cash-trap

ഇടുക്കി: പുതുവർഷത്തിൽ ഏലം വില ഉയരങ്ങളിലേക്ക് നീങ്ങുമെന്നാണ് കർഷകരുടെ പ്രതീക്ഷ. അടുത്ത വർഷം ആഗോള വിപണിയിൽ ഏലം വിലയിൽ കുതിപ്പുണ്ടാകുമെന്ന് വ്യാപാരികളും വിലയിരുത്തുന്നു. ഇന്ത്യൻ ഏലവുമായി മത്സരിക്കുന്ന ഗ്വാട്ടിമാലയിൽ ഉത്പാദനത്തിൽ ഇത്തവണ കഴിഞ്ഞ സീസണിലേക്കാൾ 40 50 ശതമാനം ഇടിയുമെന്നാണ് റിപ്പോർട്ട്. അതിനാൽ പുതുവർഷത്തിൽ ഇന്ത്യൻ ഏലത്തിന്റെ ഡിമാൻഡ് കൂടിയേക്കും.

കഴിഞ്ഞ ഏപ്രിലിൽ 2000 രൂപ കടന്ന വിലയിൽ പിന്നീട് ഇടിവുണ്ടായിട്ടില്ല. വിളവെടുപ്പ് സീസൺ അവസാനിക്കുന്നതും പശ്ചിമേഷ്യയിലെ ഉയർന്ന ഉപഭോഗവുമാണ് വില ഉയർത്തുന്നത്. കച്ചവടക്കാരുടെയും കർഷകരുടെയും പക്കൽ കാര്യമായ സ്റ്റോക്ക് ഇല്ലാത്തതിനാൽ വില ഇനിയും കൂടിയേക്കും. കിലോഗ്രാമിന് 2,800 മുതൽ 3,000 രൂപ വരെയാണ് കർഷകന് ഇപ്പോൾ ലഭിക്കുന്നത്. നല്ല വലുപ്പവും പച്ചനിറവുമുള്ള ഏലയ്ക്ക കിലോയ്ക്ക് 3100 രൂപയ്ക്ക് വരെ ലഭിക്കുന്നുണ്ട്. ഇന്നലെ പുറ്റടി സ്‌പൈസസ് പാർക്കിൽ കുമളി സ്‌പൈസ് മോർ ട്രേഡിംഗ് കമ്പനി നടത്തിയ ഇ ലേലത്തിൽ ഒരു കിലോ ഏലയ്ക്കയുടെ ശരാശരി വില 2927.61 രൂപയും പരമാവധി വില 3174 രൂപയുമായിരുന്നു.

1. കുറഞ്ഞ വിലയിൽ രാജ്യാന്തര വിപണിയിൽ ഏലയ്ക്ക വിൽക്കുന്ന ഗ്വാട്ടിമാലയിൽ ഉത്പാദനം ഇടിയുന്നതിനാൽ വില കൂടിയേക്കും

2. പശ്ചിമേഷ്യയിൽ റമദാന് മുന്നോടിയായി ഏലത്തിന്റെ ഉപഭോഗം കൂടുന്നതിന് അനുസരിച്ച് വിപണിയിൽ ചരക്ക് എത്താനിടയില്ല

3. കേരളത്തിൽ ഓൺലൈൻ ലേലത്തിലുണ്ടാകുന്ന വില വർദ്ധന ഫിസിക്കൽ വിപണിയിലും പ്രതിഫലിച്ചേക്കും

ഏലം വില ഏഴായിരം രൂപ കടന്നിട്ട് ആറ് വർഷം

2019 ഓഗസ്റ്റ് മൂന്നിനാണ് ഏലക്കയ്ക്ക് റെക്കാഡ് വില ലഭിക്കുന്നത്. അന്ന് പുറ്റടി സ്‌പൈസസ് പാർക്കിൽ നടന്ന ഇ ലേലത്തിൽ കിലോയ്ക്ക് 7000 രൂപ ലഭിച്ചു. അതോടെ ഹൈറേഞ്ചിലെ ഭൂരിഭാഗം കർഷകരും ഏലം കൃഷിയിലേക്ക് തിരിഞ്ഞു. ഇതിന്‌ശേഷം കൂപ്പുകുത്തിയ വില 2023 മുതലാണ് മെച്ചപ്പെട്ട് തുടങ്ങിയത്.


'കഴിഞ്ഞ വേനലിൽ കടുത്ത വരൾച്ചയെ തുടർന്ന് 40 ശതമാനം ഏലക്കൃഷി നശിച്ചുപോയിരുന്നു. വരൾച്ച ഉത്പാദനത്തെ സാരമായി ബാധിച്ചതോടെ വില ഉയർന്നു. ഉത്പന്നമില്ലാത്തതിനാൽ കർഷകന് അതിന്റെ പ്രയോജനം ലഭിച്ചില്ല. റീപൂളിംഗടക്കമുള്ള തട്ടിപ്പ് അവസാനിപ്പിച്ചില്ലെങ്കിൽ കർഷകന് 2025ലും വലിയ മെച്ചമുണ്ടാകില്ല.'

സജീവൻ കൃഷ്ണൻ

ഏലം കർഷകൻ,

കട്ടപ്പന