cricket

ഇന്ത്യ - ഓസ്ട്രേലിയ നാലാം ടെസ്റ്റ് ക്രിസ്മസ് പിറ്റേന്നുമുതൽ മെൽബണിൽ

മെൽബൺ : ക്രിസ്മസ് പിറ്റേന്ന് (ബോക്സിംഗ് ഡേ)ഓസ്ട്രേലിയയ്ക്ക് എതിരെ മെൽബണിൽ തുടങ്ങുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിന് കരുതലോടെ തയ്യാറെടുത്ത് ഇന്ത്യ. അഞ്ചുമത്സര പരമ്പര 1-1ന് സമനിലയിലാണിപ്പോൾ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ ബർത്തിനായി ഇരുടീമുകൾക്കും പരമ്പര വിജയം അനിവാര്യമായതിനാൽ ഇനിയുള്ള രണ്ട് ടെസ്റ്റുകളിലും വാശിയേറിയ പോരാട്ടം നടക്കും.

പെർത്തിൽ നടന്ന ടെസ്റ്റിൽ വിജയിച്ച് മികച്ച ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ പരമ്പര തുടങ്ങിയത്. എന്നാൽ അഡ്‌ലെയ്ഡിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയ തിരിച്ചടിച്ചു. പരമ്പരയിലെ ഏക പിങ്ക് ടെസ്റ്റായിരുന്നു ഇത്. ബ്രിസ്ബേനിൽ നടന്ന മൂന്നാം ടെസ്റ്റിൽ മഴ സഹായിച്ചതുകാരണം ഇന്ത്യയ്ക്ക് സമനില ലഭിച്ചു.

രവിചന്ദ്രൻ അശ്വിന്റെ വിരമിക്കലിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ മത്സരമാണിത്. അശ്വിന് പകരക്കാരനെ ടീമിലേക്ക് അയയ്ക്കാൻ സാദ്ധ്യതയില്ല. സ്പെഷ്യലിസ്റ്റ് സ്പിന്നർ/ ആൾറൗണ്ടർ പൊസഷനിൽ വാഷിംഗ്ടൺ സുന്ദർ,രവീന്ദ്ര ജഡേജ എന്നിവരിലാർക്കെങ്കിലുമേ ഇനിയുള്ള ടെസ്റ്റുകളിൽ പ്ളേയിംഗ് ഇലവനിൽ ഇറക്കാൻ ഇടയുളളൂ.

മെൽബണിലെത്തിയ ഇന്ത്യൻ താരങ്ങൾ കഴിഞ്ഞദിവസങ്ങളിൽ നെറ്റ്സിൽ ദീർഘനേരം പരിശീലനത്തിന് ചെലവിട്ടിരുന്നു. നായകൻ രോഹിത് ശർമ്മയ്ക്ക് ഇന്നലെ നെറ്റ്സ് ബാറ്റ് ചെയ്യുന്നതിനിടെ കാൽമുട്ടിൽ നേരിയ പരിക്കേറ്റത് ആശങ്കയുണർത്തിയെങ്കിലും സാരമായ പരിക്കില്ലെന്ന് പിന്നീട് ടീം മാനേജ്മെന്റ് അറിയിച്ചു. പേസർ ആകാശ് ദീപ് സിംഗിന് നേരിയ പരിക്ക് ഭീഷണിയുണ്ട്.

രണ്ടും ജയിച്ചാൽ ഫൈനൽ

പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിച്ചാൽ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തും.

ഒരു ടെസ്റ്റ് ജയിക്കുകയും ഒന്ന് സമനിലയിലാക്കുകയും ചെയ്താൽ ദക്ഷിണാഫ്രിക്കയും പാകിസ്ഥാനും തമ്മിലുള്ള പരമ്പരയിൽ ഒരു ടെസ്റ്റ് എങ്കിലും പാകിസ്ഥാൻ ജയിച്ചാലേ ഇന്ത്യയ്ക്ക് ഫൈനലിലെത്താനാകൂ.

പാകിസ്ഥാൻ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ പരമ്പര വിജയം നേ‌ടുകയും ഓസ്ട്രേലിയ ശ്രീലങ്കയ്ക്ക് എതിരെ പരമ്പര തോൽക്കുകയും ചെയ്താൽ ഇന്ത്യയ്ക്ക് കൂടുതൽ സൗകര്യപ്രദമാകും.