
കാൻബെറ: ഓസ്ട്രേലിയയിൽ ആശങ്കവിതച്ച് അപൂർവ രോഗമായ 'ബുറുലി അൾസർ' കേസുകൾ പടരുന്നതായി റിപ്പോർട്ട്. രോഗത്തിന്റെ കൃത്യമായ ഉറവിടം കണ്ടെത്തിയിട്ടില്ലെങ്കിലും കൊതുക്, ഒപ്പോസം എന്നിവയിൽ നിന്നാകാം രോഗം പടർന്നതെന്ന് കരുതുന്നു. രോഗം ആരെയും ബാധിക്കാമെന്ന് വിക്ടോറിയ സംസ്ഥാനത്തെ ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ല.
പ്രാരംഭ ഘട്ടത്തിൽ രോഗനിർണയം സാദ്ധ്യമായാൽ ഫ്ലഷ് ഈറ്റിംഗ് സിസീസ് എന്ന് അറിയപ്പെടുന്ന ( മാംസം കാർന്നെടുക്കപ്പെടുന്ന അണുബാധ ) ബുറുലി അൾസർ ഗുരുതരമാകില്ല. രോഗം ഗുരുതരമായാൽ ത്വക്കും ടിഷ്യുവും നശിക്കാൻ കാരണമാകാം. അസ്ഥിയേയും ബാധിച്ചേക്കാം. ശസ്ത്രക്രിയ വേണ്ടി വന്നേക്കാം. ചെറിയ തോതിലാണ് രോഗമെങ്കിൽ ആഴ്ചകൾ കൊണ്ട് ചികിത്സിച്ച് ഭേദമാക്കാം
 രോഗം എവിടെ ?
വിക്ടോറിയ, നോർത്ത് ക്വീൻസ്‌ലൻഡ്, നോർത്തേൺ ടെറിറ്റോറി, ന്യൂസൗത്ത് വെയ്ൽസ്, ബറ്റ്മൻസ് ബേ
 കാരണക്കാർ
മൈകോബാക്ടീരിയം അൾസെറൻസ് എന്ന ബാക്ടീരിയ. കോശങ്ങളിൽ തകരാറുണ്ടാക്കുകയും രോഗപ്രതിരോധ പ്രതികരണത്തെ തടയുകയും ചെയ്യുന്ന മൈകോലാക്ടോൺ എന്ന വിഷ പദാർത്ഥം ഈ ബാക്ടീരിയ ഉത്പാദിപ്പിക്കുന്നു.
 ബുറുലി അൾസർ
 പ്രാരംഭ ലക്ഷണങ്ങൾ - തൊലിപ്പുറത്ത് സാധാരണയായി വേദനയില്ലാത്തതും കട്ടികൂടിയതുമായ വീക്കം (മുഴ). മിക്കവരും ഇത് ഏതെങ്കിലും പ്രാണിയുടെ കടിയേറ്റതാകാമെന്ന് തെറ്റിദ്ധരിക്കുന്നു. കടുത്ത ചൊറിച്ചിൽ ഉണ്ടാകാം. വീക്കം തൊലിപ്പുറത്ത് മുറിവ് പോലെ വ്യാപിക്കുന്നു. കൈയ്യിലോ കാലിലോ ആണ് സാധാരണയായി വ്രണങ്ങൾ പ്രത്യക്ഷപ്പെടുന്നത്.
 രോഗവ്യാപന രീതി കൃത്യമായി നിർണയിച്ചിട്ടില്ല. അതിനാൽ പ്രാഥമിക പ്രതിരോധ നടപടികളും തിരിച്ചറിഞ്ഞിട്ടില്ല.
 രോഗകാരിയായ മൈകോബാക്ടീരിയം അൾസെറൻസ് 29 - 33 ഡിഗ്രി സെൽഷ്യസ് താപനിലയിൽ വളരുന്നു
 ഓസ്ട്രേലിയയ്ക്ക് പുറമേ, ആഫ്രിക്ക, തെക്കേ അമേരിക്ക, പടിഞ്ഞാറൻ പസഫിക് മേഖലകളിലെ വരണ്ട ഉഷ്ണമേഖല, മിതശീതോഷ്ണ കാലാവസ്ഥയുള്ള കുറഞ്ഞ 33 രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്