
ന്യൂയോർക്ക് : ക്രിസ്മസ് കാലത്ത് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ക്രിസ്മസ് ട്രീകൾ. അലങ്കാര ദീപങ്ങളും വിവിധ നിറത്തിലെ ബോളുകളും മണികളും കാൻഡി കെയ്നുകളുമൊക്കെ കൊണ്ട് അലങ്കരിച്ച ക്രിസ്മസ് ട്രീകൾ കാണാൻ ഏറെ ഭംഗിയാണ്. ലോകത്തിന്റെ എല്ലാ കോണിലും തലയെടുപ്പോടെ നിൽക്കുന്ന ക്രിസ്മസ് ട്രീകളെ കാണാം. പ്ലാസ്റ്റിക് ട്രീകളെയാണ് ചിലർ തിരഞ്ഞെടുക്കുന്നത്.
എന്നാൽ പാശ്ചാത്യ രാജ്യങ്ങളിൽ ശരിക്കുമുള്ള മരത്തെയാണ് അലങ്കരിക്കാൻ പ്രധാനമായും തിരഞ്ഞെടുക്കുന്നത്. സ്കോച്ച് പൈൻ, ഡഗ്ലസ് ഫിർ, ഫ്രേസർ ഫിർ, ബാൽസം ഫിർ, വൈറ്റ് പൈൻ എന്നിവയാണ് ക്രിസ്മസ് ട്രീയ്ക്കായി വ്യാപകമായി ഉപയോഗിക്കപ്പെടുന്നവ. 6 മുതൽ 7 അടി വരെയാണ് ഒരു സാധാരണ ക്രിസ്മസ് ട്രീയുടെ വലിപ്പം.
അതേ സമയം, ക്രിസ്മസ് ട്രീകളിലെ രാജാവായി അറിയപ്പെടുന്നത് നോർഡ്മൻ ഫിർ ആണ്. കരിങ്കടലിന്റെ തെക്കൻ, കിഴക്കൻ മേഖലകളിലും തുർക്കി, ജോർജിയ, കൊക്കേഷ്യ, റഷ്യ എന്നിവിടങ്ങളിലും കാണപ്പെടുന്ന നോർഡ്മൻ ഫിറിന് 200-279 അടി വരെയാണ് ഉയരം.