usa

വാഷിംഗ്‌ടൺ: ചെങ്കടലിൽ നിരീക്ഷണപ്പറക്കൽ നടത്തിക്കൊണ്ടിരുന്ന സ്വന്തം യുദ്ധവിമാനത്തെ അബദ്ധത്തിൽ വെടിവച്ചിട്ട് അമേരിക്ക. അമേരിക്കയുടെ അതിപ്രധാന യുദ്ധക്കപ്പലായ ഹാരി എസ് ട്രൂമാനിൽ നിന്ന് പറന്നുയർന്ന എഫ്/എ-18 വിമാനമാണ് അമേരിക്കയുടെ തന്നെ മറ്റൊരു യുദ്ധക്കപ്പലിൽ നിന്നുള്ള മിസൈൽ പ്രയോഗത്തിൽ നിലംപതിച്ചത്. വിമാനത്തിലുണ്ടായിരുന്ന രണ്ടുപേരും രക്ഷപ്പെട്ടു. ഇതിൽ ഒരാൾക്ക് നേരിയ പരിക്കുണ്ടെന്നും റിപ്പോർട്ടുണ്ട്.

ചെങ്കടലിൽ അമേരിക്കയുടേത് ഉൾപ്പെടെയുള്ള കപ്പലുകൾക്കുനേരെ ഹൂതികൾ ആക്രമണം നടത്തുന്നത് പതിവാണ്. അതിനാൽ തന്നെ കനത്ത സൈനിക നിരീക്ഷണം മേഖലയിലുണ്ട്. വിമാനം തകർന്നുവീണ ഉടൻ തങ്ങളുടെ തന്നെ മിസൈലേറ്റാണ് വിമാനം തകർന്നതെന്നും അബദ്ധം പറ്റിയതാണെന്നും വ്യക്തമാക്കി അമേരിക്ക രംഗത്തെത്തി.

വിമാനം തകർന്നതിന് പിന്നിൽ തങ്ങളാണെന്ന് ഹൂതികൾ അവകാശവാദമുന്നയിച്ചേക്കുമോ എന്ന് ഭയന്നാണ് അമേരിക്ക തിടുക്കത്തിൽ രംഗത്തെത്തിയത് എന്നാണ് റിപ്പോർട്ടുകൾ. ഹൂതികൾക്കെതിരെ ശക്തമായ നടപടികളാണ് അമേരിക്ക സ്വീകരിക്കുന്നത്. ഇന്നലെ ചെങ്കടലിന് മുകളിൽ പ്രത്യക്ഷപ്പെട്ട ഹൂതികളുടെ ഡ്രോണുകൾക്കും, മിസൈലുകൾക്കും നേരെ തങ്ങൾ വെടിയുതിർത്തുവെന്ന് അമേരിക്ക അവകാശപ്പെട്ടിരുന്നു. അതിന് തൊട്ടുപിന്നാലെയായിരുന്നു അവർക്ക് അബദ്ധം പിണഞ്ഞത്. സനയിലെ കമാൻഡിംഗ്, മിസൈൽ സംഭരണ കേന്ദ്രങ്ങൾ എന്നിവ ആക്രമിച്ചതായും അമേരിക്ക അവകാശപ്പെട്ടിരുന്നു.

ഇറാന്റെ പിന്തുണയാേടെയാണ് ഹൂതികൾ ചെങ്കടലിൽ കപ്പലുകൾക്കുനേരെ ആക്രമണം നടത്തുന്നതെന്നാണ് അമേരിക്ക ആരോപിക്കുന്നത്. ഇത് ഇറാൻ നിഷേധിച്ചിട്ടുണ്ട്. കപ്പലുകൾക്കുനേരെയുള്ള ആക്രമണങ്ങൾ കൂടിയതോടെ ഇരുപതോളം രാജ്യങ്ങൾ ചേർന്ന പ്രതിരോധസഖ്യത്തെയും രൂപീകരിച്ചിട്ടുണ്ട്. ആക്രമണം കടുത്തതോടെ ഇതുവഴിയുളള ചരക്കുനീക്കം പല ഷിപ്പിംഗ് കമ്പനികളും ഒഴിവാക്കിയിട്ടുണ്ട്.