
ക്വാലാലംപൂർ: പ്രഥമ അണ്ടർ 19 വനിതാ ഏഷ്യാകപ്പിൽ വിജയ കിരീടം സ്വന്തമാക്കി ഇന്ത്യ. ക്വാലാലംപൂരിലെ ബയേമസ് ഓവലിൽ നടന്ന ഫൈനൽ മത്സരത്തിൽ ബംഗ്ലാദേശിനെ 41 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 118 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയെങ്കിലും ബംഗ്ലാദേശ് 76 റൺസിന് പുറത്തായി. ഇന്ത്യയ്ക്കായി ഓപ്പണർ ഗോംഗതി തൃഷ അർദ്ധ സെഞ്ച്വറി കണ്ടെത്തിയപ്പോൾ മൂന്ന് വിക്കറ്റ് വീഴ്ത്തി ആയുഷി ശുക്ല ബൗളിങ്ങിലും തിളങ്ങി. തൃഷയാണ് കളിയിലെ താരം.സ്കോർ: ഇന്ത്യ -20 ഓവറിൽ ഏഴിന് 117, ബംഗ്ലാദേശ് 18.3 ഓവറിൽ 76ന് എല്ലാവരും പുറത്ത്.
ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 117 റൺസെടുക്കാനേ കഴിഞ്ഞുളളൂ. തൃഷയൊഴികെ മറ്റാർക്കും വലിയ സ്‌കോർ നേടാൻ സാധിച്ചില്ല. തൃഷ 47 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്സും സഹിതം 52 റൺസെടുത്തു. 12 പന്തിൽ 17 റൺസ് മിഥില വിനോദ് നേടി. ബംഗ്ലാദേശിന് വേണ്ടി ഫാസ്റ്റ് ബൗളർ ഫർജാന ഈസ്മിൻ നാല് ഓവറിൽ 31 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിനെ ശക്തിപ്പെടുത്താൻ ഇന്ത്യ അനുവദിച്ചില്ല.