
റായ്‌പൂർ: ബോളിവുഡ് താരം സണ്ണി ലിയോണിയുടെ പേരിൽ വ്യാജ അക്കൗണ്ട് ആരംഭിച്ച് പണം തട്ടിയ യുവാവ് പിടിയിൽ. വീരേന്ദ്ര ജോഷി എന്ന യുവാവാണ് അറസ്റ്റിലായത്. വിവാഹിതരായ സ്ത്രീകൾക്ക് ഛത്തീസ്ഗഢിലെ ബിജെപി സർക്കാർ ആനുകൂല്യമായി മാസം തോറും ആയിരം രൂപ അനുവദിക്കുന്ന ഒരു പദ്ധതി (മഹ്താരി വന്ദൻ യോജന) നിലവിലുണ്ട്. ഈ പണം ലഭിക്കാനാണ് യുവാവ്, സണ്ണി ലിയോണിയുടെ പേരിൽ അക്കൗണ്ട് ആരംഭിച്ചത്. ഛത്തീസ്ഗഢിലെ ബസ്തർ മേഖലയിലെ തലൂർ ഗ്രാമത്തിലാണ് സംഭവം.
പദ്ധതി പ്രകാരം സഹായം ലഭിക്കുന്നവരുടെ കൂട്ടത്തിൽ സണ്ണി ലിയോണിയുടെ പേര് കണ്ടതോടെയാണ് സംഭവം പുറത്തുവന്നത്. ഇയാൾക്കെതിരെ കൂടുതൽ അന്വേഷണം നടത്തിവരികയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനും വ്യാജ അക്കൗണ്ട് കണ്ടുകെട്ടാനും വനിതാ ശിശുവികസന വകുപ്പിനോട് ജില്ലാ കളക്ടർ ഹാരിസ് എസ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ കേസ് മാദ്ധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംഭവം ഭരണതലത്തിൽ വലിയ ചർച്ചയായി. എതിർകക്ഷിയായ കോൺഗ്രസ്, ഭരണപക്ഷത്തെ വിമർശിച്ച് രംഗത്തെത്തി. പദ്ധതിയിൽ നിന്ന് പണം കൈപ്പറ്റുന്ന 50 ശതമാനം ആളുകളും വ്യാജമാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ ദീപക് ബാജി ആരോപിച്ചു. സംഭവത്തിൽ ബിജെപിയും പ്രതികരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കോൺഗ്രസ് ഭരിച്ച സമയത്ത് സ്ത്രീകൾക്ക് ഈ സഹായം ചെയ്യാൻ കഴിയാത്തതിന്റെ വേദനയാണ് പ്രകടമാക്കുന്നതെന്നും ഉപമുഖ്യമന്ത്രി അരുൺ സാവോ പറഞ്ഞു.