
''നോക്കുമ്പോൾ ഒരു തലയും, നിൽക്കുമ്പോൾ രണ്ടു തലയും, നടക്കുമ്പോൾ മൂന്നു തലയും, ഓടുമ്പോൾ നാലു തലയും, പറക്കുമ്പോൾ പല തലകളുമുള്ള ഒരു പക്ഷിയെപ്പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ? ഇരിക്കുമ്പോൾ ഓടണം, ഓടുമ്പോൾ കിടക്കണം, കിടക്കുമ്പോൾ പറക്കണം! ഒരു 'ക്ലൂ" വേണമെന്നാണോ? മൂന്നക്ഷരങ്ങളും ഒരു ചില്ലും ചേർന്നാൽ, ആ പക്ഷി ചേക്കേറിയ കൂടായി! വല്ലപിടിയും കിട്ടിയോ? എവിടെ കിട്ടാനാ അല്ലേ, നല്ല കാര്യങ്ങളിൽ നിന്നുപോലും ആ പക്ഷി നമ്മളെ വഴി തെറ്റിച്ചു വിടും! ഇപ്പോഴെങ്കിലും നിങ്ങൾ അതിന്റെ ഒരു തലയെങ്കിലും കണ്ടോ? പല തലകൾ കാണേണ്ട!"" പ്രഭാഷകൻ, സദസ്യരുടെ ജിജ്ഞാസയെ വരിഞ്ഞു മുറുക്കിയപ്പോൾ, പലമുഖങ്ങളിലും അപൂർവ ഭാവമാറ്റം സംജാതമായി. സദസിലെ പിരിമുറുക്കം മയപ്പെടുത്താനെന്നപോലെ, പ്രഭാഷകൻ, സദസ്യരെയാകെ വാത്സല്യപൂർവം നോക്കി, ചെറുപുഞ്ചിരിയോടെ ഇപ്രകാരം തുടർന്നു:
''ഞാനെന്തായാലും, ആ പക്ഷി ചേക്കേറിയ കൂട് നിങ്ങൾക്കു കാണിച്ചുതരാം! ഞാൻ എന്താണ് പറഞ്ഞത്, മൂന്നക്ഷരവും ഒരു ചില്ലും അല്ലേ? 'ചില്ല് " എന്നു പറഞ്ഞാൽ എത്ര പേർക്കു മനസിലാകും? കുട്ടികളെ അക്ഷരങ്ങൾ പഠിപ്പിക്കാതെ, വെറും വാചക കസർത്തുകളിലൂടെ, തള്ളിവിടുന്ന പാഠ്യപദ്ധതി നിലനിൽക്കുന്ന ഒരു നാട്ടിൽ എന്തു ചില്ല്, എന്തു വ്യഞ്ജനം എന്നാകുമല്ലോ കുറച്ചുപേരെങ്കിലും ചിന്തിക്കുന്നത്! നിങ്ങൾ ആ മൂന്നക്ഷരങ്ങളെ കേൾക്കാൻ കാതോർത്തിട്ട് നേരം കുറച്ചായല്ലോ, അത് 'മനുഷ്യൻ" എന്നതു തന്നെ! ഇപ്പോൾ, മനുഷ്യനിലെ മൂന്നക്ഷരങ്ങളും, ചില്ലും കണ്ടല്ലോ! അപ്പോൾ മനുഷ്യനിൽ കൂടുവച്ചിരിക്കുന്ന 'മനസ്" എന്ന പക്ഷിയെ നിങ്ങൾ കണ്ടിട്ടും കേട്ടിട്ടുമില്ലേ? ഒരു ശാസ്ത്ര ഗ്രന്ഥവും ഇന്നോളം കണ്ടില്ല മനമെന്ന പ്രതിഭാസം സൂക്ഷ്മമായി! മനുഷ്യനെ, നല്ലവനാക്കുന്നതും, നശിപ്പിക്കുന്നതും അവന്റെ മനസു തന്നെയാണ്! ഓരോ നിമിഷാർദ്ധത്തിലും, പല തലകളുള്ള പക്ഷിയെ പോലെ പാറിപ്പറന്നുകളയും! നന്നായി ചിന്തിച്ചു തീരുമാനിക്കാൻ ഒരു തല മതി, ഒരുപാടു തലകളുടെ പിന്നാലെ പോകുന്ന മനസെന്ന പക്ഷിയുടെ ചിറകുകൾ നന്നായി കത്രിച്ചു നിറുത്തി മുന്നേറിയാൽ ലക്ഷ്യപ്രാപ്തി ഫലം! അല്ലെങ്കിൽ വഴിയാധാരം ഫലം!
ഒരു സാഹസ യാത്രയ്ക്ക് പോയ മൂന്നു സുഹൃത്തുക്കൾക്ക് വിജനപ്രദേശത്ത് തങ്ങേണ്ടിവന്നു. അവിടേക്ക്, വന്യമൃഗങ്ങൾ വരാനിടയുണ്ടെന്ന അറിവുള്ളതിനാൽ, രക്ഷപ്പെടുന്നതിനെപ്പറ്റി അവർ പദ്ധതിയിട്ടു. ഒന്നാമൻ പറഞ്ഞു, ഞാനീ അടുത്തു നിൽക്കുന്ന മരത്തിൽ കയറി രക്ഷപ്പെടും. എന്നാൽ, മറ്റു രണ്ടുപേർ പറഞ്ഞത്, ഇവിടെ, അഞ്ചാറുമരങ്ങളുണ്ടല്ലോ, അതിൽ ഏതിലെങ്കിലും കയറി രക്ഷപ്പെടാം. അപ്രകാരം അവർ ആലോചിച്ചിരിക്കവെ, പെട്ടെന്ന് ഒരു കടുവ അവിടെ ചാടി വന്നു. ആദ്യത്തെ ആൾ, പറഞ്ഞതുപോലെ അടുത്തുള്ള മരത്തിൽ കയറി. എന്നാൽ, മറ്റു രണ്ടുപേരിൽ മനസിലെ പല തലകൾ ഉണർന്നു. അവർക്ക് ഏതു മരത്തിൽ കയറണമെന്നതിൽ ആശയക്കുഴപ്പമായി. അവർ ഒന്നിലും കയറിയില്ല. അപ്പോൾ, കടുവ എന്തുചെയ്തു കാണുമെന്നു പറയണ്ടല്ലോ! ഇപ്പോൾ നേരിൽ കണ്ടോ നിങ്ങൾ നമ്മുടെ വിചിത്ര പക്ഷിയെ!"" ഇപ്രകാരം പ്രഭാഷകൻ അവസാനിപ്പിക്കുമ്പോൾ, സദസ്യരിൽ മിക്കവരും പടിവാതിൽക്കലെത്തിയ പുതുവർഷ പ്രതീക്ഷയിൽ തങ്ങളുടെ ഉള്ളിലെമെരുങ്ങാത്ത പക്ഷിയെ, വരാൻ പോകുന്ന വർഷങ്ങളിലേക്ക് മെരുക്കിയെടുക്കുന്ന ചിന്തയിലായിരുന്നു!