rice

തിരുവനന്തപുരം: ഒരിടവേളയ്ക്കുശേഷം തമിഴ്നാട്ടിൽ നിന്നു സംസ്ഥാനത്തേക്കുള്ള റേഷനരി കടത്ത് വീണ്ടും സജീവമായി. പാലക്കാട്, കൊല്ലം, ഇടുക്കി, തിരുവനന്തപുരം ജില്ലകളിലെ തമിഴ്നാട് അതിർത്തി കടന്നാണ് റേഷനറി കൂടുതലായി എത്തുന്നത്. തമിഴ്നാട്ടിലെ റേഷൻ കടകളിൽ ഒരു രൂപയ്ക്ക് നൽകുന്ന അരി അവിടത്തെ ഇടനിലക്കാർ വഴി ശേഖരിക്കും. ഇവിടത്തെ ഇടനിലക്കാർ വാങ്ങും.

രണ്ടു രീതിയിലാണ് അരി പൊതുവിപണിയിൽ എത്തുന്നത്. റേഷനരി തമിഴ്നാട്ടിലെ താവളങ്ങളിലെത്തിച്ചു പോളിഷ് ചെയ്ത് അതിർത്തികടത്തി വിടുന്നതാണ് ആദ്യരീതി.

റേഷനരി അതിർത്തി കടത്തി കേരളത്തിലെ രഹസ്യ കേന്ദ്രങ്ങളിലെത്തിച്ച് പോളിഷ് ചെയ്ത് വേറെ ചാക്കുകളിലാക്കുന്നതാണ് രണ്ടാമത്തെ രീതി. പൊള്ളാച്ചിയിലെ മില്ലുകൾ കേന്ദ്രീകരിച്ച് റേഷൻഅരിപൊടിച്ച് കവറിലാക്കി അരിപ്പൊടിയായും എത്തിക്കുന്നുണ്ട്.

തമിഴ്നാട് കടന്നുവരുന്ന റേഷനരി പിടികൂടാൻ ഓണക്കാലത്ത് തമിഴ്നാട്, കേരള പൊലീസ് സംഘം സംയുക്തമായി അതിർത്തികളിൽ പരിശോധന നടത്തിയിരുന്നു. ടൺ കണക്കിനരിയാണ് വാളയാർ, ആര്യങ്കാവ് ചെക്കു പോസ്റ്റുകൾക്കു സമീപം പിടിച്ചിരുന്നത്.

സംയുക്ത പരിശോധന നിലച്ചതോടെയാണ് അരികടത്ത് സംഘങ്ങൾ വീണ്ടും 'പണി"തുടങ്ങിയത്.

തമിഴ്നാട്ടിൽ ഒരു റേഷൻ കാർഡുടമയ്ക്ക് 40 കിലോ വരെ അരിയാണ് ഒരു രൂപ നിരക്കിൽ മാസം തോറും നൽകുന്നത്. ഭക്ഷ്യസരുക്ഷ ലഭ്യമിട്ട് തമിഴ്നാട് സർക്കാർ നടപ്പാക്കുന്ന പദ്ധതികൊണ്ട് ലക്ഷങ്ങൾ കൊയ്യുന്നത് കരിഞ്ചന്തക്കാരാണ്. കിലോഗ്രാമിന് 15 മുതൽ 17 രൂപവരെ നൽകിയാണ് ഗുണഭോക്താക്കളിൽ നിന്നു തമിഴ്നാട്ടിലെ ഇടനിലക്കാർ വാങ്ങുന്നത്. ശരാശരി 25 രൂപയ്ക്ക് കേരളത്തിലെ മില്ലുടമയ്ക്ക് അരി കിട്ടും. പോളിഷ് ചെയ്ത് വിപണിയിലെത്തിക്കുമ്പോൾ രൂപ 40തിലേറെ.


അതിർത്തി കടക്കാൻ എഫ്.സി.ഐ രേഖ!

സംസ്ഥാനത്ത് തമിഴ്നാട്ടിലെ അരിയുമായി വരുന്ന ലോറികളെ പെട്ടെന്ന് കണ്ടെത്താനാകില്ല. ഇങ്ങനെ അരി കടത്തുന്നവരിൽ എഫ്.സി.ഐ (ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ)യുടെ ഓപ്പൺ മാർക്കറ്റ് ലേലത്തിൽ പങ്കെടുക്കുന്നവരുണ്ടാകും. അവിടെ നിന്നും ലേലത്തിൽ അരി വാങ്ങിയതിന്റെ രേഖകൾ കാണിക്കുമ്പോൾ ലോഡിലുള്ളത് ഏത് അരിയാണെന്ന് പരിശോധിക്കുന്നവർക്ക് മനസിലാകില്ല. രാജ്യത്ത് എല്ലായിടത്തും റേഷനരി ചാക്കിൽ എഫ്.സി.ഐ മുദ്ര‌യാണുള്ളത്.