
പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ നിന്നുള്ള ഒരു പെൺകുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. പാകിസ്ഥാൻ വ്ളോഗറും ഡോക്ടറുമായ സീഷാൻ ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ജീവിതത്തിൽ ഒരുതവണ പോലും സ്കൂളിൽ പോയിട്ടില്ലെങ്കിലും പെൺകുട്ടി പച്ചവെള്ളംപോലെ ഇംഗ്ലീഷ് സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്.
ഷുമൈല എന്നാണ് പെൺകുട്ടിയുടെ പേര്. അവൾ പീനട്ടും, സൺഫ്ളവർ സീഡും ലഘുപലഹാരങ്ങളുമൊക്കെയാണ് വിൽക്കുന്നത്. ഈ കുഞ്ഞുപ്രായത്തിൽ തന്നെ ആറോളം ഭാഷകളിൽ പ്രാവീണ്യം നേടി. പതിനാല് ഭാഷകൾ സംസാരിക്കാനറിയാവുന്ന പിതാവിൽ നിന്നാണ് താൻ ഇതൊക്കെ പഠിച്ചതെന്ന് പെൺകുട്ടി പറയുന്നു.
'ഞാൻ സ്കൂളിൽ പോയിട്ടില്ല. വീട്ടിൽ നിന്ന് പിതാവാണ് എല്ലാം പഠിപ്പിച്ചത്' - പെൺകുട്ടി പറഞ്ഞു. സീഷാൻ പെൺകുട്ടിയോട് സ്വയം പരിചയപ്പെടുത്താൻ പറയുന്നതാണ് ഒരു വീഡിയോയിലുള്ളത്. ഇംഗ്ലീഷിൽ വളരെ അനായാസമായി തന്നെ പരിചയപ്പെടുത്തുകയും, താൻ എന്തൊക്കെയാണ് വിൽക്കുന്നതെന്ന് പറയുകയും ചെയ്തു.
മറ്റൊരു വീഡിയോയിൽ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചാണ് കൊച്ചുകുട്ടി വാചാലയാകുന്നത്. തനിക്ക് അഞ്ച് അമ്മമാരും മുപ്പത് സഹോദരങ്ങളുമുണ്ടെന്ന് പെൺകുട്ടി പറയുന്നു. വീഡിയോ കണ്ട കാഴ്ചക്കാർ അക്ഷരാർത്ഥത്തിൽ വിസ്മയിച്ചിരിക്കുകയാണ്.
വളരെപ്പെട്ടെന്ന് തന്നെ വീഡിയോ വൈറലായി. പെൺകുട്ടിയുടെ ഭാഷാ പ്രാവീണ്യത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്. അവൾ പ്രചോദനമാണെന്നും പല പ്രമുഖ സ്കൂളുകളിൽ പഠിച്ചവരേക്കാൾ നന്നായിട്ടാണ് പെൺകുട്ടി ഇംഗ്ലീഷ് സംസാരിക്കുന്നതെന്നൊക്കെയാണ് കമന്റുകൾ വരുന്നത്.