
കയ്റോ : ഈജിപ്റ്റിലെ ഓക്‌സിറിങ്കസ് മേഖലയിലെ കല്ലറയിൽ നടത്തിയ പര്യവേക്ഷണത്തിനിടെ സ്വർണ നാവും നഖങ്ങളോടും കൂടിയ 13 പുരാതന മമ്മികൾ കണ്ടെത്തി. കല്ലറയിൽ ഖനനം നടത്തിയ ഗവേഷകർ മൂന്ന് അറകളുള്ള ഒരു ഹാൾ കണ്ടെത്തുകയായിരുന്നു. അറകളിലാണ് മമ്മികൾ സൂക്ഷിച്ചിരുന്നത്. ടോളമിക് കാലഘട്ടത്തിൽ (ഏകദേശം 304 ബി.സി- 30 ബി.സി) ജീവിച്ചിരുന്ന ഉന്നതരുടെ മമ്മികളാണ് ഇതെന്ന് കരുതുന്നു. നേരത്തെ ഓക്‌സിറിങ്കസിൽ നിന്ന് 16 സ്വർണ നാവുകൾ ഗവേഷകർ കണ്ടെത്തിയിരുന്നു. നാവിൽ സ്വർണം ഘടിപ്പിക്കുന്നതിലൂടെ മരിച്ചയാൾക്ക് അയാളുടെ മരണാനന്തര ജീവിതത്തിൽ സംസാരശേഷി ലഭിക്കുമെന്നായിരുന്നത്രെ പുരാതന ഈജിപ്ഷ്യൻ വിശ്വാസം.