
ന്യൂഡൽഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരത്തിന് ഒളിമ്പിക് ഇരട്ട മെഡൽ ജേതാവ് മനു ഭാക്കറിനെ പരിഗണിച്ചില്ലെന്ന് ആരോപണം. 12 അംഗങ്ങളടങ്ങിയ സെലക്ഷൻ കമ്മിറ്റി അവാർഡിനായി ശുപാർശ ചെയ്ത പട്ടികയിൽ മനു ഭാക്കർ ഇല്ലെന്നാണ് റിപ്പോർട്ട്.
വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് വി രാമസുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ളതാണ് സെലക്ഷൻ കമ്മിറ്റി. ഇന്ത്യയുടെ ഹോക്കി ടീം നായകൻ ഹർമൻപ്രീത് സിംഗും പാരാ ഹെെജംപ് താരം പ്രവീൺ കുമാറും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. പാരീസ് ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീം വെങ്കല മെഡൽ നേടുന്നത് ഹർമൻപ്രീത് സിംഗിന്റെ നേതൃത്വത്തിലായിരുന്നു. പാരീസിൽ നടന്ന പാരാലിമ്പിക്സിൽ ഹെെജമ്പിൽ സ്വർണം നേടിയ താരമാണ് പ്രവീൺ കുമാർ.
പാരീസ് ഒളിമ്പിക്സിൽ ഇരട്ട മെഡൽ നേടിയ മനുഭാക്കർ അവാർഡിനായി അപേക്ഷിച്ചിട്ടില്ലെന്നാണ് കായികമന്ത്രാലയം പറയുന്നത്. എന്നാൽ അപേക്ഷ അയച്ചിട്ടുണ്ടെന്നാണ് മനുവിന്റെ കുടുബവും അടുത്ത വൃത്തങ്ങളും പറയുന്നത്. ശുപാർശയിൽ കേന്ദ്രമായിരിക്കും അന്തിമ തീരുമാനം എടുക്കുക. മനു അവാർഡിന് അപേക്ഷ അയച്ചില്ലെങ്കിൽ പോലും ഇരട്ട മെഡൽ നേടിയ താരത്തെ പരിഗണിക്കേണ്ടതായിരുന്നുവെന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട്. കായിക രംഗത്തെ മികച്ച പ്രകടനത്തിന് 2020ൽ മനുവിന് അർജുന അവാർഡ് ലഭിച്ചിരുന്നു.
കഴിഞ്ഞ പാരിസ് ഒളിമ്പിക്സിൽ ഷൂട്ടിംഗിൽ രണ്ട് വെങ്കല മെഡലുകൾ മനു ഭാക്കർ നേടിയിരുന്നു. 10 മീറ്റർ വിമൻസ് എയർ പിസ്റ്റലിലും 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് വിഭാഗത്തിലുമായിരുന്നു മെഡൽ നേട്ടം. ഒളിമ്പിക്സ് ഷൂട്ടിംഗിൽ മെഡൽ നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരവും ആദ്യത്തെ വനിത താരവുമാണ് മനു.
പാരീസ് ഒളിമ്പിക്സിന് പിന്നാലെ ഖേൽരത്നയെ കുറിച്ച് മനു ഭാക്കർ സോഷ്യൽ മീഡിയയിൽ നടത്തിയ പരാമർശത്തിന് വലിയ രീതിയിൽ താരം വിമർശനം നേരിട്ടിരുന്നു. 'ഞാൻ മേജർ ധ്യാൻചന്ദ് ഖേൽ രത്ന പുരസ്കാരത്തിന് അർഹയാണോ? നന്ദി'- എന്നായിരുന്നു മനു എക്സിൽ കുറിച്ചത്. ഇത് വലിയ വിമർശനം ആയതിന് പിന്നാലെ താരം പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു.