iphone

ചെന്നൈ: ക്ഷേത്രത്തിലെ ഭണ്ഡാരപ്പെട്ടിയിൽ അബദ്ധത്തിൽ വീണ ഐഫോൺ ഭക്തന് തിരികെ നൽകില്ലെന്ന് ക്ഷേത്രസമിതി. തമിഴ്‌നാട് ചെങ്കൽപ്പേട്ട് ജില്ലയിലെ തിരുപൊരൂരിലുള്ള ശ്രീ കന്ദസ്വാമി ക്ഷേത്രത്തിലെ ഭണ്ഡാരപ്പെട്ടിയിലാണ് ദിനേശ് എന്നയാളുടെ ഐഫോൺ വീണുപോയത്. ഭണ്ഡാരപ്പെട്ടിയിൽ വീണ ഐഫോൺ ഇപ്പോൾ ക്ഷേത്രത്തിന്റെ സ്വത്തായി മാറിയെന്നാണ് തമിഴ്‌നാട് ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിൾ എൻഡോവ്‌മെന്റ്‌സ് വകുപ്പ് അറിയിച്ചത്.

1975ലെ നിയമപ്രകാരം ഭണ്ഡാരപ്പെട്ടിയിൽ നിക്ഷേപിക്കപ്പെട്ട ഒരു വസ്‌തുവും ഏതൊരു സാഹചര്യത്തിലും ഉടമയ്ക്ക് തിരികെ നൽകില്ല. ഫോൺ വഴിപാടായി കണക്കാക്കും. അതിലെ വിവരങ്ങൾ മാത്രമേ തിരികെ നൽകാൻ സാധിക്കുകയുള്ളൂവെന്നും ക്ഷേത്രഭാരവാഹികൾ വ്യക്തമാക്കി. ഫോൺ തിരികെ നൽകണമെന്ന ദിനേശിന്റെ അഭ്യർത്ഥനയും ഭാരവാഹികൾ നിരസിച്ചു.

സംഭവത്തിൽ ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് വകുപ്പ് മന്ത്രി പി കെ ശേഖർ ബാബുവും പ്രതികരിച്ചു. ഭണ്ഡാരപ്പെട്ടിയിൽ നിക്ഷേപിക്കുന്നതെന്തും, അത് ഏകപക്ഷീയമായ പ്രവൃത്തിയാണെങ്കിൽ പോലും ദൈവത്തിനുള്ളതായി മാറുമെന്ന് മന്ത്രി വ്യക്തമാക്കി. ക്ഷേത്രാചാരങ്ങൾ പ്രകാരം ഭണ്ഡാരപ്പെട്ടിയിൽ നിക്ഷേപിക്കുന്നതെന്തും ആ ക്ഷേത്രത്തിലെ ദൈവത്തിനുള്ളതായി മാറും. ഭക്തർക്കത് തിരികെ നൽകാൻ നിയമം ക്ഷേത്രം ഭരണസമിതിയെ അനുവദിക്കുന്നില്ല. എന്നിരുന്നാലും ഐഫോൺ നഷ്ടപ്പെട്ട ഭക്തന് നഷ്ടപരിഹാരം നൽകാൻ സാധിക്കുമോയെന്നത് മറ്റ് ഉദ്യോഗസ്ഥരുമായി ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

സമാന സംഭവം മുൻപും തമിഴ്‌നാട്ടിൽ സംഭവിച്ചിട്ടുണ്ട്. ആലപ്പുഴ സ്വദേശിനിയായ എസ് സംഗീതയുടെ ഒന്നേമുക്കാൽ പവന്റെ സ്വർണമാല അബദ്ധത്തിൽ ഭണ്ഡാരപ്പെട്ടിയിൽ വീണുപോയിരുന്നു. പഴനി ശ്രീ ദണ്ഡായുതപാണി ക്ഷേത്രത്തിലാണ് സംഭവം നടന്നത്. കഴുത്തിലെ പൂമാല മാറ്റുന്നതിനിടെ സ്വർണമാല പെട്ടിക്കുള്ളിൽ വീഴുകയായിരുന്നു. തുടർന്ന് ക്ഷേത്രഭാരവാഹികൾ മാല തിരികെ നൽകിയില്ലെങ്കിലും ക്ഷേത്ര ബോർഡ് ചെയർമാൻ സ്വന്തം ചെലവിൽ യുവതിക്ക് അതേ മൂല്യമുള്ള സ്വർണമാല വാങ്ങി നൽകുകയായിരുന്നു.