
കവയിത്രി, പരിസ്ഥിതി സംരക്ഷക , സാമൂഹ്യ പ്രവർത്തക എന്നീ നിലകളിൽ കേരള സമൂഹത്തിൽ സുഗതകുമാരി ടീച്ചർ കുറിച്ചിട്ട അടയാളപ്പെടുത്തലുകൾ മായാതെ കിടക്കുമ്പോഴും സ്ത്രീ സുരക്ഷയ്ക്കും പരിസ്ഥിതി സംരക്ഷണത്തിനും വേണ്ടി ടീച്ചർ കയ്യിലേന്തിയ സമരപതാക ഏറ്റുവാങ്ങാൻ കേരളീയ സമൂഹത്തിൽ ആരുമില്ലെന്ന ദു:ഖസത്യം എന്നെയും നിങ്ങളെയും വേദനിപ്പിക്കുന്നു. സുഗതകുമാരി ടീച്ചറുടെ വിയോഗം കേരള സമൂഹത്തിൽ സൃഷ്ടിച്ചത് വ്യവച്ഛേദിക്കാനാവാത്ത ഒരുതരം നഷ്ടബോധമാണ്.
അനാഥർക്കു വേണ്ടി, ആർത്തർക്കു വേണ്ടി, പരിത്യജിക്കപ്പെട്ടവർക്കു വേണ്ടി ഉത്കണ്ഠപ്പെടുവാനും അവരുടെ ദു:ഖങ്ങൾ തന്റെ ദു:ഖങ്ങളായി ഏറ്റെടുക്കുവാനും എന്തും ത്യജിച്ചും പരിഹാരം തേടുവാനും ടീച്ചർ കാണിച്ച ആർജ്ജവം എക്കാലവും സമൂഹം സ്മരിക്കും. നിരന്തരം ആക്രമിക്കപ്പെടുന്ന പ്രകൃതിയെപ്പറ്റിയും വെട്ടിമാറ്റപ്പെടുന്ന മരങ്ങളെപ്പറ്റിയും നിഷ്കരുണമുള്ള വനം കയ്യേറ്റങ്ങളെപ്പറ്റിയും ആവാസ വ്യവസ്ഥ അപഹരിക്കപ്പെടുന്ന പക്ഷി,മൃഗജാലങ്ങളെപ്പറ്റിയും ടീച്ചറുടെ മനസ് സദാ കുണ്ഠിതപ്പെട്ടു.
ഉണങ്ങാത്ത മുറിവുകളുമായി ടീച്ചർ അനവധി പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. ടീച്ചർ നേതൃത്വം നൽകിയ സമരങ്ങളിൽ ആദ്യം വിജയം കണ്ടത് സൈലന്റ് വാലിയിൽ ആയിരുന്നു. സൈലന്റ് വാലി ഇന്നും പച്ചപുതച്ചു നിൽക്കുന്നത് സുഗതകുമാരി ടീച്ചറുടെ ആർജ്ജവവും ആത്മാർത്ഥതയും തിരിച്ചറിഞ്ഞ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ സുദൃഢമായ തീരുമാനം മൂലമാണ്. പ്രകൃതിയുടെ താളത്തിന് ഇമ്പം നൽകിയ കവി കൂടിയായിരുന്നു ടീച്ചർ. പ്രകൃതിസ്നേഹം മൗലികവാദപരമായി കണ്ട ആളായിരുന്നില്ല ടീച്ചർ. മറിച്ച്, അത് മനുഷ്യസ്നേഹപരമാണെന്നും സഹജീവി സ്നേഹപരമാണെന്നും ടീച്ചർ സമൂഹത്തെ പഠിപ്പിച്ചു.
