
ഡമാസ്കസ്: ലോകത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടാകുന്ന പ്രശ്നങ്ങളിലൊന്നാണ് പണപെരുപ്പം. യുദ്ധവും ആഭ്യന്തരകലാപങ്ങളും നടക്കുന്ന രാജ്യങ്ങളിലാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇത് അവിടെ ജീവിക്കുന്ന സാധാരണ ജനങ്ങളെ ദുരിതത്തിലാക്കും. ഇപ്പോഴിതാ ട്രാവൽ വ്‌ളോഗറായ എലോന കരാഫിൻ എന്ന യുവതി ഇൻസ്റ്റ്ഗ്രാമിൽ പങ്കുവച്ച ഒരു വീഡിയോയാണ് ചർച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുന്നത്.
മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സുളള സോഷ്യൽമീഡിയ ഇൻഫ്ളുവൻസറാണ് എലോന. സിറിയയിൽ നിന്നുളള ദൃശ്യങ്ങളാണ് യുവതി പങ്കുവച്ചിരിക്കുന്നത്. വർഷങ്ങളായി നിരവധി ആഭ്യന്തരയുദ്ധങ്ങൾക്ക് സാക്ഷ്യം വച്ച രാജ്യമാണ് സിറിയ. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് സിറിയ നേരിടുന്നത്. അതിനാൽത്തന്നെ ചെറിയ സാധനങ്ങൾ വാങ്ങാൻ തന്നെ കെട്ടുകണക്കിന് പണമാണ് കൊടുക്കേണ്ടത്.
വീഡിയോയിൽ യുവതി ഒരു കഫേയിൽ പോകുന്നത് കാണാം. ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ പോലും കെട്ടുകണക്കിന് പൗണ്ടുകൾ കൊടുക്കേണ്ട അവസ്ഥയാണ്. യുവതി ഒരു ബാഗ് മുഴുവൻ പണവും കൊണ്ടാണ് നടക്കുന്നത്. പണത്തിന്റെ മൂല്യം മാറിമറിയുന്നതുകൊണ്ട് ഇവിടെയുളളവർ അവശ്യ സാധനങ്ങൾ വാങ്ങാൻ കെട്ടുകണക്കിന് നോട്ടുകളാണ് കൊണ്ടുവരുന്നത്.
സിറിയയിലെ ഭക്ഷണകേന്ദ്രങ്ങളിലുളള മെനുകാർഡിൽ വിഭവങ്ങളുടെ വിലവിവരം രേഖപ്പെടുത്തിയിട്ടില്ല. സിറിയയിലെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്. അതിന് ഒരു ഉദാഹരണവും യുവതി വീഡിയോയിൽ കാണിക്കുന്നുണ്ട്. ഒരു കോഫിക്ക് 25,000 സിറിയൻ പൗണ്ടെങ്കിലും നൽകണം. അതിനാൽത്തന്നെ സിറിയയിൽ ഇപ്പോൾ ഒരു കോഫി കുടിക്കുന്നതുപോലും ആഡംബരമായിരിക്കുകയാണെന്നാണ് എലോന വീഡിയോയിലൂടെ കാണിച്ചുതരുന്നത്. എലോനയുടെ വീഡിയോ ഇതിനകം തന്നെ സോഷ്യൽമീഡിയയിൽ വൈറലായി കഴിഞ്ഞു. ഒരു കോടിയിലധികം ആളുകളാണ് വീഡിയോ കണ്ടത്. അതേസമയം, വീഡിയോയുടെ സത്യാവസ്ഥയെക്കുറിച്ചും ചിലർ സംശയം പ്രകടിപ്പിക്കുന്നുണ്ട്.