
ലക്‌നൗ: ഭക്തരോട് മാന്യമായി വസ്ത്രം ധരിച്ചെത്തണമെന്ന് താക്കീത് നൽകി വൃന്ദാവനിലെ താക്കൂർ ബങ്കേബിഹാരി ക്ഷേത്രം. ഇതുമായി ബന്ധപ്പെട്ടുളള നിർദ്ദേശങ്ങൾ ക്ഷേത്രം അധികാരികളാണ് പുറത്തിറക്കിയിരിക്കുന്നത്. ഉത്തർപ്രദേശിലെ മഥുര ജില്ലയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രപരിസരത്ത് മോഡേൺ വസ്ത്രം ഒഴിവാക്കാനും ക്ഷേത്രസമിതി ആവശ്യപ്പെട്ടിട്ടുണ്ട്. പുതുവർഷത്തിന് മുന്നോടിയായി ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ തിരക്ക് കണക്കിലെടുത്താണ് പുതിയ തീരുമാനം.

മിനി സ്കേർട്ട്സ്, ടോൺ ജീൻസ് (കീറിയ ജീൻസ്), ഹാഫ് പാന്റുകൾ, നൈറ്റ് സ്വീട്ട്സ് തുടങ്ങിയവ ധരിക്കുന്നത് ക്ഷേത്ര ആചാരങ്ങൾക്ക് എതിരാണ്. ഇത് ക്ഷേത്രത്തിന്റെ പവിത്രതയും അന്തസും തകർക്കുമെന്നും ക്ഷേത്രം അധികൃതർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടുളള അഭ്യർത്ഥന മാദ്ധ്യമങ്ങളിലൂടെയും ക്ഷേത്രത്തിലേക്കുളള വഴികളിലും അറിയിപ്പായി നൽകിയിട്ടുണ്ട്. താക്കൂർ ബങ്കേബിഹാരി ക്ഷേത്രത്തിന്റെ സംസ്‌കാരം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇത് നടപ്പിലാക്കുന്നതെന്ന് മാനേജർ മുനീഷ് ശർമ പറഞ്ഞു. മഥുരയ്ക്ക് പുറത്തുനിന്നെത്തുന്ന ഭക്തർ ടീ ഷർട്ടും ജീൻസും ധരിച്ച് ക്ഷേത്രത്തിൽ കൂടുതലായി എത്തുന്നു. ഇത് ആചാരത്തിന് യോജിച്ചതല്ലെന്ന് അദ്ദേഹം പറഞ്ഞു. വിദേശത്ത് നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും പ്രതിവർഷം ആയിരക്കണക്കിന് ഭക്തരാണ് ഇവിടെ എത്തുന്നത്.