
എത്രതന്നെ വൃത്തിയായി സൂക്ഷിച്ചാലും അഴുക്ക് പറ്റുന്ന ഭാഗമാണ് വീട്ടിലെ ചുവരുകൾ. പ്രത്യേകിച്ച് കൊച്ചു കുട്ടികളുള്ള വീടാണെങ്കിൽ ഉറപ്പായും ചുവരുകൾ വൃത്തികേടാകാനുള്ള സാദ്ധ്യത കൂടുതലാണ്. ഇതിന് പരിഹാരമായി പലരും വീണ്ടും പെയിന്റടിക്കാറുണ്ട്. ഇങ്ങനെ ചെയ്യുന്നത് സാമ്പത്തികമായി വളരെയധികം നഷ്ടമുണ്ടാക്കും. മാത്രമല്ല, വീണ്ടും അഴുക്ക് പറ്റാനുള്ള സാദ്ധ്യതയുമുണ്ട്. ഈ പ്രശ്നങ്ങളെല്ലാം നിങ്ങളുടെ വീട്ടിലും ഉണ്ടാവുന്നുണ്ടോ? ഇതിനെല്ലാം മിനിട്ടുകൾക്കുള്ളിൽ പരിഹാരം കാണാം. പെയിന്റടിച്ച് പണം കളയാതെ വീടെങ്ങനെ വൃത്തിയാക്കാമെന്ന് നോക്കാം.
1. കുട്ടികൾ പെൻസിലോ പേനയോ ഉപയോഗിച്ചാകും ചുവരിൽ വരയ്ക്കുക. ഇത് മായ്ക്കാനായി ഇറൈസർ ഉപയോഗിക്കാവുന്നതാണ്. പത്ത് രൂപ പോലും ചെലവാകാതെ നമുക്ക് അഴുക്കുകൾ മായ്ക്കാം.
2. ടൂത്ത് ബ്രഷിൽ അൽപ്പം പേസ്റ്റ് എടുത്ത് ചുവരിൽ അഴുക്കുള്ള സ്ഥലങ്ങളിൽ നന്നായി അമർത്തി പുരട്ടുക. അൽപ്പ സമയത്തിനുള്ളിൽ തന്നെ ചുവരിലെ അഴുക്ക് പൂർണമായും മായുന്നത് കാണാം. ശേഷം ഒരു തുണി ഉപയോഗിച്ച് ചുവരിൽ പറ്റിയിരിക്കുന്ന പേസ്റ്റ് തുടച്ച് മാറ്റാവുന്നതാണ്.
3. ഒരു ടീസ്പൂൺ പാത്രം കഴുകുന്ന ജെല്ലും അൽപ്പം ടൂത്ത് പേസ്റ്റും അര ഗ്ലാസ് വെള്ളവും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം പാത്രം കഴുകാൻ ഉപയോഗിക്കുന്ന സ്പോഞ്ച് സ്ക്രബർ ഈ മിശ്രിതത്തിൽ മുക്കി അഴുക്കുള്ള ഭാഗങ്ങൾ തുടച്ചെടുക്കുക. പേസ്റ്റിന്റെ അളവ് കൂടിപ്പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇങ്ങനെ സംഭവിച്ചാൽ പെയിന്റ് ഇളകാൻ സാദ്ധ്യതയുണ്ട്.