
സന്തോഷ് ട്രോഫിയിൽ കേരളം 3-0ത്തിന് ഡൽഹിയെ തോൽപ്പിച്ചു
നാലാം ജയവുമായി കേരളം ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു
ഹൈദരാബാദ് : സന്തോഷ്ട്രോഫി ഫുട്ബാളിന്റെ ഫൈനൽ റൗണ്ടിലെ നാലാം മത്സരത്തിലും വിജയം നേടി കേരളം. ഇന്നലെ മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക് ഡൽഹിയെയാണ് തോൽപ്പിച്ചത്. ആദ്യ പകുതിയിൽ നസീബ് റഹ്മാൻ,ജോസഫ് ജസ്റ്റിൻ,ഷിജിൻ എന്നിവർ നേടിയ ഗോളുകൾക്കാണ് കേരളത്തിന്റെ ജയം. മൂന്നാം ജയത്തോടെതന്നെ കേരളം ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചിരുന്നു. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ചൊവ്വാഴ്ച കേരളം തമിഴ്നാടിനെ നേരിടും.
ആദ്യ മത്സരത്തിൽ ഗോവയെ 4-3നും രണ്ടാം മത്സരത്തിൽ മേഘാലയയെ 1-0ത്തിനും തോൽപ്പിച്ചിരുന്ന ജി.സഞ്ജു നയിക്കുന്ന കേരളം മൂന്നാം മത്സരത്തിൽ  ഒഡിഷയ്ക്ക് എതിരെ 2-0ത്തിനാണ് വിജയം കണ്ടത്. ഒഡിഷയ്ക്ക് എതിരെയും  നസീബ് റഹ്മാൻ സ്കോർ ചെയ്തിരുന്നു. ടൂർണമെന്റിലെ നസീബിന്റെ മൂന്നാം ഗോളായിരുന്നു ഇന്നലത്തേത്.
ആദ്യ രണ്ട് മത്സരങ്ങൾ പിന്നിട്ടപ്പോൾ പോയിന്റ് പട്ടികയിൽ ഒന്നുമതുണ്ടായിരുന്ന ഡൽഹി   മൂന്നാം മത്സരത്തിൽ മേഘാലയയോട് മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് തോറ്റതോടെയാണ് കേരളം ഗ്രൂപ്പ് ബിയിൽ ഒന്നാമതേക്കുയർന്നത്. നാലുമത്സരങ്ങൾ പൂർത്തിയായപ്പോൾ കേരളത്തിന് 12 പോയിന്റും ഡൽഹിക്ക് ആറുപോയിന്റുമാണുള്ളത്.