പ്രകൃതിയുടെ
കവിത
ടീച്ചറുടെ ജീവിതം മലയാളികളുടെ മനസിന്റെ സ്പന്ദനങ്ങളായിരുന്നു. തന്നെ എഴുത്തുകാരിയാക്കിയത് മനുഷ്യനും പ്രകൃതിയുമാണ് എന്ന് ടീച്ചർ പറയുമായിരുന്നു. മണ്ണിലും വിണ്ണിലും പൂവിലും പൂമ്പാറ്റകളിലും പുഴയിലും അരുവികളിലും കവിത തേടിയ ടീച്ചറുടെ കാവ്യലോകം സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും അനുതാപത്തിന്റെയും വർണരാജികൾ വിടർത്തിയിരുന്നു. ആധുനിക മലയാള കവിതയെ ഹരിതവത്കരിച്ച കവികളുടെ മുൻ നിരയിലാണ് ടീച്ചറുടെ സ്ഥാനം.
പാരിസ്ഥിതിക കേരളത്തിന്റെ അംബാസിഡർ ആയിരുന്നു സുഗതകുമാരി ടീച്ചർ. പരിസ്ഥിതി സംരക്ഷണം ഒരു ദേശീയ അജണ്ടയായി രൂപപ്പെട്ടത് ടീച്ചർ നേതൃത്വം നൽകിയ സൈലന്റ് വാലി സംരക്ഷണ പോരാട്ടത്തെ തുടർന്നാണ്.
പ്രകൃതി സംരക്ഷണത്തിന് ഒരു സംഘടന എന്ന ആശയം രൂപപ്പെടുത്തിയതും ടീച്ചർ തന്നെ. പ്രകൃതിയെ നശിപ്പിക്കുന്നത് മനുഷ്യരാശിയെത്തന്നെ നശിപ്പിക്കുന്നതിനു തുല്യമാണെന്ന് ടീച്ചർ പറഞ്ഞുകൊണ്ടേയിരുന്നു. മരങ്ങൾക്കും മലകൾക്കും പുഴകൾക്കും ക്ഷതമേൽക്കുമ്പോൾ ആ മനസ് വേദനിച്ചു. അതിനെതിരെയുള്ള ടീച്ചറുടെ ഗർജ്ജനം സിംഹാസനങ്ങളെ വിറപ്പിച്ചിരുന്നു. മലയോര മേഖലകളിൽ മാത്രമല്ലസ നാട്ടിൻപുറങ്ങളിലും നഗരത്തിലും ശേഷിച്ചിരിക്കുന്ന വൃക്ഷങ്ങൾ യഥാർത്ഥത്തിൽ സുഗതസ്മാരകങ്ങളാണ്.
പ്രകൃതിയേയും മനുഷ്യനേയും സ്നേഹിച്ചതുപോലെ ടീച്ചർ മലയാള ഭാഷയെയും സ്നേഹിച്ചു. മലയാളത്തെ ശ്രേഷ്ഠഭാഷയാക്കുന്നതിൽ ടീച്ചർ വഹിച്ച പങ്ക് സമാനതകളില്ലാത്തതാണ്. പെറ്റമ്മയുടെ മുലപ്പാലിന്റെ രുചിയോളം മാധുര്യമുള്ളതായി മലയാള ഭാഷയെ മാറ്റിയെടുത്തതിൽ കാലം നന്ദി പറയേണ്ടത് സുഗതകുമാരി ടീച്ചറോടാണ്, സാമൂഹിക രംഗത്ത് ടീച്ചർ നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്.
വനിതാ കമ്മീഷൻ്റെ ചെയർപേഴ്സണായിരുന്നപ്പോൾ പ്രശംസനീയ പ്രവർത്തനമാണ് ടീച്ചർ കാഴ്ചവച്ചത്. അഗതികളായ സ്ത്രീകൾക്കു വേണ്ടിയുള്ള അഭയഗ്രാമം, മാനസിക ദൗർബല്യമുള്ളവർക്കുള്ള പരിചരണാലയം മുതലായ ഒട്ടേറേ സ്ഥാപനങ്ങൾ ടീച്ചർ തുടങ്ങി.
