
അങ്കാറ: തെക്കു പടിഞ്ഞാറൻ തുർക്കിയിൽ ആശുപത്രി പരിസരത്ത് എയർ ആംബുലൻസ് ഹെലികോപ്‌റ്റർ തകർന്നുവീണ് 4 പേർ കൊല്ലപ്പെട്ടു. പ്രാദേശിക സമയം ഇന്നലെ രാവിലെ 10ഓടെ മുഗ്‌ല പ്രവിശ്യയിലെ മുഗ്‌ല ട്രെയിനിംഗ് ആൻഡ് റിസേർച്ച് ആശുപത്രിയുടെ മുമ്പിലായിരുന്നു സംഭവം. രണ്ട് പൈലറ്റുമാരും ആശുപത്രിയിലെ ഡോക്ടറും ജീവനക്കാരനുമാണ് കൊല്ലപ്പെട്ടത്. ആശുപത്രിക്ക് മുകളിലെ ഹെലിപ്പാഡിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത ഹെലികോപ്‌റ്റർ നിയന്ത്രണം നഷ്ടപ്പെട്ട് നാലാം നിലയിൽ ഇടിച്ച ശേഷം താഴേക്ക് പതിക്കുകയായിരുന്നു.
ആന്റല്യ നഗരത്തിലേക്ക് പുറപ്പെട്ടതായിരുന്നു കോപ്റ്റർ. കനത്ത മൂടൽ മഞ്ഞ് പൈലറ്റിന്റെ കാഴ്ച മറച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഹെലികോപ്റ്റർ. അന്വേഷണം ആരംഭിച്ചു.