
ബെർലിൻ: ജർമ്മനിയിലെ മഗ്‌ഡബർഗ് നഗരത്തിൽ ക്രിസ്‌മസ് മാർക്കറ്റിലേക്ക് കാർ ഇടിച്ചുകയറ്റിയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റവരിൽ ഏഴ് ഇന്ത്യക്കാരും. ഇവർക്ക് എല്ലാ സഹായവും ഉറപ്പാക്കുന്നതായി ഇന്ത്യൻ എംബസി അറിയിച്ചു. ആക്രമണത്തെ വിദേശകാര്യ മന്ത്റാലയം അപലപിച്ചു. പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രിയാണ് സൗദി പൗരനും സൈക്യാട്രിസ്‌റ്റുമായ തലീബ് അൽ-അബ്ദുൾ മൊഹ്‌സൻ (50) തിരക്കേറിയ ക്രിസ്മസ് മാർക്കറ്റിലേക്ക് കാറോടിച്ച് കയറ്റിയത്. ഒരു കുട്ടി അടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു. ഇരുന്നൂറിലേറെ പേർക്ക് പരിക്കേറ്റു.
മാർക്കറ്റിലൂടെ 400 മീറ്ററോളം പ്രതി അമിതവേഗത്തിൽ കാറോടിക്കുകയായിരുന്നു. തീവ്ര വലതുപക്ഷ വാദിയായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2006ൽ അഭയാർത്ഥിയായി ജർമ്മനിയിലെത്തിയതാണ് ഇയാൾ. ആക്രമണത്തിന്റെ ലക്ഷ്യം വ്യക്തമല്ല.