egg

പ്രോട്ടീനും മറ്റ് പോഷകങ്ങളും നമുക്ക് നൽകുന്ന ഭക്ഷണമാണ് മുട്ട. വാങ്ങാനും വളരെ ചെലവ് കുറവാണ്. കൂടാതെ എളുപ്പത്തിൽ ഇവ പാകം ചെയ്യാനും കഴിയുന്നു. മുട്ടയുടെ തോടിൽ വരെ ഗുണങ്ങൾ ഉണ്ട്. മീനോ ഇറച്ചിയോ ഇല്ലാത്ത ദിവസങ്ങളിൽ മുട്ട വിഭവങ്ങളിൽ ആശ്വാസം കാണുന്നവരാണ് മലയാളികൾ. അതിനാൽ തന്നെ എല്ലാവരുടെയും വീട്ടിൽ ഇത് വാങ്ങി സൂക്ഷിക്കാറുണ്ട്.

പക്ഷേ ഒരുപാട് നാൾ മുട്ട സൂക്ഷിക്കാൻ കഴിയില്ല. അവ ചീഞ്ഞ് പോകുന്നു. ഇങ്ങനെ ചീഞ്ഞ മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് ദോഷമാണ്. ഒരാഴ്ച വരെ പുറത്ത് മുട്ടകൾ കേടാകാതെ വയ്ക്കാം. ഫ്രീഡ്ജിലാണെങ്കിൽ ദീർഘനാൾ മുട്ട കേടാവാതെ ഇരിക്കും. മുട്ടയിലെ പല പോഷകങ്ങളുടെയും ആരോഗ്യ ഗുണങ്ങൾ ദിവസം ചെല്ലുംതോറും കുറഞ്ഞ് വരും. ഇത് രോഗാണുക്കൾ വ്യാപിക്കുന്നതിന് കാരണമാകും. ഇത്തരത്തിൽ ചീഞ്ഞ മുട്ടകൾ കഴിച്ചാൽ ഭക്ഷ്യവിഷാബാധ വരെ വരാം.

അതിനാൽ ചീഞ്ഞ മുട്ട തിരിച്ചറിഞ്ഞ് അവ ഒഴിവാക്കേണ്ടതാണ്. എങ്ങനെ ചീഞ്ഞ മുട്ടകളെ കണ്ടെത്താമെന്ന് നോക്കിയാലോ? ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിൽ മുട്ട ഇട്ടുനോക്കുക. മുട്ട മുങ്ങിപ്പോവുന്നതായി കാണുകയാണെങ്കിൽ അത് നല്ലതാണ്. എന്നാൽ പാത്രത്തിന്റെ ഉപരിതലത്തിൽ കുറച്ച് മുകളിലായി പൊങ്ങിക്കിടന്നാൽ മുട്ട പഴകിത്തുടങ്ങിയെന്നാണ് അർത്ഥം. മുട്ട പൂർണമായി വെള്ളത്തിന് മുകളിൽ ആണ് പൊങ്ങിക്കിടക്കുന്നതെങ്കിൽ അത് ചീഞ്ഞതാണെന്ന് ഉറപ്പ്. മുട്ട പൊട്ടിച്ച് നോക്കുമ്പോൾ ചുവന്ന പൊട്ടുകളോ നിറവ്യത്യാസമോ കാണുകയാണെങ്കിൽ അവ ചീഞ്ഞതാണ്. മുട്ടയിൽ കെമിക്കൽ റിയാക്ഷൻ ഉണ്ടാവുമ്പോഴാണ് നിറവ്യത്യാസം ഉണ്ടാവുന്നത്.