
ഇന്ത്യൻ സിനിമയിൽ ഇതുവരെ വന്നിട്ടില്ലാത്ത അത്രയും ക്രൂരദൃശ്യങ്ങളുമായാണ് ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എത്തിയിട്ടുള്ളത്. സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ള മാർക്കോ കാണുന്നതിൽ നിന്ന് പല തിയേറ്ററുകളിലും കുട്ടികൾക്ക് വിലക്കുണ്ട്. മുതിർന്നവർ പോലും പല ദൃശ്യങ്ങളും എത്തുമ്പോൾ കണ്ണുപൊത്തുകയാണ്. നായകനെ വെല്ലുന്ന വില്ലന്മാർ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
മാർക്കോയുടെ വിവിധ റിവ്യൂകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. എന്നാൽ അതിൽ ശ്രദ്ധേയമായ ഒന്ന് സൂരജ് കുമാർ എന്ന യൂട്യൂബറുടേതാണ്. ഹിന്ദിയിലാണ് റിവ്യു. ഇതിൽ ഈ യുവാവ് പറയുന്നത് മാർക്കോയിലെ ഒരു രംഗം കണ്ട് അടുത്തിരുന്ന സ്ത്രീ തന്റെ ദേഹത്തേക്ക് ഛർദ്ദിച്ചു എന്നാണ്. വയലൻസ് രംഗങ്ങൾ കാണാൻ ത്രാണിയില്ലാത്ത പ്രേക്ഷകൻ മാർക്കോ കാണാൻ പോകരുത് എന്ന മുന്നറിയിപ്പും ഇയാൾ നൽകുന്നു.
യുവാവിന്റെ വാക്കുകൾ-
''ഇന്നലെ രാത്രി ഞാൻ ഒരു സിനിമ കണ്ടു. മലയാള ചിത്രം മാർക്കോ. അവിടെ ഒരു സംഭവം നടന്നു. ആ സംഭവം തിയേറ്ററുകളിൽ ഇനിയും പലതവണ ആവർത്തിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. എന്താണ് കാര്യമെന്ന് പറയാം. സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയ പൂർണമായ ആക്ഷൻ ചിത്രമാണ് മാർക്കോ. ഇന്ത്യയിൽ വയലൻസ് നിറഞ്ഞ ധാരാളം ചിത്രങ്ങൾ ഇറങ്ങിയിട്ടുണ്ട്. കിൽ, അനിമൽ എന്നിവയെല്ലാം ഉദാരഹണങ്ങളാണ്.
സിനിമയുടെ സെക്കന്റ് ഫാഹ് എത്തിയപ്പോൾ എന്റെ സകലബോധവും ഉണർന്നു. മാർക്കോ അനിമലിനെയും കില്ലിനേയും വെല്ലുന്ന സിനിമയാണെന്ന് മനസിലായി. ഒരു പക്ഷേ ഇനി പറയാൻ പോകുന്നത് നിങ്ങൾക്ക് വിശ്വാസമായെന്ന് വരില്ല. രണ്ടാം പകുതിയിലെ ഒരു സീനാണ് സന്ദർഭം. അതുകണ്ടതും അടുത്തിരുന്ന ഒരു സ്ത്രീ എന്റെ ദേഹത്തേക്ക് ഛർദ്ദിച്ചു. അത്രയ‌്ക്ക് ക്രൂരമായിരുന്നു ആ സീൻ. വയലൻസ് രംഗങ്ങൾ കാണാൻ ത്രാണിയില്ലാത്ത ആളാണ് നിങ്ങൾ എങ്കിൽ മാർക്കോ കാണാൻ പോകരുത്. നമ്മുടെചിന്തകൾക്കും അതീതമാണ് മാർക്കോയിലെ വയലൻസ്. ''
ഷെരീഫ് മുഹമ്മദിന്റെ തിരക്കഥയിൽ ഹനീഫ് അദേനിയാണ് ചിത്രം സംവിധാനം ചെയ‌്തിരിക്കുന്നത്. സിദ്ദിഖ്, ജഗദീഷ്, അഭിമന്യു ഷമ്മി തിലകൻ, കബീർ ദുഹാൻ സിംഗ് എന്നിവരാണ് മറ്റു താരങ്ങൾ.