
തിരുവനന്തപുരം : ഇൻഡോറിൽ നടക്കുന്ന ദേശീയ സ്കൂൾ ഗെയിംസ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടി ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വി.എച്ച്.എസ്.സി രണ്ടാം വർഷ വിദ്യാർത്ഥിനി ഫിദ ഹാജത്ത്. ഈ ചാമ്പ്യൻഷിപ്പിലെ കേരളത്തിന്റെ ആദ്യ മെഡലാണ് ഫിദയുടേത്.
അഞ്ചുതവണ സംസ്ഥാന സ്കൂൾ ഗെയിംസിൽ കരാട്ടെയിൽ സ്വർണം നേടിയ ഫിദയുടെ മൂന്നാമത്തെ ദേശീയ മെഡലാണിത്. 2018 ഇൽ കേരളത്തിൽ സ്കൂൾ ഗെയിംസിൽ കരാട്ടെ ഉൾപ്പെടുത്തിയത് മുതൽ സംസ്ഥാന ചാമ്പ്യനായ ഫിദയുടെ അവസാന ദേശീയ സ്കൂൾ ഗെയിംസാണിത്. ഏഴാം ക്ളാസിൽ പഠിക്കുമ്പോഴാണ് കരാട്ടെ പഠനം തുടങ്ങിയത്.സ്കൂൾ അധ്യാപകരായ ജസ്ന, അനീഷ് എന്നിവരാണ് ഫിദയുടെ മാതാപിതാക്കൾ. കഴിഞ്ഞ വർഷം ദേശീയ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ ഫെമിദ സഹോദരിയാണ്.