ms-solution

കോഴിക്കോട്: ക്രിസ്തുമസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച് സംഘം. എം എസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബിന്റെ ഓഫീസിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണിന്റെയും ഹാർഡ് ഡിസ്‌കിന്റെയും ശാസ്ത്രീയ പരിശോധനാഫലം വന്ന ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. അധികം വൈകാതെ പരിശോധനാഫലങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചോദ്യപേപ്പർ ചോർത്തി നൽകിയത് സംബന്ധിച്ച നിർണായക തെളിവുകൾ ഇതിലൂടെ കിട്ടുമെന്നും അന്വേഷണ സംഘം കരുതുന്നു.

ഷുഹൈബ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ അടുത്ത ദിവസം കോഴിക്കോട് ജില്ലാ കോടതി പരിഗണിക്കുന്നുണ്ട്. അതിന് ശേഷമാകും ഷുഹൈബിനെ ചോദ്യം ചെയ്യാനുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടക്കുക.

എം എസ് സൊല്യൂഷന്റെ ചോദ്യ പേപ്പർ നോക്കി പഠിക്കരുതെന്ന് പറഞ്ഞ അദ്ധ്യാപകനെ ഷുഹെെബ് ഫോണിൽ വിളിച്ച് അസഭ്യം പറയുന്നതിന്റെയും ഭീഷണിപ്പെടുത്തിയതിന്റെയും ഓഡിയോ നേരത്തേ പുറത്തുവന്നിരുന്നു. വീട്ടിൽ വരുമെന്നും വന്നശേഷം പണിതരുമെന്നും ഷുഹെെബ് പറയുന്നതാണ് ഓഡിയോയിൽ ഉള്ളത്. സംഭവത്തിൽ അദ്ധ്യാപകൻ കൊടുവള്ളി പൊലീസിൽ പരാതി നൽകിയിരുന്നു. എം എസ് സൊല്യൂഷന്റെ ചോദ്യങ്ങൾ മാത്രം പഠിച്ചിട്ട് വരരുതെന്നും പുസ്തകം നന്നായി പഠിച്ച് വേണം പരീക്ഷയെഴുതണമെന്നുമാണ് അദ്ധ്യാപകൻ വിദ്യാർത്ഥിയോട് പറഞ്ഞത്. ഇതാണ് ഷുഹെെബിനെ പ്രകോപിപ്പിച്ചത്. ഈ പരാതിയും അന്വേഷണസംഘം പരിശോധിക്കും.

എം.എസ്. സൊല്യുഷൻസിന്റെ ഓൺലൈൻ ക്ലാസുകളിലെ അശ്ലീല പരാമർശങ്ങളെക്കുറിച്ച് ലഭിച്ച പരാതിയിൽ റൂറൽ സെെബർ സെൽ മെയിൽ മുഖേന മെറ്റയോട് വിവരം തേടിയിട്ടുണ്ട്. സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ നീക്കം ചെയ്തതിനെത്തുടർന്ന് വീഡിയോ കണ്ടന്റിന്റെ ഉള്ളടക്കത്തെക്കുറിച്ചറിയാനാണ് മെയിൽ മുഖേനേ മെറ്റയെ സമീപിച്ചത്. സൊല്യുഷൻസിന്റെ ഓൺലൈൻ ക്ലാസുകളിലെ അശ്ലീല പരാമർശങ്ങളെക്കുറിച്ച് എ.ഐ.വെെ.എഫ് നൽകിയ പരാതി കൊടുവള്ളി പൊലീസ് എസ്.എച്ച്. ഒ കെ.പി അഭിലാഷ് കഴിഞ്ഞ ദിവസമാണ് സെെബർ സെല്ലിന് കെെമാറിയത്.