tourists

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ പൊൻമുടി മെർക്കിസ്റ്റൻ എസ്റ്റേറ്റിന് സമീപത്തായി നവീകരിച്ച ക്യാമ്പ് ഷെഡിന്റെയും (റെസ്റ്റ് ഹൗസ്)​ ഇതിനോടനുബന്ധിച്ച് പുതിയതായി ആരംഭിക്കുന്ന കഫറ്റേരിയയുടെയും ഉദ്ഘാടനം 31ന് വൈകിട്ട് 3.30ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും. ഡി.കെ. മുരളി എം.എൽ എ അദ്ധ്യക്ഷത വഹിക്കും. 78 ലക്ഷം രൂപ ചെലവാക്കിയാണ് ക്യാമ്പ് ഷെഡ് പുതുക്കിയത്. കൂടാതെ കൂടുതൽ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 5 കോടി രൂപയും അനുവദിച്ചു. സ്ട്രക്ച്ചറൽ ഡിസൈൻ കൂടി പൂർത്തിയാകുന്നതോടെ ടെൻഡർ നടപടികളാരംഭിക്കും.

ponmudi

നിലവിൽ നവീകരിച്ച അഞ്ച് റൂമുകളിൽ ഒരെണ്ണം എ.സിയാണ്. ആധുനിക രീതിയിൽ ബാത്ത് റൂമുകളും സജ്ജീകരിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ മുൻഭാഗം തറയോട് പാകി. കഫറ്റേരിയ കൂടി വരുന്നതോടെ പൊൻമുടിയിലെത്തുന്ന വിനോദസഞ്ചാരികൾ ഭക്ഷണത്തിനായി ബുദ്ധിമുട്ടേണ്ട. പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ അപ്പർ സാനിട്ടോറിയത്തിൽ 15 കോടിയോളം രൂപ ചെലവിൽ നിർമ്മിക്കുന്ന പുതിയ ഗസ്റ്റ് ഹൗസിന്റെ നിർമ്മാണം പൂർത്തിയായി. ടൂറിസം വകുപ്പിന്റെ ഫർണിഷിംഗ് പ്രവൃത്തികൾ കൂടി കഴിഞ്ഞാൽ ഉടനെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് മന്ത്രി അറിയിച്ചു.