
ബ്രസീലിയ: ചെറുവിമാനം യാത്രക്കാരുമായി ടൗണിലെ വീടുകളിൽ വന്നിടിച്ച് തകർന്ന് പത്ത് മരണം. ബ്രസീലിലെ വിനോദസഞ്ചാര നഗരമായ ഗ്രമാഡോയിലാണ് സംഭവം. ചെറുവിമാനം പറക്കലിനിടെ നിലതെറ്റി ഒരു വീടിന്റെ ചിമ്മിനിയിൽ വന്നിടിച്ചു. പിന്നീട് തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് ഇടിച്ചു. ശേഷം ഒരു മൊബൈൽ ഷോപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു.വിമാനത്തിലെ യാത്രക്കാരായ പത്തുപേരും മരിച്ചു.
നിരവധിയാളുകൾ തിങ്ങിക്കൂടി താമസിക്കുന്ന ഭാഗത്താണ് അപകടമുണ്ടായത്. 12ലധികം പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. ചിലർക്ക് പുക ശ്വസിച്ചാണ് പ്രശ്‌നമുണ്ടായതെന്ന് ബ്രസീൽ സിവിൽ ഡിഫൻസ് ഏജൻസി എക്‌സിലൂടെ വ്യക്തമാക്കി. രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് സൂചന.
ലൂയിസ് ക്ളൗഡിയോ ഗലേയാസി എന്ന പ്രാദേശിക ബിസിനസുകാരനാണ് അപകട സമയത്ത് വിമാനം പറത്തിയിരുന്നത്. കുടുംബസമേതം സാവോപോളോയിലേക്ക് പോകുകയായിരുന്നു ഇയാൾ. 61 വയസുകാരനായ ഇയാൾ വിമാനത്തിലുണ്ടായിരുന്നു എന്ന് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യ മൂന്ന് പെൺമക്കൾ, കുടുംബാംഗങ്ങൾ, കമ്പനിയിലെ ഒരു ജീവനക്കാരൻ എന്നിവരാണ് മരിച്ചത്.
റിയോ ഗ്രാൻഡെ ഡോ സൂളിലെ കനേല വിമാനത്താവളത്തിൽ നിന്നാണ് ചെറിയ പൈപ്പർ വിമാനം യാത്ര പുറപ്പെട്ടത്. പത്ത് കിലോമീറ്റർ മാത്രം സഞ്ചരിച്ച് ഗ്രമാഡോയിൽ തകർന്നുവീണു. സെറ ഗൗച്ച മലനിരകളുടെ ഇടയിൽ തണുത്ത കാലാവസ്ഥയുള്ള ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ഗ്രമാഡോ. ക്രിസ്‌തുമസ് കാലത്ത് നിരവധി സഞ്ചാരികൾ എത്തുന്നയിടമാണ് ഇവിടം.