doller

കൊച്ചി: അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ കുറയ്ക്കുന്നതിൽ കരുതലോടെ നീങ്ങുമെന്ന് വ്യക്തമാക്കിയതോടെ വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് പിന്മാറ്റം ശക്തമാക്കി. കഴിഞ്ഞ വാരം വിദേശ നിക്ഷേപകർ 976 കോടി രൂപയുടെ ഓഹരികളാണ് ഇന്ത്യൻ വിപണിയിൽ വിറ്റഴിച്ചത്. ഇന്ത്യൻ കമ്പനികളുടെ പ്രവർത്തന ലാഭത്തിലെ ഇടിവും രൂപയുടെ മൂല്യത്തകർച്ചയും നാണയപ്പെരുപ്പത്തിലെ വർദ്ധനയും വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തിന് ഉൗർജം പകരുന്നു. അതേസമയം ഡിസംബറിൽ ഇതുവരെ വിദേശ ധനസ്ഥാപനങ്ങൾ 21,789 കോടി രൂപയുടെ ഓഹരികളാണ് ഇന്ത്യയിൽ വാങ്ങിയത്.

ആഗോള മേഖലയിലെ പ്രതികൂല ചലനങ്ങൾ മൂലം കഴിഞ്ഞ വാരം സെൻസെക്സ് നാലായിരം പോയിന്റിലധികം നഷ്‌ടം നേരിട്ടിരുന്നു. ഫെഡറൽ റിസർവ് പലിശ കുറയ്ക്കുന്നതിൽ വ്യക്തമായ തീരുമാനം പ്രഖ്യാപിക്കാത്തതിനാൽ വിദേശ നിക്ഷേപകർ ോറെ കരുതലോടെയാണ് വിപണിയിൽ നീങ്ങുന്നത്. ഇതോടൊപ്പം അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നതും വിദേശ നിക്ഷേപകർക്ക് ആശങ്ക സൃഷ്‌ടിക്കുന്നു.

ജനുവരിയിൽ അമേരിക്കയുടെ പുതിയ പ്രസിഡന്റായി അധികാരമേൽക്കുന്ന ഡൊണാൾഡ് ട്രംപ് വ്യാപാര രംഗത്ത് നികുതി യുദ്ധത്തിന് ഒരുങ്ങുന്നതും നിക്ഷേപകരെ മുൾമുനയിലാക്കുന്നു.