേടുന്ന പുതുതലമുറയ്ക്ക് ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗുകളോടുള്ള കമ്പം വര്‍ദ്ധിക്കുന്നുവെന്ന അനുകൂല ഘടകവും മുതല്‍കൂട്ടാണ്. അതോടൊപ്പം തന്നെ ആഗോളതലത്തിലെ നിരവധി കോണ്‍ഫറന്‍സുകള്‍ക്ക് കേരളത്തെ തിരഞ്ഞെടുക്കുന്ന വന്‍കിട കമ്പനികളുടെ എണ്ണവും ദിവസേന കൂടിവരികയാണ്. അതേസമയം ഒന്നാം തീയതിയിലെ ഡ്രൈ ഡേ പോലുള്ള കാര്യങ്ങള്‍ നിരവധി കമ്പനികളെ കേരളത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നുമുണ്ട്.