 
ചെന്നൈ: പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ ജയിലർക്ക് നടുറോഡിൽ ചെരിപ്പൂരി മർദ്ദനം. തമിഴ്നാട്ടിലെ മധുരയിലാണ് സംഭവം. മധുര സെൻട്രൽ ജയിൽ അസിസ്റ്റന്റ് ജയിലർ ബാലഗുരുസ്വാമിക്കാണ് മർദ്ദനമേറ്റത്. ജയിലിലെ മുൻ തടവുകാരന്റെ ചെറുമകളോട് തനിക്കൊപ്പം വീട്ടിലേക്ക് വരാൻ ഇയാൾ ആവശ്യപ്പെടുകയായിരുന്നു.
പെൺകുട്ടിയുടെ മുത്തച്ഛൻ നിലവിൽ സെൻട്രൽ ജയിലിനടുത്ത് ഒരു ഹോട്ടൽ നടത്തുകയാണ്. ബാലഗുരു സ്വാമി പതിവായി ഇവിടെ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. ഹോട്ടലുടമയ്ക്ക് രണ്ട് പെൺമക്കളുണ്ട്. അവരുടെ പെൺകുട്ടികളിലൊരാളോട് കുറച്ചുദിവസം മുമ്പ് ബാലഗുരു സ്വാമി എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറയാൻ മടിക്കരുതെന്ന് പറഞ്ഞിരുന്നു. പിന്നീട് നിരന്തരം പെൺകുട്ടിയെ ഫോണിൽ വിളിക്കുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ആരപാളയത്തെ എ.ടി.എമ്മിൽ നിന്ന് പുറത്തുവന്ന ബാലഗുരു സ്വാമി പെൺകുട്ടിയെ കണ്ടു. ബൈക്കിൽ കയറാനും തനിക്കൊപ്പം താമസ സ്ഥലത്തേക്ക് വരാനും പെൺകുട്ടിയെ നിർബന്ധിച്ചു. ഇതുകേട്ട പെൺകുട്ടി നിലവിളിച്ചു. തുടർന്ന് പെൺകുട്ടിയുടെ മുത്തച്ഛനും അമ്മ സിദ്ധിയും എത്തി ബാലഗുരു സ്വാമിയെ മർദ്ദിക്കുകയായിരുന്നു. സിദ്ധി ഇയാളെ ചെരുപ്പൂരി അടിക്കുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങൾ വൈറലാണ്. ജയിലിൽ തടവുകാരെ കാണാനെത്തുന്ന ബന്ധുക്കളായ സ്ത്രീകളോട് ബാലഗുരു സ്വാമി മോശമായി പെരുമാറുന്നതായി ആരോപിച്ച് മറ്റുചിലരും ഇതോടെ രംഗത്തെത്തി. ബാലഗുരു സ്വാമിക്കും സിദ്ധിക്കും എതിരെ കേസെടുത്തു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും ബാലഗുരു സ്വാമിയെ സസ്‌പെൻഡ് ചെയ്തതായും അധികൃതർ അറിയിച്ചു.