
ഹൈദരാബാദ്: നടൻ അല്ലു അർജ്ജുന്റെ ഹൈദരാബാദിലുള്ള ജൂബിലി ഹിൽസിലെ വീടിന് നേരെ ആക്രമണം.
പുഷ്പ 2 സിനിമയുടെ പ്രീമിയറിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച സ്ത്രീക്ക് നീതി ആവശ്യപ്പെട്ടുകൊണ്ട് വീടിന് മുന്നിൽ
ഒരു സംഘം പ്രതിഷേധിക്കുകയും കല്ലും തക്കാളിയും എറിയുകയും ചെയ്‌തെന്നാണ് വിവരം. ചെടിച്ചട്ടികളുൾപ്പെടെ തകർത്തു. ഈ സമയം അല്ലു വീട്ടിലുണ്ടായിരുന്നില്ല. സംഭവത്തിൽ എട്ട് പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. ഒസ്മാനിയ സർവകലാശാലയിലെ വിദ്യാർത്ഥികൾ എന്ന് അവകാശപ്പെട്ടവരാണ് ആക്രമണം നടത്തിയത്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അല്ലുവിന്റെ വീടിന് കനത്ത സുരക്ഷ ഒരുക്കിയിരുന്നു. മുദ്രാവാക്യം വിളിച്ച് പ്ലക്കാർഡുകളുമായി എത്തിയ സംഘം പ്രതിഷേധിക്കുകയും മതിലിന് മുകളിൽ കയറി വീടിന് കല്ലെറിയുകയുമായിരുന്നു. പൊലീസ് ഇടപെട്ടതോടെ വലിയ സംഘർഷമുണ്ടായി.
ഡിസംബർ നാലിന് പുഷ്പ 2 സിനിമയുടെ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും രേവതി എന്ന സ്ത്രീ മരിച്ചു. അപ്രതീക്ഷിതമായി അല്ലു അർജ്ജുൻ തിയേറ്ററിലെത്തിയതോടെ വൻ തിരക്കുണ്ടാകുകയായിരുന്നു. പരിക്കേറ്ര് ചികിത്സയിലായിരുന്ന രേവതിയുടെ മകന് കഴിഞ്ഞ ദിവസം മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചിരുന്നു.
ആരോപണങ്ങൾ നിഷേധിച്ച്
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ആരോപണങ്ങൾ നിഷേധിച്ച് കഴിഞ്ഞ ദിവസം അല്ലു അർജ്ജുൻ രംഗത്തെത്തിയിരുന്നു. സ്ത്രീ മരിച്ച സംഭവം തികച്ചും അപകടമാണെന്ന് അല്ലു പറഞ്ഞു.
ഞാൻ നിരുത്തരവാദിത്വത്തോടെ പെരുമാറി എന്ന് പ്രചരിക്കുന്നു. ഈ ആരോപണങ്ങൾ തെറ്റാണ്. ഇത് അപമാനകരമാണ്. 20 വർഷത്തെ കഠിനാധ്വാനം കൊണ്ടാണ് കരിയറും പ്രതിച്ഛായയും കെട്ടിപ്പടുത്തത്. അത് അട്ടിമറിക്കപ്പെടുമ്പോൾ വേദനിക്കുന്നുണ്ടെന്നും അല്ലു പറഞ്ഞു. തിയേറ്ററിൽ വരുന്നതിന് അനുമതിയില്ലെന്ന ആരോപണത്തോടും അല്ലു പ്രതികരിച്ചു. അത് ശരിയല്ല, പൊലീസ് തനിക്ക് വഴിയൊരുക്കുകയായിരുന്നു. അവരുടെ നിർദ്ദേശപ്രകാരമാണ് എത്തിയത്. അനുമതി ഇല്ലായിരുന്നുവെങ്കിൽ മടങ്ങിപ്പോകാൻ പറയുമായിരുന്നു, താൻ നിയമം അനുസരിക്കുന്ന പൗരനാണ്. മനുഷ്യത്വമില്ലാത്തവനല്ല. ആൾക്കൂട്ടമുണ്ടാകുമ്പോൾ ഏത് സെലിബ്രിറ്റിയും പുറത്തിറങ്ങി ആളുകൾക്ക് നേരെ കൈവീശി കാണിക്കാറുണ്ട്. രാഷ്ട്രീയ നേതാക്കൾക്കോ സർക്കാരിനോ എതിരല്ല താനെന്നും അല്ലു അർജ്ജുൻ പ്രതികരിച്ചു. അനുമതി നിഷേധിച്ചിട്ടും അല്ലു അർജ്ജുൻ പുഷ്പ2 പ്രദർശിപ്പിച്ച തിയേറ്ററിൽ എത്തിയെന്നായിരുന്നു മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ശനിയാഴ്ച ആരോപിച്ചത്.
അല്ലു അർജ്ജുനെതിരെ പൊലീസ്;
യുവതി മരിച്ചെന്നറിഞ്ഞിട്ടും തിയേറ്റർ വിട്ടില്ല
ഹൈദരാബാദ്: 'പുഷ്പ 2' പ്രീമിയർ ഷോയ്ക്കിടെ യുവതി മരിച്ച സംഭവത്തിൽ തെലുങ്ക് നടൻ അല്ലു അർജുനെതിരെ ഗുരുതര ആരോപണങ്ങളുമായി തെലങ്കാന പൊലീസ്. യുവതി മരിച്ച വിവരം അറിയിച്ചിട്ടും തിയേറ്ററിൽ നിന്നു പോകാനോ പൊലീസുമായി സഹകരിക്കാനോ അല്ലു അർജുൻ തയ്യാറായില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവം അറിഞ്ഞയുടൻ താൻ സന്ധ്യ തിയേറ്ററിൽ നിന്ന് പുറത്ത് ഇറങ്ങിയെന്ന് അല്ലു അർജുൻ പറഞ്ഞതിനു പിന്നാലെയാണ് പ്രതികരണവുമായി പൊലീസ് രംഗത്തെത്തിയത്.
പൊലിസിന്റെ അഭ്യർത്ഥന അവഗണിച്ച് അല്ലു അർജുൻ അർദ്ധരാത്രി വരെ തിയേറ്ററിൽ തുടരുന്നത് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പൊലീസ് ഇന്നലെ പുറത്തുവിട്ടു