ആർക്കും കീഴടങ്ങാത്ത ആത്മധൈര്യത്തിന്റെ പ്രതീകമായിരുന്നു ടീച്ചർ. സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയനുമായിരുന്ന അച്ഛൻ ബോധേശ്വരന്റെ പൈതൃകമാണ് ടീച്ചറുടെ ആത്മധൈര്യത്തിന്റെ ഉറവിടം.
സ്ത്രീകളോടും അനാഥ ബാല്യങ്ങളോടുമുള്ള ദയാരഹിതമായ നടപടികളെ മുഖം നോക്കാതെ എതിർത്തു തോൽപിച്ച ടീച്ചറുടെ ധീര നിലപാടുകൾ കേരള സമൂഹം എന്നും നന്ദിയോടെ സ്മരിക്കും.
കൃഷ്ണഭക്തിയുടെ
വിമലഭാവം
ടീച്ചറുടെ കൃഷ്ണഭക്തി പ്രസിദ്ധമാണ്. അനപത്യയായ കുറൂരമ്മക്ക് സ്വന്തം ഉണ്ണിയായിരുന്നു ഗുരുവായൂർ കണ്ണൻ എങ്കിൽ ടീച്ചർക്കാകട്ടെ, എല്ലാം സാന്ദ്രീഭവിച്ച ചൈതന്യമായിരുന്നു ഗുരുവായൂരപ്പൻ. ദുഃഖസാഗരത്തിനു നടുവിൽ ജനിച്ചു വളർന്നതുകൊണ്ടാകാം, ടീച്ചർ ശ്രീകൃഷ്ണനെ അത്രയ്ക്ക് ഇഷ്ടപ്പെട്ടത്. അനീതിക്കെതിരെ ശബ്ദമുയർത്തേണ്ടിയിരുന്ന ധർമ്മ വൃദ്ധർ (ധൃതരാഷ്ട്രർ) മൗനം പാലിച്ചപ്പോൾ കയ്യൂക്കുകൊണ്ടും സമ്പത്തുകൊണ്ടും രാജ്യം ഭരിക്കാമെന്ന ധാർഷ്ട്യത്തിന് വിരാമമിട്ട പാർത്ഥസാരഥി ടീച്ചറുടെ ഇഷ്ടദേവനായിരുന്നു. കൗരവസഭയിൽ പാഞ്ചാലിയുടെ വസ്ത്രാക്ഷേപം നടന്നപ്പോൾ അതിനെതിരെ ശബ്ദമുയർത്തിയതും ദ്രൗപദിയുടെ അഭിമാനം രക്ഷിച്ചതും സാക്ഷാൽ കൃഷ്ണഭഗവാനാണ്.
മുഖരമായി കവിത ചൊല്ലുമ്പോഴും മൂകമായൊരു വിഷാദം ആ മുഖത്ത് കാണാമായിരുന്നു. വ്യക്തി ചേതസിനെ വിമലീകരിക്കുന്ന കൃഷ്ണഭക്തി ടീച്ചറുടെ മനസിൽ ഉറച്ച ഒന്നായിരുന്നു. ഉഷ:പൂജ കഴിഞ്ഞ് പാലഭിഷേകത്തിനു മുമ്പുള്ള ഗുരുവായൂരപ്പനെ തൊഴുതിട്ട് താൻ ഇരുണ്ട കണ്ണനെയാണ് കണ്ടതെന്നും കണ്ണന് ശ്യാമവർണമാണെന്നും ടീച്ചർ സങ്കടപ്പെട്ടിരുന്നു. കവിതയും കവിയും വാക്കും പ്രവൃത്തിയും ഒന്നായ അപൂർവതയുടെ വ്യക്തിത്വമായിരുന്നു സുഗതകുമാരി ടീച്ചർ. ആ വിയോഗത്തിന് നാലു വയസായെങ്കിലും സ്നേഹത്തിന്റെ ഒരു സിംഹഗർജ്ജനം ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നു. നമോവാകം
മോഹൻദാസ് കോളേജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജിയുടെ സെക്രട്ടറിയാണ് ലേഖിക