agriculture

കൃഷിയോട് വലിയ താത്പര്യമുള്ളവരാണ് നമ്മളില്‍ പലരും. എന്നാല്‍ റിസ്‌ക് വളരെ കൂടുതലാണെന്ന കാരണത്താല്‍ വ്യാവസായിക അടിസ്ഥാനത്തിലെ കൃഷിക്ക് പലരും തയ്യാറാകില്ല. എന്നാല്‍ വര്‍ദ്ധിച്ചുവരുന്ന സാധനങ്ങളുടെ വില കണക്കിലെടുത്ത് വീട്ടില്‍ തന്നെ കൃഷി ചെയ്യാവുന്ന നിരവധി പഴം, പച്ചക്കറി വര്‍ഗങ്ങളുമുണ്ട്. ഒന്ന് മനസ് വെച്ചാല്‍ വീട്ടില്‍ തന്നെ ആവശ്യത്തിനുള്ള സാധനം കൃഷി ചെയ്ത് വലിയ ലാഭം പോക്കറ്റിന് ഉണ്ടാകുകയും ചെയ്യും.

വലിയ വില കൊടുത്ത് വാങ്ങേണ്ട പഴ വര്‍ഗങ്ങളില്‍ ഒന്നാണ് സ്‌ട്രോബെറി. എന്നാല്‍ മനസുവെച്ചാല്‍ ഇത് നമ്മുടെ വീടുകളില്‍ വരെ കൃഷി ചെയ്യാമെന്ന് നിരവധിപേര്‍ക്ക് അറിയില്ല. ടെറസുകളില്‍ ഗ്രോ ബാഗുകളില്‍ വരെ സ്‌ട്രോബെറി കൃഷി ചെയ്യാം. പക്ഷേ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് മാത്രം. ചൂടും ഈര്‍പ്പവും നിറഞ്ഞ കാലാവസ്ഥയാണ് കേരളത്തില്‍ സ്‌ട്രോബെറി കൃഷിക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നത്.

വീട്ടില്‍ വളര്‍ത്താനായി തിരഞ്ഞെടുക്കുന്ന സ്ട്രോബെറിയുടെ ഇനത്തിന് വലിയ പ്രാധാന്യമുണ്ട്. കേരളം പോലുള്ള ഒരിടത്ത് ഡേ-ന്യൂട്രല്‍ അല്ലെങ്കില്‍ എവര്‍-ബെയറിങ് ഇനങ്ങള്‍ നട്ടുവളര്‍ത്തുന്നതാണ് നല്ലത്. കാരണം ഇവയ്ക്ക് ചൂടുള്ളതും തണുത്തതുമായ താപനിലയില്‍ കായ്ക്കാന്‍ കഴിയും. ആല്‍ബിയോണ്‍, സീസ്‌കേപ്, ചാന്‍ഡലര്‍, ക്വിനോള്‍ട്ട് എന്നിവ മികച്ചതാണ്. കാലാവസ്ഥയുമായി പൊരുത്തപ്പെടുന്ന പ്രാദേശിക സ്‌ട്രോബെറി ഇനങ്ങള്‍ കണ്ടെത്താന്‍ കഴിയുമെങ്കില്‍ അവയില്‍ നിന്നും മികച്ച വിളവ് ലഭിക്കാനുള്ള സാദ്ധ്യതയുണ്ടെന്നാണ് പറയപ്പെടുന്നത്.

സ്‌ട്രോബെറി കൃഷി ചെയ്യാനുപയോഗിക്കുന്ന കണ്ടെയ്‌നറുകള്‍ക്കും വലിയ പ്രാധാന്യമുണ്ട്. വെള്ളം കെട്ടി നില്‍ക്കുന്ന തരത്തിലുള്ളവ തിരഞ്ഞെടുക്കരുത്. ഇത് ചീയലിന് സാദ്ധ്യത വര്‍ദ്ധിപ്പിക്കും. ഓരോ ചെടിക്കും കുറഞ്ഞത് 6-8 ഇഞ്ച് (1520 സെ.മീ) ആഴവും ഏകദേശം 12-18 ഇഞ്ച് (3045 സെ.മീ) വ്യാസവുമുള്ള കണ്ടെയ്നറുകളാണ് അനുയോജ്യം. മാര്‍ക്കറ്റില്‍ കിലോയ്ക്ക് 400ന് മുകളില്‍ ആണ് വില. അതുകൊണ്ട് തന്നെ വ്യാവസായിക അടിസ്ഥാനത്തില്‍ അല്ലെങ്കില്‍ പോലും സ്‌ട്രോബെറി കൃഷി വലിയ ലാഭം സമ്മാനിക്കും.