
ഹൈദരാബാദ്: പുഷ്പ 2 പ്രദർശനത്തിനിടെ സ്ത്രീ മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുനെ വീണ്ടും കുറ്റപ്പെടുത്തി തെലങ്കാന മുഖ്യമന്ത്രി രേവന്തി റെഡ്ഡി. സംഭവ ദിവസം പൊലീസ് അനുമതി നിഷേധിച്ചിട്ടും അല്ലു അർജുൻ പുഷ്പ2 പ്രദർശിപ്പിച്ച തിയേറ്ററിൽ എത്തി. തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ചതിന് ശേഷവും നടൻ സിനിമാ ഹാളിൽ നിന്ന് പുറത്തിറങ്ങിയില്ലെന്നും ഇതാണ് നിർബന്ധിച്ച് പുറത്താക്കാൻ പൊലീസിനെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം വിമർശിച്ചു.
എഐഎംഐഎം എംഎൽഎ അക്ബറുദ്ദീൻ ഒവൈസി നിയമസഭയിൽ വിഷയം ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് റെഡ്ഡി വിമർശനവുമായെത്തിയിരിക്കുന്നത്. ജനക്കൂട്ടത്തെ വകവെക്കാതെ റോഡ്‌ഷോ നടത്തുകയും ജനക്കൂട്ടത്തിന് നേരെ കൈകാണിക്കുകയും ചെയ്തതിൽ അല്ലു അർജുനെ അദ്ദേഹം കുറ്റപ്പെടുത്തി.
ഡിസംബർ നാലിന് അല്ലു അർജുൻ അടക്കമുള്ള അഭിനേതാക്കൾ തീയേറ്ററിലെത്തുന്നുണ്ടെന്നും സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് രണ്ടാം തീയതി തിയേറ്റർ മാനേജ്‌മെന്റ് പൊലീസിന് കത്ത് നൽകിയിരുന്നു. എന്നാൽ, ആൾക്കൂട്ടത്തെ കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി പൊലീസ് അപേക്ഷ നിരസിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.
നടൻ തന്റെ കാറിന്റെ സൺറൂഫിലൂടെ ജനക്കൂട്ടത്തിന് നേരെ കൈകാണിക്കുകയും, ഇത് അദ്ദേഹത്തെ കാണാൻ വന്ന ആയിരക്കണക്കിന് ആരാധകരെ പ്രകോപിപ്പിച്ചുവെന്നും റെഡ്ഡി ആരോപിച്ചു. പ്രദേശത്ത് നിരവധി തിയേറ്ററുകൾ ഉള്ളതിനാൽ നടൻ എത്തിയപ്പോൾ ആയിരക്കണക്കിന് ആരാധകരാണ് തടിച്ചുകൂടിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
റെഡ്ഡിയുടെ ആരോപണങ്ങളെല്ലാം അല്ലു അർജുൻ തള്ളി. പൊലീസാണ് തനിക്ക് വഴിയൊരുക്കിയതെന്നും അവരുടെ നിർദേശ പ്രകാരമാണ് താൻ വേദിയിലെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
'നിലവിലെ സാഹചര്യം കണക്കിലെടുത്ത് പെട്ടെന്ന് സ്ഥലം കാലിയാക്കണമെന്നറിയിക്കാൻ പൊലീസ് ഉദ്യോഗസ്ഥൻ തീയേറ്ററിലെത്തിയിരുന്നു. എന്നാൽ തീയേറ്റർ മാനേജ്‌മെന്റ് അല്ലുവിനെ കാണാൻ പൊലീസുകാരനെ ആദ്യം അനുവദിച്ചില്ല, എന്നിരുന്നാലും, പൊലീസ് നടന്റെ അടുത്തെത്തി, താങ്കൾ പോയില്ലെങ്കിൽ ജനക്കൂട്ടം പോകില്ലെന്നും അതിനാൽ പോകണമെന്നും ആവശ്യപ്പെട്ടു. താരം കുലുങ്ങിയില്ല. തുടർന്ന് സ്ഥലത്തെത്തിയ ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ നടനോട് ഉടൻ ഇവിടെനിന്ന് പോകണമെന്നും ഇല്ലെങ്കിൽ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകേണ്ടിവരുമെന്നും പറഞ്ഞു. മുതിർന്ന ഉദ്യോഗസ്ഥൻ താരത്തെ തീയറ്ററിൽ നിന്ന് പുറത്തിറക്കി. പോകുമ്പോഴും താരം വീണ്ടും ജനക്കൂട്ടത്തിന് നേരെ കൈവീശി. 'എന്തൊരു മനുഷ്യനാണ് (നടൻ)'- റെഡ്ഡി ചോദിച്ചു.
എന്നാൽ ആൾക്കൂട്ടത്തിന് നേരെ കൈവീശി റോഡ്‌ഷോ നടത്തിയെന്ന ആരോപണവും ആരെയും പരാമർശിക്കാതെ അദ്ദേഹം നിഷേധിച്ചു. 'അനുമതി ഇല്ലായിരുന്നുവെങ്കിൽ, അവർ ഞങ്ങളോട് മടങ്ങിപ്പോകാൻ പറയുമായിരുന്നു. ഞാൻ നിയമം അനുസരിക്കുന്ന പൗരനാണ്. അത്തരം നിർദേശങ്ങളൊന്നും എനിക്ക് നൽകിയിട്ടില്ല.'- നടൻ പറഞ്ഞു.