
കൊച്ചി: തുടർതോൽവിയിൽ നിരാശരായ ആരാധകരെ ഉശിരൻ തിരിച്ചുവരവോടെ ഞെട്ടിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്. മുഹമ്മദൻസ് എസ്.സിക്ക് എതിരെ സ്വന്തം തട്ടകത്തിൽ മൂന്ന് ഗോളിന്റെ ഗംഭീരവിജയമാണ് നേടിയത്. ബ്ലാസ്‌റ്റേഴ്‌സിനായി നോഹ് സദൗയ് (80), അലക്‌സാഡ്രേ കൊയഫ് (90) എന്നിവർ ലക്ഷ്യം കണ്ടു. ഒരെണ്ണം മുഹമ്മദൻസിന്റെ വക ഓൺഗോൾ. ഇടക്കാല പരിശീലകൻ പി.ജി. പുരുഷോത്തമന്റെ തന്ത്രങ്ങളും വിജയത്തിന് മാറ്റുകൂട്ടി.
എന്നാൽ ബ്ലാസ്റ്റേഴ്‌സ് ആദ്യ പകുതി നിരാശപ്പെടുത്തി. നാലാം മിനിട്ടിൽ പന്തുമായി നോഹ് സദൗയ് കുതിപ്പ് പ്രതീക്ഷനൽകിയെങ്കിലും ലക്ഷ്യത്തിലേക്ക് എത്തിക്കാനായില്ല. രണ്ടാം പകുതി ഇരുടീമുകളും ആക്രമണം പുറത്തെടുത്തെങ്കിലും ഗോൾ മാത്രം ഒഴിഞ്ഞുനിന്നു. ഡ്രിൻസിച്ചിന്റെ രണ്ട് ഗോൾ ശ്രമങ്ങൾ ലക്ഷ്യം തെറ്റിപ്പറന്നു. 60ാം മിനിട്ടിൽ ബോക്‌സിനോട് ചേർന്നുലഭിച്ച കൊൽക്കത്തക്കാരുടെ ഫ്രീകിക്ക് സച്ചിൻ സുരേഷ് കൈയിൽ ഭദ്രമാക്കി. 62ാം മിനിട്ടിൽ മഞ്ഞപ്പട കാത്തിരുന്ന നിമിഷമെത്തി. ലൂണയുടെ തകർപ്പൻ കിക്ക് തട്ടിയകറ്റാനുള്ള ഗോളി ഭാസ്‌കർ റോയിയുടെ ശ്രമം. പക്ഷേ ലക്ഷ്യംതെറ്റിയുള്ള തട്ടേറ്റ് പന്ത് പോസ്റ്റിലേക്ക്. ഓൺ ഗോളിലും ഗ്യാലറി ഇളകിമറിഞ്ഞു. 74ാം മിനിട്ടിൽ നോഹയുടെ കിക്ക് ഭാസ്‌കർ തട്ടിയകറ്റി. വീണ്ടും ബ്ലാസ്‌റ്റേഴ്‌സ് കൊൽക്കത്തക്കാരുടെ ഗോൾമുഖത്ത് ഇരച്ചെത്തി. ലൂണയുടെ മിന്നലാക്രമണം ഭാസ്‌കർ ഒറ്റകൈകൊണ്ട് ചെറുത്തു.
പക്ഷേ പന്തെത്തിയത് പെപ്രയുടെ കാലിൽ. ലക്ഷ്യത്തിലേക്ക് പെപ്ര പന്തടിച്ചുകയറ്റിയെങ്കിലും ഓഫ് സൈഡ് വിസിൽ മുഴങ്ങി. 80ാം മിനിട്ടിൽ നോഹ് തീയായി. അനുകൂലമായി ലഭിച്ച ഫ്രീകിക്കെടുത്ത കോറു സിംഗിന് തെറ്റിയില്ല. ബോക്‌സിൽ നിലയറുപ്പിച്ച നോഹ് ഉയർന്നെത്തിയ പന്ത് അനായാസം ഹെഡ്‌ചെയ്ത് വലയിലെത്തിച്ചു. ആവേശം ആഘോഷമായി. ബ്ലാസ്‌റ്റേഴ്‌സ് വിളികൾ മുഴങ്ങി. 10 മിനിറ്റ് തികയും മുമ്പേ വീണ്ടും ഗോൾ നേടി. നായകൻ അഡ്രിയാൻ ലൂണ നൽകിയ പന്ത് അലക്‌സാണ്ട്രേ കൊയെഫ് ലക്ഷ്യത്തിലേക്ക് തൊടുത്തു. പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സിെന്റ മൂന്നാം ഗോൾ. തിരിച്ചടിക്ക് മൂർച്ചകൂട്ടിയെങ്കിലും മുഹമ്മദൻസ് മുന്നേറ്റങ്ങളെല്ലാം ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിൽ തട്ടിത്തെറിച്ചു. അവസാന കളിയിൽനിന്ന് മൂന്ന് മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്.