unni-mukundan

റിലീസ് ചെയ്ത് രണ്ടുദിവസത്തിനുള്ളിൽ തന്നെ 25 കോടി കളക്ഷൻ നേടി മുന്നേറുകയാണ് ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ. ഡിസംബർ 20നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ആദ്യദിനത്തിൽ തന്നെ മാർക്കോ പത്ത് കോടിയിലധികം രൂപയാണ് കളക്‌ട് ചെയ്തത്. ഇപ്പോഴിതാ മാർക്കോയുടെ വമ്പൻ വിജയത്തിൽ ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ ഹനീഫ് അദേനിക്ക് നന്ദി അറിയിക്കുകയാണ് ഉണ്ണി മുകുന്ദൻ.

'മാർക്കോയ്ക്ക് തിരക്കഥ രചിച്ചതിനും അവനെ സ്‌ക്രീനിലേയ്ക്ക് എത്തിച്ചതിനും 'ഒജി' ഹനീഫ് അദേനിക്ക് വളരെ നന്ദി. നീയാണ് ഏറ്റവും മികച്ചതെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു. ഇപ്പോൾ ആ രഹസ്യം പരസ്യമായി. വലിയൊരു ബ്ളോക്ക് ബസ്റ്ററാണ് നിങ്ങൾ സമ്മാനിച്ചത്. ഇത് നിങ്ങളുടെ വിജയമാണ്. ഇതിൽ പങ്കാളിയാകാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.

ജീവിതത്തോടും സിനിമയോടുമുള്ള നിങ്ങളുടെ മനോഭാവം നിങ്ങൾ അർഹിക്കുന്ന എല്ലാ അംഗീകാരങ്ങളും നൽകും. ഞാൻ തുടക്കത്തിൽ പറഞ്ഞതുപോലെ അത് ഉറപ്പായ കാര്യമാണ്. ഹനീഫ് അദേനി പതിപ്പ് 2 ആണ് ഇത്. നിങ്ങളുടെ അടുത്ത ഹിറ്റിനായി കാത്തിരിക്കുന്നു'- എന്നാണ് ഉണ്ണി മുകുന്ദൻ സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്.

'മലയാളത്തിലെ ഏറ്റവും വലിയ വയലൻസ് ചിത്രം' എന്ന ടാഗ് ലൈനോടെയാണ് മാർക്കോ തിയേറ്ററുകളിലെത്തിയത്. സെൻസർ ബോർഡ് ചിത്രത്തിന് എ സർട്ടിഫിക്കറ്റ് നൽകുകയും ചെയ‌്തു. ജഗദീഷ് ആണ് ചിത്രത്തിൽ പ്രതിനായക വേഷത്തിൽ എത്തുന്നത്. ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് ആണ് ചിത്രം നിർമിച്ചത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ എത്തിയ ചിത്രം ക്യൂബ്സ് എന്റർടെയ്ൻമെന്റ്സാണ് വിതരണം ചെയ്തത്.