weapons-

ലക്‌നൗ: പൊലീസുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഖാലിസ്ഥാൻ ഭീകരർ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ ഉത്തർപ്രദേശിലെ പിലിഭിത്ത് ജില്ലയിലായിരുന്നു സംഭവം. പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയിൽ പൊലീസ് പോസ്റ്റ് ആക്രമിച്ച കേസിലെ പ്രതികളാണ് മരിച്ച മൂന്നുപേരും.

'ഖാലിസ്ഥാൻ കമാൻഡോ ഫോഴ്‌സ്' എന്ന നിരോധിത സംഘടനയിൽപ്പെട്ട ഗുർവീന്ദർ സിംഗ്, വീരേന്ദ്ര സിംഗ്, ജസൻപ്രീത് സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. പഞ്ചാബ് പൊലീസും ഉത്തർപ്രദേശ് പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ജില്ലയിൽ പ്രതികളുണ്ടെന്ന വിവരം പിലിഭിത്ത് പൊലീസിനെ പഞ്ചാബ് പൊലീസാണ് അറിയിച്ചത്. തുടർന്ന് ഇവർ അന്വേഷണം ആരംഭിച്ചു. സംശയാസ്‌പദമായ രീതിയിൽ മൂന്നുപേർ സ്ഥലത്തുള്ളതായി ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ തെരച്ചിൽ നടത്തിയത്.

ഏറ്റുമുട്ടലിനിടെ പ്രതികൾ പൊലീസ് സംഘത്തിന് നേരെ വെടിയുതിർത്തതായി പിലിഭിത്ത് പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ഗുരുദാസ്പൂർ പൊലീസ് പോസ്റ്റിന് നേരെ ആക്രമണമുണ്ടായത്. സ്ഥലത്ത് കനത്ത പൊലീസ് കാവലുള്ളതിനാൽ മറ്റ് നാശനഷ്‌ടങ്ങളൊന്നും ഉണ്ടായിരുന്നില്ല.