halwa

ആലപ്പുഴ : അരിയിൽ നിന്ന് റെഡി ടു ഈ​റ്റ് പാസ്ത , പൈനാപ്പിളിൽ നിന്ന് വിനാഗിരി, ജാതിക്കാത്തോടിൽ നിന്ന് ജെല്ലി, എള്ളിലുണ്ടാക്കിയ ഹൽവ.... തുടങ്ങി​ വ്യത്യസ്തങ്ങളായ വി​ഭവങ്ങളുമായി​ കരപ്പുറം കാഴ്ചാ പ്രദർശനത്തിൽ കൗതുകമായി കേരള കാർഷിക സർവകലാശാല പവലിയൻ.
വാഴ, നെല്ല്, ജാതിക്ക, കശുമാങ്ങ, കൊക്കോ, എള്ള്, റാഗി, ചക്ക, കൂൺ, മത്സ്യം, തേൻ, തേങ്ങ, മാങ്ങ, പൈനാപ്പിൾ തുടങ്ങി ചു​റ്റുവട്ടത്തെ കാർഷിക വിഭവങ്ങളിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളാണ് സ്​റ്റാളിലുള്ളത്. കണ്ണാറ കാർഷിക സർവകലാശാല വാഴ ഗവേഷണ കേന്ദ്രം, കോട്ടയം എ.സി.എ.ആർ കൃഷി വിജ്ഞാനകേന്ദ്രം, ഓണാട്ടുകര മേഖല കാർഷിക ഗവേഷണ കേന്ദ്രം, അഗ്രി​ ബിസിനസ് ഇൻക്യുബേ​റ്റർ എന്നീ സ്ഥാപനങ്ങളാണ് കാർഷികസർവകലാശാല സ്​റ്റാളിലെ പങ്കാളികൾ.


മൂല്യവർദ്ധിത ഉത്പന്നങ്ങളെക്കുറിച്ച് വ്യത്യസ്തമായ ആശയങ്ങളുമായി എത്തുന്ന കർഷകർക്കും നവസംരംഭകർക്കും നിർദേശങ്ങൾ നൽകാനായി വെള്ളാനിക്കര കാർഷിക സർവകലാശാലയിലെ റാഫ്ത്താർ അഗ്രി ബിസിനസ് ഇൻക്യൂബേ​റ്റർ ജീവനക്കാരുണ്ട്. ഭക്ഷ്യസംസ്‌കരണ മേഖലയിലെ സൂക്ഷ്മ സംരംഭങ്ങൾക്ക് പിന്തുണ നൽകുന്ന പ്രധാനമന്ത്റി സൂക്ഷ്മ ഭക്ഷ്യസംസ്‌കരണ വ്യവസായ സംരംഭ രൂപവത്കരണ പദ്ധതിയെ കൂടുതൽ അടുത്തറിയാനും ചേർത്തല സെന്റ് മൈക്കി​ൾസ് കോളേജ് മൈതാനത്തെ സ്​റ്റാളിലൂടെ കഴിയും. ഭക്ഷ്യസംസ്‌കരണമേഖലയിലെ പ്രധാനയന്ത്റ സാമഗ്രികളെ പരിചയപ്പെടുത്താനും സ്​റ്റാളിൽ അവസരമുണ്ട്. നൂതന ആശയങ്ങളുടെ മാതൃക രൂപീകരണത്തിനായി 5 ലക്ഷം രൂപ വരെയും വാണിജ്യവത്കരണത്തിനും മാതൃകാ വിപുലീകരണത്തിനും 25 ലക്ഷവും അഗ്രി ബിസിനസ്സ് ഇൻക്യൂബേ​റ്റർ വഴി ധനസഹായമുണ്ട്.

പരമ്പരാഗത കാർഷികോപകരണങ്ങളും

കാർഷിക സർവകലാശാല സംഘടിപ്പിക്കുന്ന ഭക്ഷ്യസംസ്‌കരണ പരിശീലനത്തിനുള്ള രജിസ്‌ട്രേഷനും കൃഷി സംബന്ധമായ സംശയങ്ങൾക്ക് അഗ്രി​ ക്ലിനിക്കും ഇവി​ടെ ഒരുക്കിയിട്ടുണ്ട്. വാഴപ്പിണ്ടി, വാഴപ്പൂവ് അച്ചാർ മുതൽ ബനാന ടോഫിയും ജാക്ക് ഫലൂദ മിക്‌സും മഷ്‌റൂം ടോഫിയും റാഗി അവലും കേരച്ചക്കരയും വരെയുള്ള മൂല്യവർധിത ഉത്പന്നങ്ങൾ കാണാനും അവയുടെ നിർമാണരീതികൾ മനസ്സിലാക്കാനും സൗകര്യമൊരുക്കുന്ന സ്​റ്റാളിൽ ഒട്ടേറെ സന്ദർശകരാണ് എത്തുന്നത്. പെട്ടിയും പറയും ചക്രവും പത്താഴവും പോലുള്ള പരമ്പരാഗത കാർഷികോപകരണങ്ങളുടെ മാതൃകകൾ പ്രദർശിപ്പിക്കുന്ന സ്​റ്റാളിൽ മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ വിൽപ്പനയുമുണ്ട്.